in , ,

ട്രോളിഗ്ടിവിസ് യാത്രാകപ്പുകള്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചു

ദോഹ: വ്യവസായ വാണിജ്യമന്ത്രാലയം ഐകിയയുമായി സഹകരിച്ച് ഇന്ത്യന്‍ നിര്‍മ്മിത ട്രോളിഗ്ടിവിസ് യാത്രാകപ്പുകള്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് നടപടി. മെയ്ഡ് ഇന്‍ ഇന്ത്യ എന്നു അടയാളപ്പെടുത്തി ട്രോളിഗ്ടിവിസ് ട്രാവല്‍ മഗ് ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് ഐകിയ എല്ലാ ഉപഭോക്താക്കളോടും ആവശ്യപ്പെട്ടു. നിര്‍ദ്ദിഷ് പരിധിയിലുമധികം രാസവസ്തുക്കള്‍ ഉത്പന്നത്തില്‍ മൈഗ്രേറ്റ് ചെയ്‌തേക്കാമെന്ന സമീപകാല പരിശോധനാ റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തിലാണ് നടപടി. ഈ യാത്രാ കപ്പ്(ട്രാവല്‍ മഗ്) കൈവശമുള്ള ഉപഭോക്താക്കള്‍ ഏതെങ്കിലും ഐകിയ സ്‌റ്റോറില്‍ മടക്കി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പനി കപ്പിന്റെ മുഴുവന്‍ തുകയും മടക്കിനല്‍കും. ഖത്തര്‍ ഇറ്റലിയില്‍നിന്നാണ് കപ്പുകള്‍ ഇറക്കുമതി ചെയ്യുന്നതെന്നും അവ ഡിബിപി രാസവസ്ത്തുക്കളില്‍നിന്നും മുക്തമാണെന്നും ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ട കപ്പുകളിലാണ് ഡിബിപി രാസവസ്തുവിന്റെ സാന്നിധ്യം പ്രകടമായതെന്നും മന്ത്രാലയം വ്യക്തമാക്കി. ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും സുരക്ഷാ നടപടികള്‍ ഉയര്‍ത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളില്‍നിന്നുകൊണ്ട് പ്രദര്‍ശിപ്പിച്ചതും സംഭരിച്ചതുമായ എല്ലാ കപ്പുകളും മന്ത്രാലയം തിരിച്ചുവിളിച്ചു.
ഐകിയയുമായുള്ള കരാറിന്റെ ഭാഗമായി സുരക്ഷ ഉറപ്പുവരുത്തുന്നതിനായി മന്ത്രാലയം പരിശോധനയ്ക്കായി സാമ്പിളുകള്‍ അയയ്ക്കും. പ്ലാസ്റ്റിക്കുകളെ മൃദുവും വഴക്കമുള്ളതുമാക്കി മാറ്റാന്‍ സാധാരണയായി ഉപയോഗിക്കുന്ന രാസവസ്തുവായ ഡിബുഥൈല്‍ ഫത്താലേറ്റിന്റെ (ഡിബിപി) അളവ് ട്രാവല്‍ മഗ് പരിധിയിലധികമായി മൈഗ്രേറ്റ് ചെയ്യുമെന്ന് കാണിക്കുന്ന പരിശോധനാ റിപ്പോര്‍ട്ടുകള്‍ ഐകിയക്ക് അടുത്തിടെ ലഭിച്ചിരുന്നു. ഭക്ഷ്യ സമ്പര്‍ക്ക ഉല്‍പ്പന്നങ്ങളില്‍ എല്ലാത്തരം ഫത്താലേറ്റുകളും ഉപയോഗിക്കുന്നത് ഐകിയ വര്‍ഷങ്ങളായി നിരോധിച്ചിട്ടുണ്ട്.
അതിനാല്‍ അന്വേഷണ സമയത്ത് ട്രാവല്‍ മഗിന്റെ വില്‍പന നിര്‍ത്തിവച്ചു. ‘മെയ്ഡ് ഇന്‍ ഇന്ത്യ’ എന്ന് അടയാളപ്പെടുത്തിയ ട്രാവല്‍മഗുകളില്‍ ഈ രാസവസ്തു ബാധിച്ചേക്കാമെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ട്രോളിഗ്ടിവിസ് ട്രാവല്‍മഗ് കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ മുതല്‍ വില്‍ക്കുന്നുണ്ട്. ഇന്ത്യന്‍ നിര്‍മിത ഈ ട്രാവല്‍ മഗ് കൈവശമുള്ളവര്‍ ഐകിയ സ്‌റ്റോറില്‍ തിരിച്ചേല്‍പ്പിച്ചാല്‍ പൂര്‍ണമായും റീഫണ്ട് ലഭിക്കും. റസിപ്റ്റ് ഉള്‍പ്പടെ ഉത്പന്നം വാങ്ങിച്ചതിന്റെ തെളിവുകളൊന്നും നല്‍കേണ്ടതില്ലെന്നും ഐകിയ വ്യക്തമാക്കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അല്‍ഖര്‍സ സൗരോര്‍ജ പദ്ധതി: കരാറുകള്‍ ഒപ്പുവെച്ചു

വനിതാ ട്വന്റി 20 ക്രിക്കറ്റ്: ഖത്തറിനും ഒമാനും വിജയം