in ,

ജുവനൈല്‍ പോലീസ് വകുപ്പിന്റെ സുരക്ഷിത വേനല്‍ കാമ്പയിന്‍ സമാപിച്ചു

ജുവനൈല്‍ പോലീസ് വകുപ്പിന്റെ സുരക്ഷിത വേനല്‍ കാമ്പയിന്‍ സമാപനചടങ്ങില്‍ നിന്ന്

ദോഹ: ആഭ്യന്തരമന്ത്രാലയത്തിലെ ജുവനൈല്‍ പോലീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിവന്നിരുന്ന സുരക്ഷിത വേനല്‍ കാമ്പയിന്‍ സമാപിച്ചു. കാമ്പയിന്റെ ഭാഗമായി ഹയാത്ത് പ്ലാസയില്‍ ബോധവത്കരണ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു.

മോശം പെരുമാറ്റത്തിന്റെ അപകടങ്ങളെക്കുറിച്ച് യുവജനങ്ങളിലും രക്ഷിതാക്കളിലും അവബോധമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ബോധവത്കരണ പരിപാടികള്‍, പ്രദര്‍ശനങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവ ഇക്കാലയളവില്‍ നടന്നിരുന്നു.

പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് സാംസ്‌കാരിക കായിക മന്ത്രാലയത്തിന്റെ സഹകരണത്തോടെ സിമൈസിമ യൂത്ത് സെന്ററില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

മോശം പെരുമാറ്റത്തെ കൃത്യമായി നിര്‍വചിച്ചുകൊണ്ട്, അത്തരം പെരുമാറ്റങ്ങള്‍ യുവജനങ്ങളെ എങ്ങനെയാണ് കൃത്യവിലോപത്തിലേക്കും കുറ്റകൃത്യങ്ങളിലേക്കും നയിക്കുന്നതെന്ന് ബോധ്യപ്പെടുത്തുന്നതിനായി ഹയാത്ത് പ്ലാസയില്‍ സംഘടിപ്പിച്ച പ്രദര്‍ശനം ശ്രദ്ധേയമായി.

വകുപ്പിന്റെ നേതൃത്വത്തില്‍ സന്ദര്‍ശകര്‍ക്ക് ബോധവല്‍ക്കരണ ബ്രോഷറുകള്‍ വിതരണം ചെയ്തു. കാമ്പയിന്റെ ഭാഗമായി കുട്ടികള്‍ക്ക് ബോധവത്കരണ സന്ദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നുറുങ്ങുകളും പകര്‍ന്നുനല്‍കി. ഉപദേശങ്ങള്‍ നല്‍കുകയും ഉയര്‍ന്നുവന്ന ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും മറുപടി നല്‍കുകയും ചെയ്തു.

വേനലില്‍ എങ്ങനെ സുരക്ഷിതമായിരിക്കാം എന്നു വ്യക്തമാക്കുന്ന മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ബ്രോഷറുകളും വിതരണം ചെയ്തു. ജുവനൈല്‍ പോലീസിനെയും ബന്ധപ്പെട്ട വകുപ്പുകളെക്കുറിച്ചും വിശദീകരിച്ചുനല്‍കി.

സാമൂഹിക മാധ്യമ സൈറ്റുകളെക്കുറിച്ചും അവബോധം നല്‍കി. സാമൂഹ്യമാധ്യമ നെറ്റ്‌വര്‍ക്കുകള്‍ ശരിയായ രീതിയില്‍ എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചും വേനലവധി എങ്ങനെ സൃഷ്ടിപരമായ രീതിയില്‍ ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ചും ബോധവത്കരണം നല്‍കി.

മൂന്നാംവര്‍ഷമാണ് സുരക്ഷിത വേനല്‍ കാമ്പയിന്‍ നടത്തിയത്. സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍, യൂത്ത് സെന്ററുകള്‍, വാണിജ്യ സ്ഥലങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് കാമ്പയിന്റെ ഭാഗമാണ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍. ലൈസന്‍സില്ലാതെ വാഹനമോടിക്കല്‍ ഉള്‍പ്പടെയുള്ള മോശം പെരുമാറ്റത്തെക്കുറിച്ച് ബോധവത്കരണം വ്യാപകമാക്കുകയെന്നതും കാമ്പയിനിലൂടെ ലക്ഷ്യമിട്ടു.

നേരിട്ടുള്ള ആശയവിനിമയത്തിലൂടെയും ഇടപെടലുകളിലൂടെയും യുവജനങ്ങള്‍ക്കിടയിലും രക്ഷിതാക്കള്‍ക്കിടയിലും അറിവും അവബോധവും വളര്‍ത്തുകയെന്ന ആഭ്യന്തരമന്ത്രാലയത്തിന്റെ കര്‍മ്മപദ്ധതിയുടെ ഭാഗമായിക്കൂടിയാണ് പ്രദര്‍ശനം.

സംവാദത്തിനും കൗമാരക്കാരുടെ പെരുമാറ്റത്തെക്കുറിച്ച് കൂടുതല്‍ അറിയാനും മനസിലാക്കാനുമുള്ള അവസരമെന്ന നിലയില്‍ക്കൂടിയാണ് ഈ പരിപാടി വിഭാവനം ചെയ്തത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇറാഖി അംബാസഡര്‍ കത്താറയില്‍ സന്ദര്‍ശനം നടത്തി

ഗതാഗത നിയമലംഘനങ്ങള്‍ പ്രതിരോധിക്കുന്നതിന് കാമ്പയിന്‍ തുടരുന്നു