in ,

ജിസിസി വനിതാ ഗെയിംസ് ഖത്തര്‍ ആധിപത്യം തുടരുന്നു

ആര്‍ റിന്‍സ്

ദോഹ
ഹെപ്റ്റാത്‌ലണില്‍ വെള്ളി നേടിയ കെന്‍സ സോസെയുടെ പ്രകടനത്തില്‍ നിന്ന്‌

കുവൈത്തില്‍ തുടരുന്ന ആറാമത് ജിസിസി വനിതാ ഗെയിംസില്‍ അത്‌ലറ്റിക്‌സില്‍ ഖത്തറിന്റേത് തിളക്കമാര്‍ന്ന പ്രകടനം. അത്‌ലറ്റിക് ട്രാക്കില്‍ നിന്നും ഖത്തരി താരങ്ങള്‍ മെഡലുകള്‍ വാരിക്കൂട്ടുകയാണ്.
കഴിഞ്ഞദിവസം മാത്രം ട്രാക്കില്‍ നിന്നും ആറു മെഡലുകളാണ് ഖത്തരി താരങ്ങള്‍ സ്വന്തമാക്കിയത്.

ഹാമര്‍ത്രോയില്‍ സ്വര്‍ണം നേടിയ റാനിയ അല്‍നാജി


അത്‌ലറ്റിക്‌സില്‍ ഖത്തറിന്റെ സമഗ്രാധിപത്യമാണ് കുവൈത്തില്‍ പ്രകടനമാകുന്നത്. മത്സരങ്ങള്‍ക്ക് ഇന്നലെ സമാപനമായി. ഹാമര്‍ത്രോയില്‍ ഖത്തറിന്റെ റാനി അല്‍നാജി സ്വര്‍ണം നേടി. ഏഷ്യന്‍ ഗെയിംസ് ഉള്‍പ്പടെയുള്ള രാജ്യാന്തര ചാമ്പ്യന്‍ഷിപ്പുകളില്‍ മത്സരിച്ചിട്ടുള്ള റാനി ഖത്തറിന്റെ ഭാവി പ്രതീക്ഷയാണ്. കുവൈത്തിലും മികച്ച പ്രകടനമായിരുന്നു താരത്തിന്റേത്.
കെന്‍സി അല്‍അലാവി(കെന്‍സ സോസെ) ഹെപ്റ്റാത്ത്‌ലണില്‍ വെള്ളി നേടി. ദോഹയില്‍ നടന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഖത്തറിന്റെ ജഴ്‌സിയില്‍ മത്സരിക്കാനിറങ്ങിയ ആദ്യ വനിതയായിരുന്നു കെന്‍സ സോസ്സെ. ലോക അത്‌ലറ്റിക്‌സില്‍ 400 മീറ്ററില്‍ മത്സരിക്കവെയാണ് ഖത്തര്‍ താരം ചരിത്രത്തിലേക്ക് ഓടിക്കയറിയത്.
ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലെ ട്രാക്കില്‍ ഇന്നലെ വൈകുന്നേരം നടന്ന മത്സരത്തില്‍ അഞ്ചാം ഹീറ്റില്‍ അവസാനസ്ഥാനത്തായാണ് കെന്‍സ സോസ്സെ ഫിനിഷ് ചെയ്തത്. ഖലീഫ സ്റ്റേഡിയത്തിലെ കാണികള്‍ കയ്യടികളോടെയാണ് സോസ്സെയെ വരവേറ്റത്. 400മീറ്ററില്‍ ഖത്തര്‍ ദേശീയ റെക്കോര്‍ഡ്് സോസ്സെയുടെ പേരിലാണ് ദോഹയില്‍ ഈ വര്‍ഷം ഏപ്രിലില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 61.88 സമയത്തില്‍ ഫിനിഷ് ചെയ്താണ് ദേശീയ റെക്കോര്‍ഡ് നേടിയത്.
കുവൈത്തില്‍ ഹെപ്റ്റാത്ത്‌ലണിനു പുറമെ കെന്‍സ 4-400 മീറ്റര്‍ റിലേയില്‍ വെള്ളി നേടിയ ഖത്തര്‍ ടീമിലും അംഗമായിരുന്നു.
കെന്‍സ സോസ്സെ, അലാ നദ്ദി, മറിയം ഫരീദ്, മറിയം ഫല്‍ഹൂം എന്നിവരുള്‍പ്പെട്ട ടീമാണ് വെള്ളി നേടിയത്. നേരത്തെ 400 മീറ്റര്‍ സ്റ്റീപ്പിള്‍ചേസിലും മറിയം ഫരീദ് വെള്ളി മെഡല്‍ നേടിയിരുന്നു. ഇതോടെ മീറ്റില്‍ മറിയമിനും കെന്‍സക്കും രണ്ടു വീതം വെള്ളി മെഡലായി.
ഡിസ്‌ക്കസ് ത്രോയില്‍ സല്‍മ ദാഖി വെള്ളി നേടി. പാരാ ഗെയിംസിലും ഖത്തര്‍ താരങ്ങള്‍ മികവുറ്റ പ്രകടനമാണ് കാഴ്ചവെക്കുന്നു. ഡിസ്‌ക്‌സ് ത്രോയില്‍ സ്വര്‍ണം നേടിയ മോന അല്‍സാദി സ്വര്‍ണനേട്ടം രണ്ടാക്കി ഉയര്‍ത്തി. കഴിഞ്ഞദിവസം ഷോട്ട്പുട്ടിലും മോന സ്വര്‍ണം നേടിയിരുന്നു. 100 മീറ്ററില്‍ വെങ്കലവും നേടി.
മീറ്റില്‍ രണ്ടു സ്വര്‍ണവും ഒരു വെള്ളിയുമാണ് മോനയുടെ സമ്പാദ്യം.
പാരാ ഷോട്ട്പുട്ടില്‍ ഖത്തരി താരം സല്‍മ ഹമ്മാദ് വെങ്കലം നേടി. കഴിഞ്ഞ ദിവസങ്ങളിലെ അത്‌ലറ്റിക്‌സ് മത്സരങ്ങളില്‍ ട്രിപ്പിള്‍ ജമ്പില്‍ ഖത്തരി താരം ബഷായെര്‍ ഉബൈദ് സ്വര്‍ണം നേടി. ലോങ്ജമ്പില്‍ റിമ ഫരീദ് വെള്ളിയും 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ അലാ റിയാദ് വെങ്കലവും നേടി.
ജാവലിന്‍ ത്രോയില്‍ സാറാ അല്‍മന്നായി വെള്ളി മെഡല്‍ നേടി. പ്രത്യേക ആവശ്യം അര്‍ഹിക്കുന്നവര്‍ക്കായുള്ള ഡിസ്‌ക്കസ്‌ത്രോയില്‍ ഖത്തറിന്റെ സാറാ മസൂദ് സ്വര്‍ണമെഡല്‍ നേടി. ഇന്നലെ നടന്ന ഷോട്ട്പുട്ടില്‍ സാറാ മസൂദ് വെള്ളി നേടി മെഡല്‍ നേട്ടം രണ്ടാക്കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

മൈക്രോസോഫ്റ്റുമായി ചേര്‍ന്ന് മിലാഹയുടെ സ്മാര്‍ട്ട് ലോജിസ്റ്റിക് പ്ലാറ്റ്‌ഫോം

ലോകകപ്പിന് പിന്തുണ: അല്‍ഖോറില്‍ റേഡിയോ സ്‌റ്റേഷന്‍ സ്ഥാപിക്കുന്നു