
ദോഹ: ജോര്‍ദാനിയന്‍ പൈതൃക മേഖലയിലെ വിദഗ്ദ്ധര്‍ ഖത്തര്‍ നാഷണല്‍ ലൈബ്രറി(ക്യുഎന്‍എല്‍) സന്ദര്‍ശിച്ചു. പൈതൃക പരിപാലന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചു സ്പെഷ്യലിസ്റ്റുകളടങ്ങിയ സംഘമാണ് ക്യുഎന്‍എല്‍ സന്ദര്‍ശിച്ചത്. ക്യുഎന്‍എല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കിയ സംഘം പൈതൃകപരിപാലനത്തിന്റെ മികച്ച മാതൃകകളെക്കുറിച്ച് വിശദീകരിച്ചു.
ജോര്‍ദാന്‍ സാംസ്കാരിക മന്ത്രാലയം, നാഷണല്‍ ലൈബ്രറി ഓഫ് ജോര്‍ദാന്‍, യൂണിവേഴ്സിറ്റി ഓഫ് ജോര്‍ദാനിലെ ഡോക്യുമെന്റേഷന് ആന്റ് മാനുസ്ക്രിപ്റ്റ് സെന്റര്‍, റോയല്‍ ജോര്‍ദാനിയന്‍ ഹാഷെമിത് ഡോക്യുമെന്റേഷന് സെന്റര്‍ എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ദ്ധരാണ് സംഘത്തിലുണ്ടായിരുന്നത്.
അമ്മാനിലെയും ദോഹയിലെയും യുനസ്കോ ഓഫീസുകള്‍, ഐഎഫ്എല്എ റീജിയണല്‍ സെന്റര്‍ ഫോര്‍ പ്രിസര്‍വേഷന്‍ ആന്റ് കണ്‍സര്‍വേഷന്‍ സെന്റര്‍ എന്നിവ സംയുക്തമായാണ് മൂന്നു ദിവസത്തെ ശേഷി കെട്ടിപ്പെടുക്കല്‍ പ്രോഗ്രാം സംഘടിപ്പിച്ചത്. ഈ പ്രോഗ്രാമിന്റെ ഭാഗമായിട്ടായിരുന്നു ക്യുഎന്‍എല്‍ സന്ദര്‍ശനം. ലൈബ്രറിയിലെ വിവിധ സൗകര്യങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി. ഡിജിറ്റൈസേഷന് സെന്ററിന്റെ പ്രവര്‍ത്തനം മനസിലാക്കി.
കയ്യെഴുത്ത് പ്രതികളും പൈതൃക വസ്തുക്കളും പരിപാലിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നതിനായി ക്യുഎന്‍എല്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍, മാതൃകകള്‍, നടപടിക്രമങ്ങള്‍ എന്നിവയെക്കുറിച്ചും മനസിലാക്കി. ഖത്തര്‍ ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കുന്നതിനായി ഉപയോഗിച്ച സാങ്കേതികവിദ്യ, ഡിജിറ്റല്‍ പൈതൃകം പരിപാലിക്കുന്നതിലുള്പ്പടെ ലൈബ്രറിയുടെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍ സാങ്കേതികവിദ്യ വഹിക്കുന്ന പങ്ക് എന്നിവയെക്കുറിച്ചും സംഘത്തോടു വിശദീകരിച്ചു.
ഖത്തറില്‍ തന്റെ ആദ്യ സന്ദര്‍ശനമാണെന്നും ഖത്തര്‍ നാഷണല്‍ ലൈബ്രറി സന്ദര്‍ശിക്കാനായതില്‍ സന്തോഷമുണ്ടെന്നും മരുഭൂമിയിലെ മുത്താണ് ലൈബ്രറിയെന്നും യൂണിവേഴ്സിറ്റി ഓഫ് ജോര്‍ദാന്‍ ഡോക്യുമെന്റേഷന് ആന്റ് മാനുസ്ക്രിപ്റ്റ് സെന്ററിലെ ടെക്നിക്കല്‍ സര്‍വീസസ് വകുപ്പിന്റെ ഡയറക്ടര്‍ അഹമ്മദ് ഖറൈസത് പറഞ്ഞു. ലൈബ്രറിയിലെ സൗകര്യങ്ങള്‍ മികച്ചതാണ്.
രാജ്യാന്തര വൈദഗ്ദ്ധ്യവും അനുഭവസമ്പത്തുമുള്ള ജീവനക്കാരുടെ സാന്നിധ്യവും അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു. അറബ്, ഇസ്ലാമിക് ലോകവുമായി ബന്ധപ്പെട്ട കയ്യെഴുത്ത്പ്രതികള്‍ ശേഖരിക്കുന്നതിലും പരിപാലിക്കുന്നതിലും ജീവനക്കാരുടെ പ്രതിബദ്ധതയെയും അദ്ദേഹം പ്രശംസിച്ചു. അറബ് മേഖലയിലെ പൈതൃകം സംരക്ഷിക്കുന്നതിനായി വിവിധ പദ്ധതികളാണ് ലൈബ്രറി നടപ്പാക്കിവരുന്നത്.
ഐഎഫ്എല്എ റീജിയണല്‍ പ്രിസര്‍വേഷന്‍ ആന്റ് കണ്‍സര്‍വേഷന്‍ സെന്റര്‍ എന്ന നിലയില്‍ക്കൂടിയാണ് ഖത്തര്‍ നാഷണല്‍ ലൈബ്രറി പ്രവര്‍ത്തിക്കുന്നത്. ജോര്‍ദാനില്‍നിന്നുള്ള വിദഗ്ദ്ധര്‍ക്ക് ആതിഥ്യമൊരുക്കാനായതില് സന്തോഷമുണ്ടെന്ന് ലൈബ്രറിയിലെ പ്രിസര്‍വേഷന്‍ ആന്റ് കണ്‍സര്‍വേഷന്‍ മാനേജര്‍ സ്റ്റിഫാനി ഐപെര്‍ട്ട് പറഞ്ഞു.