
ദോഹ: കുവൈത്തിനെതിരായ ടി20 ക്രിക്കറ്റ് പരമ്പരയില്‍ ഖത്തറിന് വിജയം. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ രണ്ടു മത്സരങ്ങള്‍ വിജയിച്ചപ്പോള്‍ കുവൈ് ഒരു മത്സരം ജയിച്ചു. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ ഓരോന്നില്‍ വീതം ഇരു ടീമുകളും ജയിച്ചപ്പോള്‍ മൂന്നാം മത്സരം നിര്‍ണായകമായി. ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ അവസാന പന്തില്‍ മുഹമ്മദ് റിസ്ലന് നേടിയ സിക്സറാണ് ഖത്തറിന് ത്രില്ലിങ് വിജയം നേടിക്കൊടുത്തത്.
ആദ്യം ബാറ്റ് ചെയ്ത കുവൈത്ത് 203 റണ്‍സാണ് സ്കോര്‍ ചെയ്തത്. മറുപടി ബാറ്റിങില്‍ അവസാന പന്തില്‍ ഖത്തറിന് ജയിക്കാന്‍ വേണ്ടിയിരുന്നത് നാലു റണ്‍സ്. മുഹമ്മദ് റിസ്ലന്റെ സിക്സറിലൂടെ അഞ്ചു വിക്കറ്റിന്റെ വിജയം ഖത്തര്‍ നേടി. ഖത്തറിനുവേണ്ടി മുഹമ്മദ് തന്‍വീര്‍ അന്‍പത് റണ്‍സും ക്യാപ്റ്റന്‍ തമൂര്‍ സജ്ജാദ് 37 റണ്‍സും സ്കോര്‍ ചെയ്തു.
38 റണ്‍സുമായി റിസ്ലന് പുറത്താകാതെ നിന്നു. ഖത്തര്‍ ക്രിക്കറ്റ് അസോസിയേഷന്(ക്യുസിഎ) പ്രസിഡന്റ് യൂസുഫ് ജെഹാം അല്‍കുവാരിയാണ് രാജ്യാന്തര ടി20 ക്രിക്കറ്റ് സീരിസിന് നേതൃത്വം നല്‍കുന്നത്. ഇരുടീമുകള്‍ക്കും മികച്ച പ്രകടനം നടത്തിയവര്‍ക്കും അല്‍കുവാരി ട്രോഫികളും മെഡലുകളും സമ്മാനിച്ചു. ഖത്തറിനുവേണ്ടി ക്യാപ്റ്റന്‍ തമൂര്‍ സജ്ജാദും ടീം മാനേജര്‍ ഗുല്ഖാന് ജാദൂനും കോച്ച് ശാഹിദ് മെഹ്ബൂദും ചേര്‍ന്ന് ട്രോഫി ഏറ്റുവാങ്ങി.
ഖത്തര്‍ ടീമിന്റെ പ്രകടനത്തെ ക്യുസിഎ പ്രസിഡന്റ് പ്രശംസിച്ചു. ജൂലൈ 22 മുതല്‍ 28വരെ നടക്കുന്ന ഏഷ്യന്‍ റീജിയണല്‍ ഫൈനല്‍സ് യോഗ്യതാ ചാമ്പ്യന്‍ഷിപ്പിനു മുന്നോടിയായുള്ള തയാറെടുപ്പുകള്‍ കൂടിയായിരുന്നു ഈ മത്സരം. അഞ്ചു ടീമുകള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പ് സിംഗപ്പൂരിലായിരിക്കും നടക്കുക. ഖത്തറിനും കുവൈത്തിനും പുറമെ നേപ്പാള്‍, മലേഷ്യ, സിംഗപ്പൂര്‍ ടീമുകളാണ് പങ്കെടുക്കുന്നത്.
ഇതില്‍ ജേതാക്കളാകുന്നവര്‍ക്ക് 2019 ഐസിസി ടി20 ലോകകപ്പ് യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാം. ഈ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ യുഎഇയിലാണ് യോഗ്യതാ ചാമ്പ്യന്‍ഷിപ്പ്.