in ,

ജുആന്‍ ബിന്‍ ജാസിം കോളജില്‍ നിന്നും ഉദ്യോഗസ്ഥരുടെ പുതിയ ബാച്ച് പുറത്തിറങ്ങി

ജുആന്‍ ബിന്‍ ജാസിം ജോയിന്റ് കമാന്‍ഡ് ആന്റ് സ്റ്റാഫ് കോളജില്‍നിന്നും ഉദ്യോഗസ്ഥരുടെ പുതിയ ബാച്ചിന്റെ ബിരുദദാന ചടങ്ങില്‍ നിന്ന്

ദോഹ: ജുആന്‍ ബിന്‍ ജാസിം ജോയിന്റ് കമാന്‍ഡ് ആന്റ് സ്റ്റാഫ് കോളജില്‍ പുതിയ ബാച്ചിന്റെ ബിരുദദാന ചടങ്ങ് നടന്നു. ജോയിന്റ് ഓപ്പറേഷന്‍സ് കോഴ്‌സിന്റ ഒന്നാം റൗണ്ട്, ജോയിന്റ് കമാന്‍ഡ് ആന്റ് സ്റ്റാഫ് കോഴ്‌സിന്റെ അഞ്ചാറൗണ്ട് ബിരുദദാന ചടങ്ങുകളാണ് നടന്നത്. അഹമ്മദ് ബിന്‍ മുഹമ്മദ് സൈനിക കോളജില്‍ നടന്ന പുതിയ ബാച്ചിന്റെ ബിരുദദാന ചടങ്ങില്‍ ഖത്തരി സായുധ സേന ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ പൈലറ്റ് ഗാനിം ബിന്‍ ഷഹീന്‍ അല്‍ഗാനിം പങ്കെടുത്തു.

മുതിര്‍ന്ന സൈനികോദ്യോഗസ്ഥര്‍, ഫാക്വല്‍റ്റി അംഗങ്ങള്‍ തുടങ്ങിയവരും ബിരുദദാന ചടങ്ങില്‍ പങ്കെടുത്തു. ജോയിന്റ് ഓപ്പറേഷന്‍സ് കോഴ്‌സിന്റെ ആദ്യ എഡീഷനിലെ പരിശീലനം 43 ആഴ്ചകള്‍ നീണ്ടു. പതിനേഴ് ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. എല്ലാവര്‍ക്കും സ്ട്രാറ്റജിക് ആന്റ് മാനേജ്‌മെന്റ് സയന്‍സില്‍ മാസ്റ്റേഴ്‌സ് ബിരുദം സമ്മാനിച്ചു. ഖത്തരി സായുധ സേനയിലെ വിവിധ യൂണിറ്റുകളില്‍നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ഈ കോഴ്‌സില്‍ പങ്കെടുത്തത്.

തുടര്‍ന്നുള്ള എഡീഷനുകളില്‍ സൗഹൃദ, സഹോദര രാജ്യങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തും. പ്രാദേശിക അന്തര്‍ദേശീയ പ്രതിസന്ധികളുടെ വിലയിരുത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരുടെ കഴിവുകളും ശേഷിയും വര്‍ധിപ്പിക്കുക, സംയുക്ത പ്രവര്‍ത്തനങ്ങളുടെയും പ്രതിസന്ധി കൈകാര്യംചെയ്യുന്നതിന്റെയും നടത്തിപ്പിനെക്കുറിച്ചുള്ള പരിശീലനം, സായുധ സേന നേരിടുന്ന നിലവിലുള്ളതും ഭാവിയിലുമുള്ള വെല്ലുവിളികള്‍ തിരിച്ചറിയല്‍ എന്നിവയാണ് ഈ കോഴ്‌സിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

ജോയിന്റ് കമാന്‍ഡ് ആന്റ് സ്റ്റാഫ് കോഴ്‌സിന്റെ അഞ്ചാറൗണ്ട് സെപ്തംബര്‍ മുതല്‍ 11 മാസം നീണ്ടുനിന്നു. രാജ്യത്തെ വിവിധ സൈനിക ബോഡികളിലെ വിവിധ യൂണിറ്റുകളില്‍നിന്നുള്ള 32 ഉദ്യോസ്ഥരും കുവൈത്തില്‍ നിന്നും 22 ഉം ഒമാനില്‍നിന്നും നാലും ഉദ്യോഗസ്ഥരുമാണ് പങ്കെടുത്തത്.

ഉദ്യോഗസ്ഥരുടെ കഴിവും മികവും നവീകരിക്കാന്‍ പര്യാപ്തമായ വിധത്തില്‍ മേഖലാ രാജ്യാന്തര തലത്തിലുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് സൈനിക, അക്കാഡമിക് ചിന്തകള്‍ ഉള്‍പ്പെടുത്തിയ നൂതന വിദ്യാഭ്യാസ കരിക്കുലത്തിന്റെ അടിസ്ഥാനത്തിലാണ് പരിശീലനം.

ബിരുദധാരികള്‍ പത്തുമാസത്തെ ക്ലാസുകളില്‍ പങ്കെടുത്താണ് പരിശീലനം പൂര്‍ത്തിയാക്കിയത്. ദൗത്യം സ്വീകരിക്കുന്നതു മുതല്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതുള്‍പ്പടെ യുദ്ധങ്ങളിലെ ആസൂത്രണം, വിലയിരുത്തല്‍, പരിപാലനം, നിര്‍വഹണം എന്നിവയിലുള്‍പ്പടെ വിദഗ്ദ്ധ ക്ലാസുകളാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്.

ഖത്തരി സായുധ സേനയുടെ എല്ലാ ബ്രാഞ്ചുകളിലെയും പ്രത്യേകിച്ച് ആഭ്യന്തരമന്ത്രാലയം, ആഭ്യന്തര സുരക്ഷാസേന(ലഖ്‌വിയ), അമീരി ഗാര്‍ഡ് എന്നിവിടങ്ങളിലെയും ഉദ്യോഗസ്ഥരുടെ പങ്കാളിത്തമുണ്ടായിരുന്നു. ജുആന്‍ ബിന്‍ ജാസിം ജോയിന്റ് കമാന്‍ഡ് ആന്റ് സ്റ്റാഫ് കോളേജിലെ സ്‌പെഷ്യലൈസ്ഡ് സ്റ്റഡീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ പൈലറ്റ് മുഹമ്മദ് ഹമദ് ഫെതായിസ് അല്‍മര്‍റി ചടങ്ങില്‍ സംസാരിച്ചു.

കോളേജില്‍ അടുത്തവര്‍ഷം സെപ്തംബറില്‍ ദേശീയ പ്രതിരോധ കോഴ്‌സ്(നാഷണല്‍ ഡിഫന്‍സ് കോഴ്‌സ്) നടത്താന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കരള്‍ അര്‍ബുദം നേരത്തെ തിരിച്ചറിയുന്നതിന് മാര്‍ഗനിര്‍ദേശങ്ങളുമായി എച്ച്എംസി

ബീച്ച് വോളിബോള്‍ ആഗോള റാങ്കിങില്‍ ഖത്തര്‍ നാലാമത്