
ദോഹ: ടൂറിസം, പൈതൃക മേഖലയില്‍ ഖത്തറും ജോര്‍ദ്ദാനും സഹകരണം ശക്തമാക്കുന്നു. ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഉന്നതതലസംഘം ജോര്‍ദാന്‍ സന്ദര്‍ശിച്ചു. സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഖത്തര്‍ പ്രതിനിധിസംഘം പങ്കെടുത്തു.
ജോര്‍ദാനിയന്‍ ടൂറിസം, പൈതൃക മേഖലയിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. ടൂറിസം, കരകൗശലമേഖല, പുരാതനവസ്തുക്കള്‍, പരിസ്ഥിതി ടൂറിസം, വാസ്തുവിദ്യാ ടൂറിസം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നത് ചര്‍ച്ചയായി. ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സില്‍ അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ ഹസന് അല്ഇബ്രാഹിമാണ് ഖത്തര്‍ സംഘത്തെ നയിച്ചത്.
ജോര്‍ദാന്‍ ടൂറിസം മന്ത്രി മജദ് ശുവൈഖ്, പെട്ര നാഷണല്‍ ട്രസ്റ്റ് പ്രസിഡന്റും യുനസ്കോ ഗുഡ്വില് അംബാസഡറുമായ പ്രിന്‍സസ് ദന ഫിറാസ്, ജോര്‍ദാന്‍ ടൂറിസം ബോര്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ.അബ്ദുല്‍റസാഖ് അറബിയാത്ത് എന്നിവരുമായി വെവ്വേറെ ചര്‍ച്ചകള്‍ നടത്തി.
പൈതൃകസ്ഥലങ്ങളും പ്രകൃതി സംരക്ഷണകേന്ദ്രങ്ങളും സംരക്ഷിക്കുന്നതിലും പരിപാലിക്കുന്നതിലും ജോര്‍ദാനിയന്‍ അനുഭവസമ്പത്തും വൈദഗ്ദ്ധ്യവും പ്രയോജനപ്പെടുത്താന്‍ ധാരണയായി. ടൂറിസം മേഖലയിലെ അനുഭവങ്ങളും അറിവുകളും പങ്കുവയ്ക്കും.
പെട്ര നാഷണല്‍ ട്രസ്റ്റിന്റെ 30-ാം വാര്‍ഷികാഘോഷ ചടങ്ങുകളിലും ഖത്തര്‍ സംഘം പങ്കെടുത്തു. ദേശീയ പൈതൃക സംരക്ഷണത്തിനും സംരക്ഷണത്തിനുമായി പ്രവര്‍ത്തിക്കുന്ന ജോര്‍ദാനിലെ ഏറ്റവും പഴക്കംചെന്ന സര്‍ക്കാരിതര സംഘടനയാണിത്.