in , , ,

ജിസിസി ഉച്ചകോടിയില്‍ ഖത്തര്‍ പങ്കെടുത്തു

ഉച്ചകോടിയില്‍ പങ്കെടുത്ത ഗള്‍ഫ് നേതാക്കള്‍ക്കൊപ്പം പ്രധാനമന്ത്രി

ആര്‍ റിന്‍സ്
ദോഹ

സഊദി അറേബ്യയിലെ റിയാദില്‍ ഇന്നലെ നടന്ന 40-ാമത് ജിസിസി ഉച്ചകോടിയില്‍ ഖത്തര്‍ പങ്കെടുത്തു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ചുമതലപ്പെടുത്തിയതനുസരിച്ച് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയാണ് ഉച്ചകോടിയില്‍ ഖത്തര്‍ സംഘത്തെ നയിച്ചത്. ഖത്തറിനെതിരെ സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധം രണ്ടുവര്‍ഷത്തിലധികമായി തുടരുന്ന സാഹചര്യത്തില്‍ ഉച്ചകോടിയ്ക്ക് ഏറെ പ്രാധാന്യം കല്‍പ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ പ്രതിസന്ധി പരിഹാരത്തിനായുള്ള നിര്‍ദേശങ്ങളോ തീരുമാനങ്ങളോ ഒന്നും രൂപപ്പെട്ടില്ല. ഉപരോധത്തിനുശേഷമുള്ള മൂന്നാമത്തെ ജിസിസി ഉച്ചകോടിയാണ് ഇന്നലെ നടന്നത്. സഊദി രാജാവ് സല്‍മാന്‍ ബിന്‍ അബ്്ദുല്‍ അസീസ് അല്‍സഊദിന്റെ അധ്യക്ഷതയില്‍ റിയാദിലെ ദിരിയ പാലസിലായിരുന്നു ഉച്ചകോടി. ഖുര്‍ആന്‍ പാരായണത്തിനുശേഷം സല്‍മാന്‍ രാജാവ് സംസാരിച്ചു. ഉദ്ഘാടന സെഷനിലും ക്ലോസ്ഡ് സെഷനിലും തുടര്‍ന്ന് സമാപന സെഷനിലും പ്രധാനമന്ത്രിയും ഔദ്യോഗിക പ്രതിനിധിസംഘവും പങ്കെടുത്തു.
അടച്ചിട്ടമുറിയിലെ സെഷന്‍ 20മിനുട്ടില്‍ താഴെ സമയം മാത്രമാണ് നീണ്ടുനിന്നത്. സൈനിക, സുരക്ഷാ സഹകരണം വര്‍ധിപ്പിക്കേണ്ടതിന്റെയും 2025 ഓടെ സാമ്പത്തികവും സാമ്പത്തികവുമായ ഒരു ബ്ലോക്ക് സൃഷ്ടിക്കേണ്ടതിന്റെയും ആവശ്യകത ചൂണ്ടിക്കാട്ടുന്ന പ്രസ്താവനയാണ് ഉച്ചകോടിയുടേതായി പുറത്തിറങ്ങിയത്. ഖത്തര്‍ പ്രധാനമന്ത്രി കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹുമായി ദിരിയ പാലസില്‍വെച്ച് കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷിസഹകരണവും ജിസിസി ഉച്ചകോടിയിലെ അജണ്ടയിലെ വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.
സല്‍മാന്‍ രാജാവുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. വരാനിരിക്കുന്ന യോഗങ്ങള്‍ നേരത്തെയുള്ള യോഗങ്ങളേക്കാള്‍ മികച്ചതായിരിക്കുമെന്ന് കുവൈത്ത് അമീര്‍ പ്രതികരിച്ചു. കുവൈത്ത് അമീറിന്റെ മധ്യസ്ഥ ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും തങ്ങള്‍ ഈ ശ്രമങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നും ഉച്ചകോടിക്കുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സഊദി വിദേശകാര്യമന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍സഊദ് പറഞ്ഞു. ഉച്ചകോടിയിലെ പൊതുവായ ആശയവിനിമയം തികച്ചും പോസിറ്റീവായി കാണപ്പെട്ടതായി അല്‍ജസീറ സീനിയര്‍ പൊളിറ്റിക്കല്‍ എഡിറ്റര്‍ മര്‍വാന്‍ ബിഷാര ചൂണ്ടിക്കാട്ടി. വിവിധ വിഷയങ്ങളിലെ ഐക്യത്തെക്കുറിച്ച് ഉച്ചകോടിയില്‍ ഗൗരവതരമായ പരാമര്‍ശങ്ങളുണ്ടായ കാര്യം അദ്ദേഹം എടുത്തുപറഞ്ഞു. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഇന്നലെ രാവിലെ റിയാദിലെത്തിയ ഖത്തര്‍ പ്രധാനമന്ത്രിയെ എയര്‍ബേസ് വിമാനത്താവളത്തില്‍ സഊദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍സഊദ്, റിയാദ് ഗവര്‍ണര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ ബന്‍ദാര്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍സഊദ്, സഹമന്ത്രി ഡോ.മുസാദ് ബിന്‍ മുഹമ്മദ് അല്‍ അയ്ബന്‍, ജിസിസി സെക്രട്ടറി ജനറല്‍ അബ്ദുല്ലത്തീഫ് റാഷിദ് അല്‍സയാനി എന്നിവര്‍ സ്വീകരിച്ചു. പ്രധാനമന്ത്രിയെ സഊദി രാജാവ് സ്വീകരിച്ചതിന്റെയും കൂടിക്കാഴ്ച നടത്തിയതിന്റെയും ദൃശ്യങ്ങള്‍ പ്രതീക്ഷ നല്‍കിയിരുന്നു. നീണ്ട പിരിമുറുക്കത്തിനുശേഷം റിയാദില്‍ ഖത്തര്‍ പ്രധാനമന്ത്രിക്ക് ലഭിച്ച ഊഷ്മള സ്വീകരണം കൂടുതല്‍ ശുഭാപ്തി വിശ്വാസം പകരുന്നതായി മര്‍വാന്‍ ബിഷാര ചൂണ്ടിക്കാട്ടി. പ്രതിസന്ധി പരിഹാരത്തിന് കൂടുതല്‍ ഉറപ്പുകളും ഗ്യാരന്റികളും ആവശ്യമുണ്ട്. അവ ഒരു പരിപാടിയില്‍ വെച്ച് മാത്രം സംഭവിക്കില്ല, ഹ്രസ്വമോ ദീര്‍ഘമോ ആയ ഒരു പ്രക്രിയ്യയിലൂടെ കടന്നുപോകേണ്ടതുണ്ട്. പ്രതിസന്ധി പരിഹാരത്തിനുള്ള കൂടുതല്‍ മികച്ച ശ്രമങ്ങള്‍ ഇപ്പോഴുണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റിയാദില്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയെ സല്‍മാന്‍ രാജാവ് സ്വീകരിക്കുന്നു


അംഗരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ തകര്‍ക്കുന്ന വിള്ളല്‍ പരിഹരിക്കുന്നതിന് കുവൈത്ത് അമീര്‍ നടത്തിയ നല്ല ശ്രമങ്ങളെയും ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങളെയും ജിസിസി സുപ്രീംകൗണ്‍സില്‍ പ്രശംസിച്ചതായി ജിസിസി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍സയാനി പറഞ്ഞു.അത്തരം ശ്രമങ്ങള്‍ക്ക് കൗണ്‍സില്‍ പിന്തുണ അറിയിച്ചു. ഒരു ഗള്‍ഫ് ഭവനത്തിന്റെ ചട്ടക്കൂടിനുള്ളില്‍ തുടരേണ്ടതിന്റെ പ്രാധാന്യവും കൗണ്‍സില്‍ വ്യക്തമാക്കിയതായി അല്‍സയാനി പറഞ്ഞു.
രാഷ്ട്രത്തലവന്മാരില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം അല്‍ ഹമദ് അല്‍താനിയും കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍സബാഹും മാത്രമാണ് അന്ന് പങ്കെടുത്തത്. ബാക്കിയുള്ളവര്‍ പ്രതിനിധികളെ അയക്കുകയായിരുന്നു.അന്ന് ഉച്ചകോടി ഒരു ദിവസമായി വെട്ടിച്ചുരുക്കുകയും ചെയ്തു. കഴിഞ്ഞവര്‍ഷം റിയാദില്‍ നടന്ന 39-ാമത് ഉച്ചകോടിയില്‍ വിദേശകാര്യസഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍മുറൈഖിയാണ് ഖത്തര്‍ സംഘത്തെ നയിച്ചത്.

ശെഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി സല്‍മാന്‍ രാജാവുമായി ചര്‍ച്ച നടത്തിയപ്പോള്‍

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അഴിമതിക്കെതിരായ പാര്‍ലമെന്റംഗങ്ങളുടെ ഏഴാമത് സമ്മേളനം സമാപിച്ചു

ആഹ്ലാദം വിട്ടുമാറാതെ രാജന്‍; ബഹ്‌റൈന് വേണ്ടി കപ്പ് വാങ്ങിയ ഒരേയൊരു മലയാളി