in ,

ടി10 ക്രിക്കറ്റ് ലീഗിന് ആതിഥേയത്വം: ഖത്തറിന് ഐസിസിയുടെ അനുമതി

ടി10 ക്രിക്കറ്റ് ലീഗിന് ആതിഥേയത്വം: ഖത്തറിന് ഐസിസിയുടെ അനുമതി

യൂസുഫ് ജഹാം അല്‍കുവാരി

ദോഹ: ഖത്തര്‍ ക്രിക്കറ്റ് അസോസിയേഷന്‍(ക്യുസിഎ) ഈ വര്‍ഷം അവസാനത്തോടെ ടി10 ക്രിക്കറ്റ് ലീഗിന് ആതിഥേയത്വം വഹിക്കും. ഇതുമായി ബന്ധപ്പെട്ട് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ(ഐസിസി) അനുമതി ഖത്തറിനു ലഭിച്ചിട്ടുണ്ട്. വിഖ്യാത പാക് ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദിയായിരിക്കും ക്രിക്കറ്റ് ലീഗിന്റെ ബ്രാന്‍ഡ് അംബാസഡര്‍.

ക്രിക്കറ്റിന്റെ ഏറ്റവും ചെറിയ ഫോര്‍മാറ്റിലുള്ള മത്സരത്തിനായുള്ള തയാറെടുപ്പുകളും ഒരുക്കങ്ങളും ഇതിനോടകം തുടങ്ങിയതായി ക്യുസിഎ പ്രസിഡന്റ് യൂസുഫ് ജഹാം അല്‍കുവാരി പറഞ്ഞു. ഈ വര്‍ഷാവസാനം തന്നെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഏഷ്യന്‍ ടൗണ്‍ സ്റ്റേഡിയത്തില്‍ പ്രൊഫഷണല്‍ ടി10 ലീഗിന് ആതിഥേയത്വം വഹിക്കാനാകുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖത്തര്‍ ടി10 ലീഗിന് ഐസിസി അംഗീകാരം നല്‍കിയിട്ടുണ്ട്. പാകിസ്താന്റെ മുന്‍ രാജ്യാന്തര താരം ഷാഹിദ് അഫ്രീദിയുമായി കൂടിക്കാഴ്ച നടത്തുകയും ലീഗിന്റെ ബ്രാന്‍ഡ് അംബാസഡറാകാമെന്ന് അദ്ദേഹം സന്തോഷത്തോടെ സമ്മതം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യവര്‍ഷം നാലു മുതല്‍ ആറു വരെ ടീമുകളെ ഉള്‍പ്പെടുത്തി ചാമ്പ്യന്‍ഷിപ്പ് നടത്തുന്നതിനാണ് പദ്ധതി.

ഓരോ ടീമിലും എട്ട് വിദേശകളിക്കാരെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കും. അവര്‍ സജീവമായ താരങ്ങളായിരിക്കില്ല പക്ഷെ അറിയപ്പെടുന്ന പരിചയസമ്പന്നരായ കളിക്കാരായിരിക്കും. ഈ താരങ്ങള്‍ക്കൊപ്പം മൂന്നു പ്രാദേശിക കളിക്കാരുമുണ്ടാകും. ഖത്തറിലെ ക്രിക്കറ്റിനെ അടുത്ത ഘട്ടത്തിലേക്ക് നയിക്കാന്‍ ടി10 ലീഗ് സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലീഗുമായി ബന്ധപ്പെട്ട് വ്യത്യസ്ത ക്രിക്കറ്റ് ബോര്‍ഡുകളുമായി ചര്‍ച്ച നടത്തുന്നുണ്ട്. വര്‍ഷാവസാനത്തോടെ ലീഗിന് അനുയോജ്യമായ ഒരു കവാടം തുറന്നുലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാലാകാലങ്ങളില്‍ ലീഗിന്റെ പുരോഗതിയെക്കുറിച്ച് എല്ലാവരെയും അറിയിക്കും. ക്യുസിഎക്ക് എല്ലായിപ്പോഴും ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയുടെ അനുഗ്രഹങ്ങളുണ്ട്.

എന്നാല്‍ പൂര്‍ണ പിന്തുണ ഇനിയുമുണ്ടായിട്ടില്ല. ഖത്തറിലെ കായികവിനോദങ്ങള്‍ക്കായി എന്തുചെയ്യുന്നുവെങ്കിലും രാജ്യത്തിന് കൂടുതല്‍ അംഗീകാരവും പ്രശസ്തിയും നേടാന്‍ സഹായിക്കുന്നു. ഞങ്ങള്‍ക്ക് ക്യുഒസിയുടെ അനുഗ്രഹങ്ങളുണ്ട്.

പക്ഷെ ക്യുഒസിയുടെയും ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനിയുടെയും ശക്തമായ പിന്തുണ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ക്യുസിഎക്ക് പരിമിതമായ വിഭവങ്ങളാണുള്ളത്. ടി10 വലിയ വിജയമാക്കാന്‍ അവ പൂര്‍ണമായും ഉപയോഗിക്കണം. മാത്രമല്ല പ്രധാന സ്‌പോണ്‍സര്‍മാരെയും ടിവി ചാനലുകളായ ബിഇന്‍, അല്‍കാസ് എന്നിവയെയെല്ലാം ആകര്‍ഷിക്കുകയും വേണം.

