
ദോഹ: സര്‍ഗ്ഗാത്മക ലോകത്തെ ഇതിഹാസം ഖലീല്‍ ജിബ്രാന്റെ ഒടിഞ്ഞ ചിറകുകള് എന്ന കൃതിയെ ആസ്പദമാക്കി ഖത്തരി സംഗീതജ്ഞയും സംഗീത സംവിധായകയുമായ ദന അല്‍ഫര്‍ദാന്‍ ലബനീസ് ബ്രിട്ടീഷ് വെസ്റ്റ്എന്‍ഡ് താരം നാദിന്‍ സമാനുമായി ചേര്‍ന്നൊരുക്കിയ സംഗീതാവിഷ്കാരത്തിന്റെ ദൃശ്യപ്രകടനമായ ബ്രോക്കണ്‍ വിങ്സ് ദോഹയിലും.
നവംബര്‍ ഏഴു മുതല്‍ ഒന്പതുവരെ കത്താറ ഒപ്പേര ഹൗസിലാണ് പരിപാടി. കഴിഞ്ഞവര്‍ഷം ആഗസ്തില്‍ ലണ്ടനിലെ വെസ്റ്റ് എന്‍ഡിലായിരുന്നു ഷോയുടെ പ്രീമിയര്‍. ഈ ജൂലൈയില്‍ ലബനാനില്‍ രാജ്യാന്തര അരങ്ങേറ്റവും നടത്തി.
അറബ് പൈതൃകം വിശാലമായ ആഗോളവേദിയില്‍ അവതരിപ്പിക്കേണ്ടതിന്റെ അനിവാര്യതയില്‍ നിന്നാണ് ഇത്തരമൊരു ഷോ ഉരുത്തിരിഞ്ഞതെന്ന് ദന അല്‍ഫര്‍ദാന്‍ പറഞ്ഞു.
അറബ് സാഹിത്യത്തിലും തത്ത്വചിന്തയിലും സാര്‍വത്രികമായി പ്രസക്തമായ ഉള്ളടക്കത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു ആഗ്രഹിച്ചത്. കുടിയേറ്റം, ലിംഗബന്ധം, സ്വത്വം എന്നിവ ജിബ്രാന്റെ കാലഘട്ടത്തില്‍ മിക്ക സമൂഹങ്ങളെയും ഉള്‍ക്കൊള്ളുന്ന പ്രമേയങ്ങളായിരുന്നു.
ഒടിഞ്ഞ ചിറകുകള് എന്ന നോവലില്‍ പ്രതിഫലിക്കുകയും അവ ഇന്നും പ്രസക്തമായി തുടരുകയും ചെയ്യുന്നു. ഈ ആശയങ്ങള്‍ ഉള്‍ക്കൊണ്ടാണ് സംഗീതാവിഷ്കാരം ഒരുക്കിയിരിക്കുന്നത്. പതിനാല് വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള 25 അഭിനേതാക്കളും ക്രൂ അംഗങ്ങളും ലണ്ടനില്‍ നിന്നെത്തും.
നാദിന്‍ സമാനു പുറമെ ഹന്ന ഖുറേഷി, സൂഫിയ ഫറൗഗി എന്നിവരായിരിക്കും ഈ കലാവിഷ്കാരത്തിന് ചുക്കാന്‍ പിടിക്കുക.
സല്‍മ എന്ന കഥാപാത്രത്തെ ഹന്ന ഖുറേഷിയും മാതാവിന്റെ വേഷം സൂഫിയയും അവതരിപ്പിക്കും. മറ്റു അഭിനേതാക്കളെ ഉടന്‍ തീരുമാനിക്കും. ബ്രുനാഗ് ലഗാനാണ് സംവിധാനം. ജോ ഡേവിസണാണ് ഓര്‍ക്കസ്ട്ര. അലി മതാറാണ് നിര്‍മിച്ചിരിക്കുന്നത്. ദന അല്ഫര്ദാനാണ് സമാനൊപ്പം സംഗീതഷോക്ക് രചന നിര്‍വഹിച്ചിരിക്കുന്നത്.
ദന അല്ഫര്ദാനെ പോലെയുള്ള കലാപ്രതിഭകളുടെ വളര്‍ച്ചക്ക് പ്രേരകമാകാനും സംസ്കാരത്തിലൂടെ പാലങ്ങള്‍ പണിയുന്നതിനും ദോഹയിലെ പ്രഗത്ഭരായ കലാകാരന്മാരെ ലോകത്തിന് പരിചയപ്പെടുത്തുന്നതിനും കത്താറ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും ബ്രോക്കണ്‍ വിങ്സ് ദോഹയില്‍ അവതരിപ്പിക്കുന്നതിന് ദന അല്‍ഫര്‍ദാനുമായി പങ്കാളിത്തം വഹിക്കാനാകുന്നതില്‍ സന്തോഷമുണ്ടെന്നും കത്താറ മാര്‍ക്കറ്റിങ് ആന്റ് കള്‍ച്ചറല്‍ അഫയേഴ്സ് ഡയറക്ടര്‍ അഹമ്മദ് അല്ഷെയ്ബാനി പറഞ്ഞു. പരിപാടിയുടെ പ്രവേശന പാസ് വിര്‍ജിന്‍ മെഗാസ്റ്റോറുകള്‍ മുഖേന വില്‍പ്പന നടത്തും.
ഖലീല്‍ ജിബ്രാന്റെ ആത്മകഥാപരമായ കാവ്യാത്മക നോവലായ ബ്രോക്കണ്‍ വിങ്സ് 1912ലാണ് പുറത്തിറങ്ങിയത്. ഡോ. എം എം ബഷീര്‍, പ്രഫ. കെ വി തമ്പി എന്നിവര്‍ പരിഭാഷ നിര്‍വ്വഹിച്ച് ഡി സി ബുക്സും എബ്രഹാമിന്റെ പരിഭാഷയില്‍ എച്ഛ് ആന്റ് സി പ്രസാധകരും എം സാജിതയുടെ പരിഭാഷയില്‍ പൂര്‍ണ്ണയും ബ്രോക്കണ്‍ വിംഗ്സിന്റെ മലയാള പരിഭാഷ ഒടിഞ്ഞ ചിറകുകള് എന്ന പേരില്‍ പുറത്തിറക്കിയിട്ടുണ്ട്.