in ,

ജാര്‍ഖണ്ഡിലെ പിന്നാക്ക വിഭാഗങ്ങള്‍ മുന്നേറ്റത്തിന്റെ പാതയിലാണ്

നൗഷാദ് പേരോട്
ദോഹ

അഫ്താബ് ആലം നദ്‌വി, മുഫ്തി മുഹമ്മദ് സഈദ് ആലം

 ഔദ്യോഗിക കണക്കുകളനുസരിച്ച് ജാര്‍ഖണ്ഡിലെ മുസ്്‌ലിം ജനസംഖ്യ 18 ശതമാനത്തിലധികം വരും. ഇവിടുത്തെ മുസ്്‌ലിം ദളിത് പിന്നാക്ക ജനവിഭാഗങ്ങളുടെ ജീവത സാഹചര്യം നമ്മെ ഏവരെയും സങ്കടപ്പെടുത്തുന്നതാണ്. കഴിക്കാന്‍ നല്ല ഭക്ഷണമില്ല, കുടിക്കാന്‍  വെള്ളമില്ല, കിടക്കാന്‍ നല്ല വീടുകളില്ല, വിദ്യാഭ്യാസത്തിന് സൗകര്യങ്ങളില്ല, ജയിച്ചു പോകുന്ന എം.എല്‍.എമാരോ, എംപിമാരോ തിരിഞ്ഞു നോക്കാത്ത കുറെ പ്രദേശങ്ങള്‍.

ഇത്തരം പ്രദേശങ്ങളിലെ മുസ്്‌ലിം പിന്നാക്ക ജന വിഭാഗങ്ങളുടെ സമൂല പുരോഗതിക്കായി ആത്മാര്‍ഥ പ്രയത്‌നത്തിലാണ് ജാര്‍ഖണ്ഡ് മുസ്്‌ലിം ലീഗ്. ജാര്‍ഖണ്ഡിലെ ദന്‍ബാദ് ജില്ലയിലെ ടോപ്ചാഞ്ചിയില്‍ പ്രവര്‍ത്തിക്കുന്ന ജാമിഅ ഉമ്മുസലമ എന്ന പഠന കേന്ദ്രത്തിന്റെ പ്രചരണാര്‍ഥം ഖത്തറിലെത്തിയ സംസ്ഥാന മുസ്‌ലിം ലീഗ് ഉപാധ്യക്ഷന്‍ അഫ്താബ് ആലം നദ്‌വിയും ഗ്രീദി ജില്ലാ പ്രസിഡണ്ട് മുഫ്തി മുഹമ്മദ് സഈദ് ആലമും ജാര്‍ഖണ്ഡിലെ സ്ഥിതിഗതികള്‍ ഖത്തര്‍ ചന്ദ്രികയോട് വിശദീകരിക്കുന്നു. സംസ്ഥാനത്തെ 24 ജില്ലകളില്‍ 22 എണ്ണത്തില്‍ മുസ്്‌ലിം ലീഗിന്റെ ജില്ലാ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം നടക്കുന്നത് ഗ്രീദി ജില്ലയിലാണെന്നും അഫ്താബ് ആലം പറഞ്ഞു.

ജാര്‍ഖണ്ഡ് മുസ്്‌ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും ഊര്‍ജം നല്‍കുന്നത് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപിയുടെ സഹായങ്ങളും പിന്തുണയുമാണ്.  ഹൈദരലി ശിഹാബ് തങ്ങളും, പികെ കുഞ്ഞാലിക്കുട്ടിയും, അബ്ദുല്‍ വഹാബ് എംപിയുമെല്ലാം വലിയ രീതിയിലുള്ള രാഷ്ട്രീയ പിന്തുണയും സഹായങ്ങളും നല്‍കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. അഞ്ച് മാസം കഴിഞ്ഞ് നടക്കാനിരിക്കുന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സംഖ്യത്തിലേര്‍പ്പെട്ട് നാല് സീറ്റുകളില്‍ മുസ്്‌ലിം ലീഗ് മത്സരിക്കാനിരിക്കുകയാണ്. ഇതിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

