
ദോഹ: ടില്‍റ്റെഡ് ഇന്റര്സെക്ഷന് വെള്ളിയാഴ്ച ഗതാഗതത്തിനായി തുറന്നുനല്‍കുമെന്ന് പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ അറിയിച്ചു. സാധാരണയുള്ള റൗണ്ട്എബൗട്ടുകളില്‍ നിന്നും വ്യത്യസ്തമായി സവിശേഷമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന സിഗ്നല്‍ കേന്ദ്രീകൃത റൗണ്ട്എബൗട്ടാണ് ഇന്റര്സെക്ഷനിലുള്ളത്.
ഖലീഫ അവന്യുവില്‍ സുഗമമായ ഗതാഗത ഒഴുക്കിന് സഹായമാകുന്നതായിരിക്കുമിത്. ഗര്‍റാഫത്ത് അല്‍ റയ്യാന്‍ ഇന്റര്‍ചേഞ്ചിന് സമാനമായ രീതിയില്‍ ദോഹ, ദുഖാന്, അല്‍ഗരാഫ, അല്‍റയ്യാന്‍ എന്നിവ തമ്മിലുള്ള ഒരു കണ്ണിയായി വര്‍ത്തിക്കുന്നതായിരിക്കും ഇന്റര്സെക്ഷന്. സിദ്ര ആസ്പത്രി, ഖത്തര്‍ ഫൗണ്ടേഷന്, ഖത്തര്‍ നാഷണല്‍ ലൈബ്രറി, ഖത്തര്‍ നാഷണല്‍ കണ്വന്ഷന് സെന്റര്‍, എജ്യൂക്കേഷന്‍ സിറ്റി എന്നിവിടങ്ങളിലേക്കെല്ലാം ഗതാഗതം സുഗമമാക്കാനാകും. ഇന്റര്‍സെക്ഷനിലെ പാതകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്.
ഓരോദിശയിലും മൂന്നു പ്രധാന പാതകളും രണ്ടു സര്‍വീസ് പാതകളുമാണുള്ളത്. ഏകദേശം 8500 വാഹനങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്. ടില്‍റ്റെഡ് ഇന്റര്സെക്ഷന് തുറക്കുന്നത് എല്ലാ ദിശകളിലെയും ഗതാഗതം മെച്ചപ്പെടുത്തുമെന്ന് പ്രോജക്ട് എഞ്ചിനീയര്‍ അബ്ദുല്ല കാസിം പറഞ്ഞു. പ്രത്യേകിച്ചും ദോഹ, ദുഖാന്, അല്‍ഗരാഫ, അല്‍ റയ്യാന്‍, അല്ലുക്ത എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡ് ഉപയോക്താക്കള്‍ക്ക് വലിയതോതില്‍ പ്രയോജനകരമാകും.
ഇന്റര്‍സെക്ഷനിലെ തുരങ്കപാതയില്‍ അല്‍റയ്യാനില്‍ നിന്നും അല്ഗരാഫയിലേക്കുള്ള ഭാഗവും അല്ഗറാഫയില് നിന്നും അല്‍ റയ്യാനിലേക്കുള്ള ഭാഗവും നേരത്തെ തുറന്നിരുന്നു. തുരങ്കത്തിനു മുകളില്‍ 2.7 കിലോമീറ്റര്‍ ദൂരപരിധിയില്‍ നാലു ഇന്റര്‍സെക്ഷനുകളുണ്ടാകും. പുതിയ ടില്‍റ്റഡ് ഇന്റര്‍ചേഞ്ച് തുരങ്കത്തിന് ഓരോ ദിശയിലും നാലു പാതകളുണ്ട്.
2020ന്റെ മൂന്നാംപാദത്തില്‍ തുരങ്കപാത പൂര്‍ണമായും തുറക്കുന്നതോടെ മണിക്കൂറില്‍ 16,000 വാഹനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാകും. ഗ്രേസ് റോഡിനെ സംബന്ധിച്ചിടത്തോളം എല്ലാ സൗകര്യങ്ങളോടെയും നാലു ഇന്റര്‍സെക്ഷനുകളുണ്ടാകും. പുതിയ തുരങ്കം അല്‍ദുഹൈല്‍, ഗരാഫ എന്നിവിടങ്ങളില്‍നിന്നും അല്‍റയ്യാനിലേക്കു പോകുന്ന റോഡ് ഉപയോക്താക്കള്‍ക്ക് സൗജന്യ ഗതാഗത ഒഴുക്ക് പ്രദാനം ചെയ്യും.
