ആര്‍ റിന്‍സ്
ദോഹ


കുവൈത്തില്‍ കഴിഞ്ഞദിവസം സമാപിച്ച ആറാമത് ജിസിസി വനിതാ ഗെയിംസില്‍ ഖത്തര്‍ വാരിക്കൂട്ടിയത് 34 മെഡലുകള്‍.
ചാമ്പ്യന്‍ഷിപ്പിലുടനീളം വിവിധ കായിക ഇനങ്ങളില്‍ മികച്ച പ്രകടനമാണ് ഖത്തര്‍ താരങ്ങള്‍ കാഴ്ചവെച്ചത്.
ഒന്‍പത് സ്വര്‍ണവും പതിനാല് വെള്ളിയും പതിനൊന്ന് വെങ്കലവുമാണ് ഖത്തര്‍ താരങ്ങള്‍ സ്വന്തമാക്കിയത്. അത്‌ലറ്റിക്‌സിലാണ് ഖത്തര്‍ ഏറ്റവുമധികം മെഡലുകള്‍ നേടിയത്. എട്ടു മെഡലുകള്‍.
ഷൂട്ടിങ് ടീം മൂന്നു മെഡലുകള്‍ സ്വന്തമാക്കി. ഫെന്‍സിങ് ടീം ഫോയില്‍, എപീ വിഭാഗങ്ങളിലായി രണ്ടു വെള്ളി മെഡലുകള്‍ നേടി. ഖത്തര്‍ ഹാന്‍ഡ്‌ബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍ ടീമുകളും സ്വര്‍ണമെഡലുകള്‍ നേടി.
ടേബിള്‍ ടെന്നീസ് ടീം അഞ്ചു മെഡലുകളും തായ്‌ക്വോണ്ടോ ടീം നാലു മെഡലുകളും നേടി.
പ്രത്യേക ആവശ്യം അര്‍ഹിക്കുന്നവരുടെ വിഭാഗത്തില്‍ ഏഴു മെഡലുകളും നേടി. ചാമ്പ്യന്‍ഷിപ്പില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ചശേഷം മടങ്ങിയെത്തിയ ഖത്തറിന്റെ വിവിധ ടീമുകള്‍ക്ക് ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ആവേശകരമായ സ്വീകരണം നല്‍കിയിരുന്നു.
ചാമ്പ്യന്‍മാരെ ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആന്‍ ബിന്‍ ഹമദ അല്‍താനി അഭിനന്ദിച്ചു.
ഖത്തര്‍ വുമണ്‍സ് സ്‌പോര്‍ട്‌സ് കമ്മിറ്റി പ്രസിഡന്റ് ലുലുവ അല്‍മര്‍റിയാണ് ചാമ്പ്യന്‍ഷിപ്പില്‍ ഖത്തര്‍ സംഘത്തെ നയിച്ചത്.
അത്‌ലറ്റുകളും ഭരണനിര്‍വഹണ ഉദ്യോഗസ്ഥരും സാങ്കേതിക ജീവനക്കാരും ഉള്‍പ്പടെ 132 അംഗ സംഘമാണ് ഖത്തറിനെ പ്രതിനിധീകരിച്ചത്.