പാര്‍ട്ടിക്ക് ഏറ്റവും വിജയ സാധ്യതയുള്ള ഗാണ്ഡെ നിയമസഭാ സീറ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തമാണെന്നും ഏവരുടെയും പിന്തുണയും സഹായവും വേണമെന്നും നദ്‌വി ആവശ്യപ്പെട്ടു. ഖത്തര്‍ കെഎംസിസിയുള്‍പ്പെടെ വിവിധ കമ്മിറ്റി പ്രതിനിധികള്‍ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ശുദ്ധജല വിതരണത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിക്കുന്നതിനും സഹായങ്ങള്‍ നല്‍കുന്നു. 100 ബൈത്തു റഹ്്മയുടെ പ്രവര്‍ത്തനങ്ങള്‍ ഇതിനകം പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. നിരവധി വീടുകളുടെ പ്രവര്‍ത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. വിവിധ സഹായങ്ങള്‍ ജാതി മത ഭേദമന്യേയാണ് മുസ്്‌ലിം ലീഗും പോഷക സംഘടനകളും വതിരണം ചെയ്യുന്നത്.

ഇതിനാല്‍ തന്നെ എല്ലാ സമൂഹങ്ങള്‍ക്കിടയിലും പാര്‍ട്ടിയോട് വലിയ വിശ്വാസം സൃഷ്ടിക്കപ്പെട്ടുവരുന്നുണ്ടെന്നും മനുഷ്യത്വത്തിനും വികസനത്തിനും വേണ്ടിയുള്ള പ്രസ്ഥാനമാണ് ലീഗെന്ന് ജനങ്ങള്‍ പറഞ്ഞു തുടങ്ങിയിട്ടുണ്ടെന്നും നദ്‌വി വിശദീകരിച്ചു. 14 വര്‍ഷത്തെ കര്‍മ്മ പദ്ധതി തയ്യാറാക്കിയാണ് മുസ്്‌ലിം ലീഗ് ജാര്‍ഖണ്ഡില്‍ പ്രവര്‍ത്തിക്കുന്നത്. ദൈവാനുഗ്രമുണ്ടെങ്കില്‍ ഈ കാല പരിധിക്കുള്ളില്‍ സംസ്ഥാനത്തെ മുസ്്‌ലിംകളുടെ പിന്നാക്കാവസ്ഥക്ക് പരിഹാരമുണ്ടാക്കാനും രാഷ്ട്രീയമായി മികച്ച മുന്നേറ്റമുണ്ടാക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ സംസ്ഥാന കമ്മിറ്റിക്ക് സ്വന്തമായി ഓഫീസ് കെട്ടിടമില്ലാത്ത അവസ്ഥയുണ്ട്. ഗാണ്ഡെയിലെ പണി പൂര്‍ത്തിയാവാത്ത ഗ്രീദി ജില്ലാ കമ്മിറ്റി  ഓഫീസ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പാര്‍ട്ടി വളര്‍ത്തുന്നതിന് ഹിന്ദിയില്‍ ചന്ദ്രികക്ക് സമാനമായ പേരില്‍ ഒരു പത്രവും  ഓണ്‍ലൈന്‍ എഡിഷനും തുടങ്ങാന്‍ തങ്ങള്‍ക്ക് ആലോചനയുണ്ട്്.

കേരളത്തെ റോള്‍ മോഡലാക്കിയാണ് തങ്ങളുടെ  ഒരോ പ്രവര്‍ത്തനങ്ങളും നടക്കുന്നത്.  ഘട്ടം ഘട്ടമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രവര്‍ത്തനം ശക്തിപ്പെടുത്താനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നും കേരള ഘടകത്തിന്റെ പിന്തുണയുണ്ടെങ്കിലേ ഇതു പൂര്‍ണ തോതില്‍ സാധ്യമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. എട്ടോളം പഞ്ചായത്ത് കൗണ്‍സിലര്‍മാരെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാനും മൂന്ന് പഞ്ചായത്ത് അധിപന്‍മാരെ(പ്രസിഡണ്ടിന് സമാനമായ പദവി) ജയിപ്പിക്കാനും മുസ്്‌ലിം ലീഗിന് കഴിഞ്ഞിട്ടുണ്ടെന്നും നദ്‌വി വ്യക്തമാക്കി.