ഞങ്ങള്‍ വിജയിച്ചാല്‍ ദശലക്ഷക്കണക്കിന് ക്രിക്കറ്റ് ആസ്വാദകര്‍ അതു കാണുമെന്ന് തങ്ങള്‍ക്കറിയാം- അല്‍കുവാരി കൂട്ടിച്ചേര്‍ത്തു. ഖത്തറില്‍ ഏറ്റവുമധികം പേര്‍ പിന്തുടരുന്നതും കളിക്കുന്നതുമായ കായിക ഇനമാണ് ക്രിക്കറ്റ്. സീനിയര്‍, അണ്ടര്‍ 19, അണ്ടര്‍ 16 വിഭാഗങ്ങളിലായി മികച്ച കഴിവുകളുള്ളവരുണ്ട്. ടി10 ലീഗ് പുതിയ തുടക്കമാകുമെന്നാണ് കരുതുന്നത്.

ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍നിന്നുള്ള പ്രവാസികള്‍ക്ക് ക്രിക്കറ്റിനോടു ഇത്രവലിയ അഭിനിവേശമുണ്ടെന്ന് എനിക്കറിയുമായിരുന്നില്ല. ഒരു അവധിദിവസം മാത്രമാണുള്ളതെങ്കിലും അതിരാവിലെ ഇവര്‍ ക്രിക്കറ്റ് കളിയിലേര്‍പ്പെടുന്നത് കാണുമ്പോള്‍ അതിശയം തോന്നുന്നു. അവര്‍ തൊഴിലാളികളായാലും ഡോക്ടര്‍മാരായാലും ഒത്തുചേര്‍ന്ന് ക്രിക്കറ്റ് കളിക്കുന്നു.

അവരുടെ ക്രിക്കറ്റിനോടുള്ള അഭിനിവേശത്തെ വിലമതിക്കുന്നു. ഈ ഉപഭൂഖണ്ഡ രാജ്യങ്ങളില്‍നിന്നുള്ള മാതാപിതാക്കള്‍ അവരുടെ കുട്ടികളെ ക്രിക്കറ്റ് കളിക്കാന്‍ അനുവദിക്കുന്ന് എന്തുകൊണ്ടാണെന്ന് മനസിലാക്കാനായി. ഈ കായികയിനം കണ്ടുകൊണ്ടാണ് അവര്‍ വളരുന്നത്.

അത് അവരുടെ ഗെയിമിനെ വലുതാക്കി- അല്‍കുവാരി പറഞ്ഞു. ഇപ്പോള്‍ ഖത്തര്‍ ക്രിക്കറ്റിനെ ഈ രാജ്യങ്ങളുടെ നിലവാരവുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. പക്ഷെ ഖത്തറിന്റെ സീനിയര്‍ ടീം ഇപ്പോള്‍ നന്നായി കളിക്കുന്നുണ്ട്. ഐസിസി ടി20 ലോകകപ്പ് ഏഷ്യ റീജിയണല്‍ ഫൈനലില്‍ സിംഗപ്പൂരിനെതിരെ നിര്‍ഭാഗ്യകരമായ തോല്‍വി നേരിട്ടു. പക്ഷെ നേപ്പാളിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞത ശ്രദ്ധേയമായ നേട്ടമായിരുന്നു.

ടി10 ലീഗ് ഇവിടെ യാഥാര്‍ഥ്യമാകുന്നതിനു മുമ്പായി ദീര്‍ഘവും വെല്ലുവിളി നിറഞ്ഞതുമായ പാത പിന്നിടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിന്റെ ടി10 ലീഗിന് ഐസിസി ക്ലിയറന്‍സ് ലഭിക്കുകയെന്നത് ബുദ്ധിമുട്ടായിരുന്നു. വിജയകരമായ അന്താരാഷ്ട്ര കായിക മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതില്‍ ഖത്തറിന്റെ പ്രശസ്തിയും അംഗീകാരവും കൗണ്‍സിലിന്റെ അനുമതി വേഗത്തില്‍ ലഭിക്കാന്‍ സഹായകമായി.

ടി10 ലീഗിന് നേരിടുന്ന വെല്ലുവിളികളില്‍ ഒന്നുമാത്രമായിരുന്നു ഇത്. ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അല്‍കുവാരി കൂട്ടിച്ചേര്‍ത്തു. വിജയത്തിനായി കഠിനമായ പരിശ്രമങ്ങളാണ് നടത്തുന്നത്. ആദ്യവര്‍ഷം മികച്ച രീതിയില്‍ സംഘടിപ്പിക്കാനാകുമെങ്കില്‍ അടുത്ത പതിപ്പുകള്‍ കൂടുതല്‍ സുഗമമാകും- യൂസുഫ് ജഹാം അല്‍കുവാരി പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഈദുല്‍ അദ്ഹ: ഭക്ഷ്യസ്ഥാപനങ്ങളില്‍ പരിശോധന ശക്തമാക്കുന്നു

സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യത: ഡോ. സീതാരാമന്‍