
ദോഹ: ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ സാധാരണജനങ്ങളെ ലക്ഷ്യംവെച്ചുള്ള വ്യോമാക്രമണങ്ങളെ ഖത്തര്‍ ശക്തമായി അപലപിച്ചു. കഴിഞ്ഞദിവസമുണ്ടായ വ്യോമാക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്നു സഹോദരിമാര്‍ കൊല്ലപ്പെടുകയും ആ കുടുംബത്തിലെ നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജനങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ ലക്ഷ്യമിട്ടുള്ള ബോംബാക്രമണം രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നും യുദ്ധക്കുറ്റമായി കാണണമെന്നും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമായി കണക്കാക്കണമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
സിവിലയന്‍മാരെ സംരക്ഷിക്കുന്നതിന് അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്ന് ഖത്തര്‍ രാജ്യാന്തര സമൂഹത്തോടു ആവശ്യപ്പെട്ടു. കുറ്റവാളികളെ അന്താരാഷ്ട്ര നീതിയുടെ മുന്നിലേക്ക് കൊണ്ടുവരുന്നതിനായി സംഭവത്തെക്കുറിച്ച് അടിയന്തിര അന്വേഷണം നടത്തണം.
ഇരകളുടെ കുടുംബങ്ങള്‍ക്കും സര്‍ക്കാരിനും ലിബിയയിലെ ജനങ്ങള്‍ക്കും ഖത്തര്‍ അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് മന്ത്രാലയം ആശംസിച്ചു.