
ആര്‍ റിന്‍സ്
ദോഹ
ഖത്തര്‍ ടോട്ടല്‍ ഓപ്പണിന്റെ ഡബിള്‍സില്‍ ഇന്ത്യന്‍ താരം സാനിയ മിര്‍സ ഇന്നിറങ്ങും. ഫ്രാന്‍സിന്റെ കരോലിന്‍ ഗാര്‍സിയയാണ് പങ്കാളി. ഇന്നു വൈകുന്നേരം ഖലീഫ ടെന്നീസ് സ്‌ക്വാഷ് കോംപ്ലക്‌സില്‍ നടക്കുന്ന ആദ്യറൗണ്ട് മത്സരത്തില്‍ തുര്‍ക്കിയുടെ കാഗ്്‌ല ബുയുകാകെ- ജര്‍മനിയുടെ ലൗറ സീഗ്മണ്ട് സഖ്യമാണ് സാനിയ സഖ്യത്തിന്റെ എതിരാളികള്‍. പ്രസവത്തിനായി 2018ല്‍ ടെന്നീസ് കോര്‍ട്ടില്‍ നിന്നും മാറിനിന്ന താരം അടുത്തിടെയാണ് വീണ്ടും മത്സരവേദിയിലേക്ക് തിരിച്ചെത്തിയത്. ഹൊബാര്‍ട്ട് ഇന്റര്‍നാഷണല്‍ ടെന്നീസ് ഡബിള്‍സ് കിരീടം സ്വന്തമാക്കി ടെന്നീസ് ലോകത്തേക്ക് തിരിച്ചുവരവ് ഗംഭീരമാക്കുകയും ചെയ്തു.
സാനിയ മിര്‍സ- നാദിയ കിചെനോക് സഖ്യമാണ് കിരീടം നേടിയത്. 2018 ഏപ്രിലില്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയായിരുന്നു സാനിയ താന്‍ ഗര്‍ഭിണിയാണെന്ന് ലോകത്തെ അറിയിച്ചത്. ഒക്ടോബറില്‍ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. നിലവില്‍ ഡബിള്‍സ് ലോക റാങ്കിങില്‍ 253-ാം സ്ഥാനത്താണ് സാനിയ മിര്‍സ. ഇതുവരെ 42 ഡബ്ല്യുടിഎ കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ടെന്നീസിലെ ജനപ്രിയമുഖമായ സാനിയ മിര്‍സയുടെ സാന്നിധ്യം ഖത്തര്‍ ടോട്ടല്‍ ഓപ്പണിന് കൂടുതല്‍ ആവേശം പകരും. ലോകത്തെ പ്രമുഖ ചാമ്പ്യന്‍ഷിപ്പുകളില്‍ സാന്നിധ്യമായ സാനിയയ്ക്ക് ഖത്തറിലും വലിയ ആസ്വാദകപിന്തുണയുണ്ട്. ദോഹയില്‍ മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ അവര്‍ക്കായിട്ടുണ്ട്. അതേസമയം ടോട്ടല്‍ ഓപ്പണിന്റെ സിംഗിള്‍സ്, ഡബിള്‍സ് ഒന്നാം റൗണ്ട് മത്സരങ്ങള്‍ക്ക് ഇന്നലെ തുടക്കമായി. സിംഗിള്‍സില്‍ ലോക ഒന്നാം റാങ്ക് താരം ഓസ്‌ട്രേലിയയുടെ അഷ്‌ലെ ബാര്‍ട്ടി, ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്‌കോവ, സ്വിറ്റ്‌സര്‍ലന്റിന്റെ ബെലിന്‍ഡ ബെന്‍സിക്, ഉക്രെയ്‌നിന്റെ എലിന സ്വിറ്റോലിന, നെതര്‍ലന്റിന്റെ കികി ബെര്‍ട്ടന്‍സ് എന്നിവരുള്‍പ്പടെയുള്ള താരങ്ങള്‍ക്ക് ഒന്നാം റൗണ്ടില്‍ ബൈ ലഭിച്ചിട്ടുണ്ട്. ഇന്നലെ നടന്ന പ്രധാന ഒന്നാം റൗണ്ട് മത്സരങ്ങളില്‍ നിലവിലെ ടോട്ടല്‍ ഓപ്പണ്‍ ചാമ്പ്യന്‍ ബെല്‍ജിയത്തിന്റെ എലിസ് മെര്‍ട്ടന്‍സ്, സ്‌പെയിനിന്റെ ഗാര്‍ബിന്‍ മുഗുരൂസ, റഷ്യയുടെ സ്വെറ്റ്‌ലാന കുറ്റ്‌നെത്സോവ തുടങ്ങിയവര്‍ വിജയിച്ച് രണ്ടാംറൗണ്ടില്‍ കടന്നു. അതേസമയം മുന്‍ ടോട്ടല്‍ ഓപ്പണ്‍ ചാമ്പ്യനും ലോക രണ്ടാംറാങ്ക് താരവുമായ റുമാനിയയുടെ സിമോണ ഹാലെപ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പിന്‍മാറി. പരുക്കിനെത്തുടര്‍ന്നാണ് പിന്‍മാറ്റം. അടുത്തവര്‍ഷം ദോഹയില്‍ കളിക്കാനെത്തുമെന്ന് ഹാലെപ് പ്രതികരിച്ചു. മുന്‍നിര താരങ്ങളായ ഓസ്‌ട്രേലിയയുടെ അഷ്‌ലെ ബാര്‍ട്ടിയും ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്‌ക്കോവയും കഴിഞ്ഞദിവസം മുഷൈരിബ് ഡൗണ്‍ടൗണ്‍ സന്ദര്‍ശിച്ചു. ബറാഹത് മുഷൈരിബിലെ പൊതുചത്വരത്തില്‍ പ്രത്യേകം തയാറാക്കിയ കോര്‍ട്ടില്‍ ഇരുവരും സൗഹൃദ മത്സരം കളിച്ചു.
മുഷൈരിബിലെ ട്രാമിലും ഇരുവരും യാത്ര നടത്തി. മുഷൈരിബിന്റെ സൗകര്യങ്ങളില്‍ ഇരുവരും മതിപ്പ് രേഖപ്പെടുത്തി. ടോട്ടല്‍ ഓപ്പണ്‍ കളിക്കാനെത്തിയ ജൂലിയ ജോര്‍ജസ് കഴിഞ്ഞ ദിവസം ദോഹയിലെ ജര്‍മന്‍ രാജ്യാന്തര സ്‌കൂളില്‍ സന്ദര്‍ശനം നടത്തി. സ്‌കൂള്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു.