
ദോഹ: ജിസിസി പ്രതിസന്ധി അവസാനിപ്പിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ മരവിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ജനുവരിയില്‍ നിര്‍ത്തിവെച്ചതായി ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിയെ ഉദ്ധരിച്ചാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തത്. ഗള്‍ഫ് നയതന്ത്ര പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ലെന്നും ജനുവരി തുടക്കംമുതല്‍ ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി പറഞ്ഞു.
2017 ജൂണിലാണ് സഊദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് രാജ്യങ്ങള്‍ ഖത്തറുമായുള്ള രാഷ്ട്രീയ വാണിജ്യ ഗതാഗത ബന്ധം വിച്ഛേദിച്ച് ഉപരോധം പ്രഖ്യാപിച്ചത്. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ ഒക്ടോബറില്‍ തുടങ്ങിയിരുന്നു.
ഉപരോധം ഏകദേശം മൂന്നുവര്‍ഷത്തോളമായതായി ജര്‍മ്മനിയില്‍ നടന്ന മ്യൂണിച്ച് സുരക്ഷാസമ്മേളനത്തില്‍ പങ്കെടുക്കവെ ഖത്തര്‍ വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. ഞങ്ങള്‍ കുറ്റക്കാരായിരുന്നില്ല, ഈ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഏത് ഓഫറിനോടും തുറന്ന കാഴ്ചപ്പാടാണുള്ളത്. നിര്‍ഭാഗ്യവശാല്‍ ശ്രമങ്ങള്‍ വിജയിച്ചില്ല. ജനുവരിയുടെ തുടക്കംമുതല്‍ ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഖത്തര്‍ ഇതിന് ഉത്തരവാദിയല്ല- വിദേശകാര്യമന്ത്രി പറഞ്ഞു. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ ചെറിയ പുരോഗതി കാണുന്നതായി വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി കഴിഞ്ഞ ഡിസംബറില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിസന്ധി പരിഹാരത്തിന് വളരെ ചെറിയ പുരോഗതി കാണുന്നുവെന്നായിരുന്നു പ്രതികരണം.
സഊദി അറേബ്യയുമായുള്ള ചര്‍ച്ചകള്‍ക്കുശേഷം പ്രതിസന്ധിയില്‍നിന്നും നീങ്ങിത്തുടങ്ങിയിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി ഡിസംബര്‍ ആദ്യത്തിലും പ്രതികരിച്ചിരുന്നു.
ഭിന്നതകള്‍ പരിഹരിക്കുന്നതിനുള്ള ഏറ്റവും വേഗമേറിയ മാര്‍ഗമെന്നത് പരമാധികാരം സംരക്ഷിച്ചുകൊണ്ടും രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാതെയുമുള്ള സംവാദവും ചര്‍ച്ചകളും കൂടിയാലോനകളുമാണെന്നതാണ് പ്രതിസന്ധിയുടെ ഒന്നാം ദിവസം മുതല്‍ ഖത്തര്‍ കൈക്കൊണ്ട നിലപാട്. കഴിഞ്ഞ ഡിസംബറില്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍താനി റിയാദിലെ ജിസിസി ഉച്ചകോടിയിലും പങ്കെടുത്തിരുന്നു.