ജാമിഅ ഉമ്മുസലമ; അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സാന്ത്വന കേന്ദ്രം

ജാമിഅ ഉമ്മുസലമ


ദോഹ: ജാമിഅ ഉമ്മുസലമയുടെ പ്രചരണാര്‍ഥമാണ് ജാര്‍ഖണ്ഡ് മുസ്ലിം ലീഗ് ഉപാധ്യക്ഷന്‍ അഫ്താബ് ആലം നദ്‌വിയും ഗ്രീദി ജില്ലാ പ്രിസഡണ്ട് മുഫ്തി മുഹമ്മദ് സഈദ് ആലമും ഖത്തറിലെത്തിയത്. പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യത്തോടെ മത-ഭൗതിക വിദ്യാഭ്യാസത്തിന് അവസരം നല്‍കുന്ന ഈ സ്ഥാപനം 1996മുതലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 700 പെണ്‍ കുട്ടികള്‍ ഹോസ്റ്റലില്‍ താമസിച്ചും 150 കുട്ടികള്‍ അല്ലാതെയും ഇവിടെ പഠനം നടത്തുന്നു.

ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകൡലേക്കുള്ള  പഠന കേന്ദ്രത്തില്‍ യത്തീമുകളും പാവപ്പെട്ടവരുമാണ് കൂടുതലായും പഠിക്കുന്നത്. ഒരു വര്‍ഷം ഒരു കോടി രൂപ ചെലവ് ആവശ്യമുള്ള സ്ഥാപനത്തിന് 20 ലക്ഷം രൂപ കുട്ടികളില്‍ നിന്നും മറ്റും ഫീസായി ലഭിക്കും. ബാക്കി ഉദാരമതികളുടെ സഹായത്തിലാണ് മുന്നോട്ട് പോകുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബലിപെരുന്നാള്‍ ദിനത്തോടനുബന്ധിച്ച് നടക്കുന്ന ബലിയറുക്കല്‍ നിരോധിക്കപ്പെട്ടതോടെ സ്ഥാപനം വലിയ പ്രതിസന്ധിയിലാണ് മുന്നോട്ട് പോകുന്നതെന്ന് നദ്‌വി പറയുന്നു.

ജാമിഅ ഉമ്മുസലമ

ബിലി മൃഗങ്ങളുടെ തോലിലൂടെയും മറ്റുമൊക്കെ ലഭിച്ചുരുന്ന ആദായം നിലച്ചതും  പ്രദേശത്തെ വ്യാപാരികള്‍ക്കുണ്ടായ തകര്‍ച്ചയുമെല്ലാം സ്ഥാപനത്തെ ബാധിച്ചതായും അദ്ദേഹം പറഞ്ഞു. ജാര്‍ഖണ്ഡലെ മുസിലം പിന്നാക്ക പ്രദേശങ്ങളിലെ സര്‍ക്കാര്‍ പ്രാഥമിക സ്‌കൂളില്‍ ഇരുന്നൂറും മൂന്നൂറും കുട്ടികളാണ് പഠിക്കുന്നത്. ഇവരെ പഠിപ്പിക്കാന്‍ ഒരു അധ്യാപകനും. കുട്ടികള്‍ ആരും പഠിക്കാനല്ല സ്‌കൂളില്‍ പോകുന്നത്. അതിനുള്ള അവസരം സ്‌കൂളില്‍ ലഭിക്കാറില്ല.

ഉച്ചക്ക് ലഭിക്കുന്ന കിച്ചടിയില്‍ ഒരു നേരത്തെ വിശപ്പടക്കാമല്ലോ എന്ന മോഹമാണ് കുട്ടികളെ സ്‌കൂളിലെത്തിക്കുന്നതെന്നും ഈ പ്രശ്‌നങ്ങളെല്ലാം ഉന്നയിച്ച് നിരന്തരം അധികാരികള്‍ക്ക്് മുമ്പില്‍ പരാതി സമര്‍പ്പിച്ചിട്ടും പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടും ആരും തരിഞ്ഞു നോക്കാറില്ലെന്നും നദ്്‌വി പറഞ്ഞു. വിവരങ്ങള്‍ക്ക്: 31496768

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അടിയന്തര ജിസിസി ഉച്ചകോടി: അമീറിന് സഊദി രാജാവിന്റെ ക്ഷണം

റമദാന്‍ പ്രഭാഷണവും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു