
ദോഹ: ജാബര്‍ ബിന്‍മുഹമ്മദ്, അല്‍ദസ്തൂര്‍ സ്ട്രീറ്റുകളില്‍ നവംബര്‍ ഒന്നു മുതല്‍ ഭാഗിക ഗതാഗത നിയന്ത്രണം. ഒരു ദിശയിലേക്കുള്ള ഗതാഗതം അഞ്ചുമാസത്തേക്ക് അടക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ അറിയിച്ചു. ജാബിര്‍ ബിന്‍ മുഹമ്മദ് സ്ട്രീറ്റില്‍ ദാര്‍അല്‍ഖുത്തുബ് ഇന്റര്‍സെക്ഷനില്‍നിന്നും(താല്‍ക്കാലിക റൗണ്ട്എബൗട്ട്) ജാബിര്‍ ബിന്‍ മുഹമ്മദ് സ്ട്രീറ്റ്/അല്‍ദസ്തൂര്‍ സ്ട്രീറ്റിലേക്കുള്ള ഭാഗത്ത് ഏകദേശം 200 മീറ്ററാണ് അടക്കുന്നത്. അല്‍ദസ്തൂര്‍ സ്ട്രീറ്റില്‍ ജാബിര്‍ ബിന്‍ സ്ട്രീറ്റില്‍ നിന്നും അലി ബിന്‍ അമീര്‍ അല്‍അത്തിയ്യ സ്ട്രീറ്റിലേക്കുള്ള ഭാഗത്ത് 150 മീറ്ററോളവും അടക്കും. ഈ കാലയളവില്‍, റോഡ് ഉപയോക്താക്കള്‍ക്ക് അല്‍ റൂഫ ഇന്റര്‍സെക്ഷന്‍ ഉപയോഗിക്കാനാകും. അല്‍ ദസ്തൂര്‍ സ്ട്രീറ്റില്‍ എത്തി അവരുടെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരാനും കഴിയും. എ-റിംഗ് റോഡ് വികസന പദ്ധതിയുടെ ഭാഗമായി ഉപരിതല-ജല ഡ്രെയിനേജ് ശൃംഖലയും റോഡുകള്‍ നവീകരിക്കുന്ന ജോലികളും പൂര്‍ത്തീകരിക്കുന്നതിനായാണ് ഭാഗിക ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. അശ്ഗാല്‍ റോഡ് അടയാളങ്ങളും സൂചകങ്ങളും സ്ഥാപിക്കും. റോഡ് ഉപയോക്താക്കള്‍ വേഗപരിധിയും സുരക്ഷ ഉറപ്പാക്കാന്‍ റോഡ് അടയാളങ്ങള്‍ പാലിക്കണമെന്നും അശ്ഗാല്‍ അഭ്യര്‍ഥിച്ചു.