ഈ പ്രദേശങ്ങള്‍ തമ്മില്‍ നേരിട്ട് കണക്റ്റിവിറ്റി ഉറപ്പാക്കുന്നുണ്ട്. അയല്പ്രദേശങ്ങള്ക്കിടയിലുള്ള യാത്രാസമയത്തിലും കുറവുണ്ടാകും.അല്‍ലുഖ്ത പ്രധാന റോഡിന്റെ ടാറിങ് പ്രവര്‍ത്തികള്‍ അശ്ഗാല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ടില്‍റ്റഡ് ഇന്റര്‍ചേഞ്ചിന്റെ പടിഞ്ഞാറു മുതല്‍ അല്‍വജ്ബ ഇന്റര്‍ചേഞ്ചിന്റെ കിഴക്ക് വരെ ഓരോ ദിശയിലും നാലു പാതകള്‍ ഉള്‍ക്കൊള്ളുന്നതാണ് ലുഖ്ത പ്രധാന റോഡ്. പ്രധാന റോഡ് തുറക്കുന്നതിനു പുറമെ അശ്ഗാല്‍ രണ്ടു സമാന്തര സര്‍വീസ് റോഡുകളും തുറന്നിട്ടുണ്ട്.
സിദ്ര ആസ്പത്രി, ഖത്തര്‍ ഫൗണ്ടേഷന്, ഖത്തര്‍ നാഷണല്‍ ലൈബ്രറി എന്നിവയെ ബന്ധിപ്പിക്കുന്നതാണ് ഈ സമാന്തര റോഡുകള്‍. ഖലീഫ അവന്യു പദ്ധതിയുടെ സുപ്രധാന ഭാഗങ്ങള്‍ അശ്ഗാല്‍ ഇതിനോടകം തുറന്നിട്ടുണ്ട്. പ്രത്യേകിച്ചും മൂന്നു ലെവല്‍ ബനി ഹാജര്‍ ഇന്റര്‍ചേഞ്ചിന്റെ പ്രധാന ഭാഗങ്ങള്‍ തുറന്നു. നേരത്തെ റൗണ്ട്എബൗട്ടായിരുന്നത് കോംപ്ലക്സ് ഇന്റര്‍ചേഞ്ചായി മാറ്റുകയായിരുന്നു. മണിക്കൂറില്‍ 1500 വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനാകും.
ദുഖാന് റോഡ്, ലുഖ്ത സ്ട്രീറ്റ്, അല്‍റയ്യാന്‍ റോഡ് എന്നിവയിലേക്കും ബനിഹാജര്, അല്‍റയ്യാന്‍, ഗറഫാത് അല്‍റയ്യാന്‍, അല്‍ഗരാഫ എന്നിവിടങ്ങളിലെ റസിഡന്‍ഷ്യന്‍ മേഖലകളിലേക്കും ഗതാഗതം സുഗമമാണ്.
എല്ലാ ദിശകളിലേക്കും കണക്റ്റിവിറ്റി ലഭ്യമാക്കുന്നതിനായി രണ്ടു പാലങ്ങള്‍, രണ്ടു അടിപ്പാതകള്‍, മൂന്നു റാമ്പുകള്‍, രണ്ടു ലൂപ്പുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഇന്റര്‍ചേഞ്ച്. പൂര്‍ത്തിയാകുമ്പോള്‍ ഇന്റര്‍ചേഞ്ച് നൂതനമായ 300 മീറ്റര്‍ മള്‍ട്ടിപര്‍പ്പസ് പാലമായി മാറും. ഖത്തരില് ഇത്തരത്തിലെ ആദ്യത്തെ പാലമായിരിക്കുമിത്. സൈക്കിള്‍, കാല്നടപ്പാതകളുമുണ്ടാകും.