in ,

ജിസിസി പ്രതിസന്ധി: തീര്‍പ്പിനു തടസ്സം ഉപരോധ രാജ്യങ്ങളുടെ പിടിവാശിയെന്ന് ഖത്തര്‍

ലുലുവ അല്‍ഖാതിര്‍

പ്രതിസന്ധി ജിസിസിയെ ദുര്‍ബലപ്പെടുത്തിയതായി ലുലുവ അല്‍ഖാതിര്‍

ദോഹ: ജിസിസി പ്രതിസന്ധി തീര്‍പ്പിലേക്കെത്താത്തതിനു തടസം ഉപരോധരാജ്യങ്ങളുടെ പിടിവാശിയാണെന്ന് ഖത്തര്‍. പ്രതിസന്ധി ജിസിസിയെ ദുര്‍ബലപ്പെടുത്തിയതായും ഉപരോധത്തിന്റെ ഫലമായുണ്ടായ മനുഷ്യാവകാശ ലംഘനങ്ങള്‍ മാറ്റമില്ലാതെ തുടരുന്നതായും വിദേശകാര്യമന്ത്രാലയം വക്താവ് ലുലുവ അല്‍ഖാതിര്‍.

ഉപരോധത്തിന്റെ രണ്ടാംവാര്‍ഷികത്തോടനുബന്ധിച്ച് ദി ന്യൂ അറബ് ന്യൂസ് പേപ്പറിനു നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ഖത്തറിന്റെ സമ്പദ്വ്യവസ്ഥയും അതിന്റെ വികസനപദ്ധതികലെയും തര്‍ക്കുകയെന്നതായിരുന്നു ഉപരോധം നീട്ടിക്കൊണ്ടുപോകുന്നതിന്റെ ലക്ഷ്യം.

ഉപരോധ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ വിശ്രമരഹിതമായി തങ്ങളുടെ ശ്രമങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം നേടുന്നതില്‍ അവര്‍ പരാജയപ്പെടുകയായിരുന്നു. ബന്ധങ്ങള്‍ വിച്ഛേദിക്കുന്നതിന് ഖത്തര്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ശക്തമായ കുടുംബ ബന്ധങ്ങളാല്‍ ജിസിസി മേഖല ബന്ധിതമാണ്. ഇപ്പോള്‍ തുടരുന്ന പ്രതിസന്ധി കൊണ്ടുപോലും അതിനെ മുറിച്ചുമാറ്റാന്‍ കഴിയില്ല. ഖത്തറിന് ഇപ്പോള്‍ വ്യത്യസ്തമായി നിരവധി അവസരങ്ങളും സാധ്യതകളുമുണ്ട്.

ബന്ധങ്ങള്‍ പുനസ്ഥാപിക്കപ്പെട്ടാലും ഉപരോധ രാജ്യങ്ങളെ ആശ്രയിക്കാതിരിക്കുന്നതിനായി രാജ്യം കര്‍മ്മപദ്ധതി വിലയിരുത്തുകയാണ്. പ്രതിസന്ധി ജിസിസിയുടെ വൈഷമ്യത്തെ വെളിച്ചത്തുകൊണ്ടുവന്നു. പരമാധികാരത്തെ ബഹുമാനിക്കുന്ന തത്വത്തെ അടിസ്ഥാനപ്പെടുത്തിയുള്ള എതൊരു നിര്‍മാണാത്മക സംവാദത്തെയും സൃഷ്ടിപരമായ ചര്‍ച്ചകളെയും ഖത്തര്‍ എല്ലായിപ്പോഴും സ്വാഗതം ചെയ്യുന്നുണ്ട്- അല്‍ഖാതിര്‍ പറഞ്ഞു.

ഉപരോധരാജ്യങ്ങളുടെ പിടിവാശിയും ഖത്തറിനെതിരെ സ്വീകരിച്ച നടപടികള്‍ പിന്‍വലിക്കാനോ തിരിച്ചെടുക്കാനോ കഴിയാത്തതിലെ അവരുടെ ശേഷിയില്ലായ്മയും കുവൈത്തിന്റെ മധ്യസ്ഥശ്രമങ്ങള്‍ തടസപ്പെടുത്തുന്നതില്‍ ഒരു പങ്ക് വഹിച്ചു. രാജ്യാന്തര നിയമങ്ങളുടെ ലംഘനം ഉള്‍പ്പടെ ഖത്തരി പൗരന്‍മാര്‍ക്കെതിരെ നിരവധി അനധികൃത നടപടികള്‍ സ്വീകരിച്ചുകൊണ്ട് നിലവിലെ സാഹചര്യങ്ങള്‍ സാധാരണനിലയിലാക്കാന്‍ ഉപരോധരാജ്യങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

