in ,

ജീ ചേര്‍ത്തുള്ള ആ വിളി ഇനിയില്ല…

അശ്‌റഫ് തൂണേരി

ഒരു ഉപ്പയെപ്പോലെ കരുതലും സ്‌നേഹവും നല്‍കിയ ഒരാള്‍. അഡ്വ. സി കെ മേനോന്‍ ആരായിരുന്നെന്ന ചോദ്യത്തിന് ആദ്യ ഉത്തരമാണിത്. വര്‍ത്തമാനം പത്രത്തില്‍ ദോഹയില്‍ വന്നപ്പോഴാണ് അടുത്തു പരിചയപ്പെടുന്നത്. മുമ്പും പല തവണ ഫോണില്‍ സംസാരിച്ചിരുന്നുവെങ്കിലും നേരില്‍ കണ്ട് സൗഹൃദം ശക്തമായത് തൃശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ ആദ്യകാല പരിപാടികളിലൂടേയാണ്.


2015 ഫെബ്രുവരി ആദ്യവാരമാണ് ഞങ്ങള്‍ തിരുവനന്തപുത്തേക്ക് ഒരുമിച്ചു യാത്ര ചെയ്തത്. നാദാപുരത്ത് ശിബിന്‍കൊലപാതകവും തുടര്‍ന്നുണ്ടായ വന്‍കാലപവും ഉണ്ടാക്കിയ ദുരന്തത്തില്‍ പ്രയാസമനുഭവിക്കുന്ന കുടുംബാഗങ്ങള്‍ക്കായി തനിക്കെന്താണ് ചെയ്യാനാവുക എന്ന് ചോദിച്ചാണ് ആ ദിവസങ്ങളിലൊരു രാത്രി എന്നെ മേനോന്‍ വിളിക്കുന്നത്. ഞാന്‍ ചില കാര്യങ്ങള്‍ പറഞ്ഞു. ചെയ്യാനാവുന്നവ. പക്ഷെ മേനോന്‍ പറഞ്ഞു; അശ്‌റഫ്ജി ഇത് പറഞ്ഞാല്‍ പോര, കൂടെ വരണം.

അയ്യോ അതിന്റെ ആവശ്യമില്ലല്ലോ..ഞാന്‍ നാട്ടില്‍ എല്ലാ കാര്യങ്ങളും ചെയ്യാമെന്ന് പറഞ്ഞു. ഞങ്ങളുടെ ചെയര്‍മാന്‍ പാറക്കല്‍ അബ്്ദുല്ലയുമായി സംസാരിച്ച് മേനോന്‍ അങ്ങോട്ട് വരുന്നെന്നും മറ്റും പറഞ്ഞപ്പോള്‍ അദ്ദേഹം എല്ലാ ഏര്‍പ്പാടുകളും ചെയ്യാമെന്നേറ്റു. പക്ഷെ മേനോന്‍ പോകാന്‍ വിമാന ടിക്കറ്റെടുത്ത് കഴിഞ്ഞപ്പോള്‍ വീണ്ടും വിളി. അശ്‌റഫ്ജി എന്തായാലും വരണം.

നമുക്കൊരുമിച്ച് പോകാം. അങ്ങിനെ മേനോനൊപ്പം വിമാനത്തില്‍ തിരുവനന്തപുരത്തേക്ക്. അവിടെ അദ്ദേഹം താമസിച്ചിരുന്ന ഹില്‍ട്ടണ്‍ ഹോട്ടലില്‍ തങ്ങി. പിറ്റേന്ന് തൃശൂരിലേക്കും പിന്നെ കോഴിക്കോട്ടേക്കും. മുഖ്യമന്ത്രി വടകരയില്‍ വിളിച്ച സമാധാന യോഗത്തിലേക്ക് മേനോനും ഞാനും ഒരുമിച്ചാണ് പോയതും പങ്കെടുത്തതും.

നാദാപുരത്തെ കലാപത്തില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്കായി 1 കോടി രൂപയാണ് അദ്ദേഹം നല്‍കിയത്. തൃശൂരില്‍ ലക്ഷം വീട് കോളനി പൂര്‍ണ്ണമായും മാറ്റിപ്പണിതത്, കണ്ണൂരിലെ പാനൂരില്‍ മുസ്്‌ലിം പള്ളി നിര്‍മ്മാണം, പാവപ്പെട്ട നിരവധി കുടുംബാംഗങ്ങളുടെ വീടു നിര്‍മ്മാണം… അങ്ങിനയങ്ങിനെ അനവധി ആളുകളുടെ ആശ്രയമായിരുന്നു മേനോന്‍.

മീഡിയാ ഫോറത്തിന്റെ ഭാരവാഹി എന്ന നിലയില്‍ പലപ്പോഴും പല പരിപാടികള്‍ക്കും പ്രായോജകരായി രംഗത്തുണ്ടായിരുന്ന അദ്ദേഹം ചന്ദ്രിക ദിനപത്രത്തിന്റെ തുടക്കം മുതല്‍ പല നിലയില്‍ പിന്തുണച്ച വ്യക്തിത്വമാണ്. ഇടക്ക് കാണുമ്പോഴൊക്കെ പത്രത്തിന്റെ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും ആരായുന്ന അദ്ദേഹത്തെ മാസങ്ങള്‍ക്ക് മുമ്പ് കണ്ടപ്പോള്‍ പറഞ്ഞു.

എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ കിട്ടിയില്ലെങ്കില്‍ മകനെ വിളിച്ചോളൂ എന്ന്. സ്‌നേഹത്തോടെ നമ്മളെ അത്രമേല്‍ ചേര്‍ത്തുനിര്‍ത്തിയ ഒരാളായിരുന്നു മേനോന്‍. ഒരിക്കലും ഒരു വന്‍വ്യവസായി ആയോ പത്മശ്രീ ജേതാവായോ അദ്ദേഹം പെരുമാറിയിരുന്നില്ല. മകളുടെ കല്യാണത്തിന് വിളിച്ചപ്പോള്‍ എന്നോട് പറഞ്ഞു; മുട്ടുവേദന കലശലാണ്. കൂടുതല്‍ നേരം കാറിലിരിക്കാനാവില്ല. ഞാന്‍ ഹെലികോപ്ടറില്‍ വരും.

നിങ്ങള്‍ മൈതാനം ഏര്‍പ്പാടാക്കണമെന്ന്. എനിക്ക് തിരക്കിനിടയില്‍ മൈതാനം ഏര്‍പ്പാടാക്കാനായില്ല. അദ്ദേഹം പിന്നീട് വിളിച്ചു വിവാഹത്തിന് ആശംസ നേര്‍ന്നു. പങ്കെടുക്കാത്തത് അശ്‌റഫ്ജി പാര്‍ക്കിംഗിനുള്ള മൈതാനം ഏര്‍പ്പാടാക്കാത്തതാണെന്ന് പരിഭവിച്ചു. തോളില്‍ കൈയ്യിട്ടുള്ള ആ സ്‌നേഹം പങ്കുവെക്കല്‍ ഇനിയില്ല, അശ്‌റഫ് ജീ എന്ന വിളിയും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മാലിന്യ തരംതിരിക്കലിന്റെയും പുനരുപയോഗത്തിന്റെയും ആദ്യഘട്ടത്തിന് തുടക്കമായി

ചാമ്പ്യന്‍മാരെ പിന്തുണക്കാന്‍ ആസ്വാദകര്‍ സ്റ്റേഡിയത്തിലെത്തണം: ശൈഖ അസ്മ അല്‍താനി