
ദോഹ: ഗ്ലോബല്‍ പബ്ലിക് ഡിപ്ലോമസി നെറ്റ്‌വര്‍ക്കിന്റെ(ജിപിഡിനെറ്റ്) അധ്യക്ഷപദവി ഖത്തര്‍ ഔദ്യോഗികമായി സ്വീകരിച്ചു. തുര്‍ക്കിയിലെ ഇസ്താന്‍ബുളില്‍ അസ്മ സുല്‍ത്താന്‍ ഹോട്ടലില്‍ കഴിഞ്ഞ ദിവസം നടന്ന പ്രത്യേക ചടങ്ങിലായിരുന്നു ഖത്തര്‍ പദവി ഏറ്റുവാങ്ങിയത്. 2014ല്‍ ജിപിഡിനെറ്റ് സ്ഥാപിതമായശേഷം അധ്യക്ഷപദവിയിലെത്തുന്ന ആദ്യ അറബ് രാജ്യമാവുകയാണ് ഖത്തര്‍.
ജിപിഡിനെറ്റ് ജനറല്‍ അസംബ്ലി പ്രസിഡന്റ് പ്രൊഫസര്‍ സെരിഫ് അതെസും അംഗരാജ്യങ്ങളില്‍ നിന്നുള്ള ഔദ്യോഗികപ്രതിനിധിസംഘവും പങ്കെടുത്തു. കത്താറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ ഡോ.ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍സുലൈത്തിയാണ് ഖത്തര്‍ സംഘത്തെ നയിച്ചത്. ജിപിഡിനെറ്റിന്റെ അധ്യക്ഷപദവി ഏറ്റെടുക്കുന്നതില്‍ ഖത്തറിന് അഭിമാനമുണ്ടെന്ന് അല്‍സുലൈത്തി പറഞ്ഞു. ഏറെ ബഹുമാനത്തോടെയും ആദരവോടെയുമാണ് ഈ പദവി സ്വീകരിക്കുന്നത്.
വിവിധ മേഖലകളില്‍ രാജ്യന്തര ബന്ധങ്ങളില്‍ ഖത്തര്‍ കൈവരിച്ചുകൊണ്ടിരിക്കുന്ന വിജയങ്ങളിലെ മറ്റൊരു വിജയമാണ് ഈ പദവിയെന്നും അദ്ദേഹം പറഞ്ഞു. കത്താറ കള്‍ച്ചറല്‍ അഫയേഴ്‌സ് ഡയറക്ടര്‍ ദാര്‍വിഷ് എസ് അഹമ്മദ് അല്‍ ഷിബാനിയെ ജിപിഡി നെറ്റ്‌വര്‍ക്കിന്റെ ജനറല്‍ സെക്രട്ടറിയായി നാമനിര്‍ദേശം ചെയ്തു. ഫിലിപ്പൈന്‍സ്, നൈജീരിയ, സിംഗപ്പൂര്‍, തുര്‍ക്കി, പോളണ്ട്, തായ്‌വാന്‍, പോര്‍ച്ചുഗല്‍, സ്വീഡന്‍, ദക്ഷിണ കൊറിയ രാജ്യങ്ങളാണ് ജിപിഡി നെറ്റ്‌വര്‍ക്കിലുള്ളത്.