എന്നാല്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ക്കിടയിലും സാമുഹ്യബന്ധങ്ങള്‍ എത്ര ശക്തമാണെന്ന് മേഖലയിലെ ജനങ്ങള്‍ തെളിയിച്ചതായും അവര്‍ പറഞ്ഞു. മേഖലയിലും രാജ്യാന്തരതലത്തിലും സൈനിക, സുരക്ഷാ സംബന്ധിയായ യോഗങ്ങളില്‍ ഖത്തര്‍ സഹകരണത്തിന്റെ പ്രതിജ്ഞാബദ്ധത തുടര്‍ച്ചയായി വ്യക്തമാക്കുന്നുണ്ട്. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹിന്റെ മധ്യസ്ഥ ശ്രമങ്ങളെ അല്‍ഖാതിര്‍ പ്രശംസിച്ചു.

കുവൈത്തി മധ്യസ്ഥ ശ്രമങ്ങള്‍ നിര്‍ത്തിയിട്ടില്ല. പ്രതിസന്ധി പരിഹരിക്കുന്നതിനായി ചെയ്യാനാവുന്നതെല്ലാം കുവൈത്ത് ചെയ്യുന്നുണ്ടെന്നും അവര്‍ പറഞ്ഞു. പ്രതിസന്ധി നീളുന്നത് സംയുക്ത താല്‍പര്യങ്ങളെയും മേഖലയുടെ സുരക്ഷയെയും ദുര്‍ബലപ്പെടുത്തുമെന്ന് ഖത്തറും അമേരിക്കയും വിശ്വസിക്കുന്നു. വിഷയം പരിഹരിക്കുന്നതിന് എല്ലാ കക്ഷികളോടും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ഖത്തര്‍ അതിനോടു പ്രതികരിക്കുകയും ചെയ്തു.

കുടുംബങ്ങളെ ഒന്നിപ്പിച്ച് നിലനിര്‍ത്തണമെന്നും പൗരന്‍മാര്‍ക്ക് ഹജ്ജും ഉംറയും നിര്‍വഹിക്കാന്‍ അനുവദിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടിരുന്നു.ഇക്കാര്യങ്ങളിലെല്ലാം ഉപരോധ രാജ്യങ്ങളുടെ പിടിവാശിയാണ് പ്രകടമാകുന്നത്. രാജ്യത്തിന്റെ പരമാധികാരം ലംഘിക്കാതെയും തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാതെയുമുള്ള തത്വങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍വ്യവസ്ഥകളില്ലാതെയുള്ള ചര്‍ച്ചകള്‍ക്കുള്ള സന്നദ്ധത ഖത്തര്‍ പ്രതിസന്ധിയുടെ തുടക്കം മുതല്‍ വ്യക്തമാക്കിയിരുന്നതായും അല്‍ഖാതിര്‍ പറഞ്ഞു.

ഉപരോധത്തിനിടയിലും ലോകകപ്പ്, വികസനപദ്ധതികള്‍ പൂര്‍ണതോതില്‍ മുന്നോട്ടുപോകുകയാണ്. പ്രതിസന്ധികള്‍ കൈകാര്യം ചെയ്യുന്നതില്‍ ഖത്തറിന്റെ ശേഷിയുടെ പരീക്ഷണമായിരുന്നു ഉപരോധം. പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങളെ മറികടക്കുന്നതില്‍ ഖത്തര്‍ വിജയിച്ചു.

ഭക്ഷ്യോത്പാദനത്തില്‍ ഉയര്‍ന്നതോതില്‍ സ്വയംപര്യാപ്തത കൈവരിക്കാനായി. ലോകകപ്പ് സ്റ്റേഡിയങ്ങള്‍ ഉദ്ഘാടനം ചെയ്തു. എല്‍എന്‍ജി, ഹീലിയം ഗ്യാസ് കയറ്റുമതിയില്‍ ഉന്നതസ്ഥാനം നിലനിര്‍ത്താനാകുന്നു. ദോഹ മെട്രോ സര്‍വീസ് തുടങ്ങി. തൊഴില്‍ നിയമം ഉള്‍പ്പടെയുള്ള നിയമങ്ങളില്‍ പരിഷ്‌കരണവും നിയമനിര്‍മാണങ്ങളും നടപ്പാക്കുന്നു.

എന്നാല്‍ ഉപരോധ രാജ്യങ്ങള്‍ റമദാനില്‍പോലും വിവിധ തലങ്ങളില്‍ തങ്ങളുടെ തീവ്രപ്രവര്‍ത്തനങ്ങള്‍ തുടരുന്നതായും അല്‍ഖാതിര്‍ ചൂണ്ടിക്കാട്ടി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തര്‍ കെഎംസിസി ഈദ് സംഗമം സംഘടിപ്പിച്ചു

ഈദ് ദിനത്തില്‍ ദോഹ മെട്രോയിലൂടെ യാത്ര നടത്തിയത് 75,940 പേര്‍