in

ട്വന്റി 20 ക്രിക്കറ്റ്: ഉഗാണ്ടക്കെതിരെ ഖത്തറിന് 40 റണ്‍സ് വിജയം

ഉഗാണ്ടക്കെതിരായ പ്രഥമ ടി20യില്‍ മാന്‍ ഓഫ് ദി മാച്ച് നേടിയ മുഹമ്മദ് തന്‍വീറിന് പുരസ്‌കാരം സമ്മാനിക്കുന്നു

ദോഹ: ഐസിസി ടി20 ടൂര്‍ണമെന്റിലെ പ്രഥമ മത്സരത്തില്‍ ഉഗാണ്ടക്കെതിരെ ഖത്തറിന് 40 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ദോഹയിലെ ഏഷ്യന്‍ ടൗണ്‍ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം.
ഓള്‍റൗണ്ടര്‍ മുഹമ്മദ് തന്‍വീറിന്റെ കരിയറിലെ അഞ്ചാം അര്‍ധ സെഞ്ച്വറിയാണ് ഖത്തറിന്റെ വിജയം സുഗമമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഖത്തര്‍ നിശ്ചിത 20 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 201 റണ്‍സ് നേടി. 34 പന്തില്‍ നിന്ന് ആറു സിക്‌സും ഒരു ഫോറും ഉള്‍പ്പടെ പുറത്താകാതെ 57 റണ്‍സ് നേടിയ 39കാരനായ തന്‍വീറിന്റെ പ്രകടനം വിജയത്തില്‍ നിര്‍ണായകമായി. മറുപടി ബാറ്റിങില്‍ ഉഗാണ്ടയുടെ ടോപ് സ്‌കോററായ ഫ്രാങ്ക് അകന്‍ക്വാസയെ പുറത്താക്കിയതും തന്‍വീറായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ജേഴ്‌സിക്കെതിരെയും തന്‍വീര്‍ പുറത്താകാതെ 57 റണ്‍സ് നേടിയിരുന്നു. ജേഴ്‌സിക്കെതിരെ 3-0നായിരുന്നു ഖത്തറിന്റെ വിജയം. ഉഗാണ്ടക്കെതിരായ ആദ്യ മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചും മുഹമ്മദ് തന്‍വീറായിരുന്നു. ഖത്തര്‍ ക്രിക്കറ്റ് അസോസിയേഷന്‍(ക്യുസിഎ) ഓപ്പറേഷന്‍സ് മാനേജര്‍ മന്‍സൂര്‍ അഹമ്മദ് തന്‍വീറിന് പുരസ്‌കാരം സമ്മാനിച്ചു.
ആദ്യം ബാറ്റ് ചെയ്ത ഖത്തറിനായി ഓപ്പണര്‍മാരായ സെഹീറുദ്ദീന്‍ ഇബ്രാഹിമും കമ്രാന്‍ ഖാനും മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന സഖ്യം 10.1 ഓവറില്‍ 101 റണ്‍സാണ് അടിച്ചുകൂട്ടിയത്. 34 പന്തില്‍ ഒരു സിക്‌സും ഏഴു ബൗണ്ടറിയും സഹിതം 50 റണ്‍സെടുത്ത സെഹീറുദ്ദീന്‍ റൗണ്‍ഔട്ടാവുകയായിരുന്നു. 33 പന്തില്‍ മൂന്നു ഫോറും ഒരു സിക്‌സും സഹിതം 43 റണ്‍സെടുത്ത കമ്രാന്‍ ഖാന്‍ ഫ്രാങ്ക് സുബുഗയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് തന്‍വീറും പുതുമുഖം ഇമാല്‍ ലിയനാഗെയും ചേര്‍ന്ന അപരാജിത മൂന്നാംവിക്കറ്റ് കൂട്ടുകെട്ട് 95 റണ്‍സ് നേടി. തന്‍വീര്‍ 57 റണ്‍സും ലിയനാഗെ 22 പന്തില്‍ നിന്നും 37 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. മറുപടി ബാറ്റിങില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുക്കാനെ ഉഗാണ്ടക്ക് സാധിച്ചുള്ളു. ദുസെഡെഡിറ്റ് മുഹുമുസ 42ഉം ഫ്രാങ്ക് അകന്‍ക്വാസ 66ഉം റണ്‍സെടുത്തു. മുഹമ്മദ് അവൈസ് മാലിക്ക് രണ്ടും ഗയാന്‍ ബുദിക, ഇക്ബാല്‍ ഹുസൈന്‍ ചൗധരി, മുഹമ്മദ് നദീം, മുഹമ്മദ് തന്‍വീര്‍ എന്നിവര്‍ ഓരോന്നുവീതം വിക്കറ്റുകളുമെടുത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കത്താറയുടെ പ്രഥമ വസ്മി ഉദ്യാന ഫെസ്റ്റിവല്‍ ഈ മാസം 18 മുതല്‍

ബനാന ദ്വീപില്‍ പവിഴപ്പുറ്റുകള്‍ക്കായി കൃത്രിമ തിട്ടകള്‍ സ്ഥാപിച്ചു