in ,

ഡിഇസിസി വിനോദനഗരം സന്ദര്‍ശിച്ചത് 75,000 പേര്‍

ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വന്‍ഷന്‍ സെന്ററിലെ വിനോദനഗരത്തില്‍ നിന്നുള്ള ദൃശ്യം

ദോഹ: ‘സമ്മര്‍ ഇന്‍ ഖത്തര്‍’ സീസണിന്റെ ഭാഗമായി ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വന്‍ഷന്‍ സെന്ററിലൊരുക്കിയ വിനോദനഗരത്തില്‍ സന്ദര്‍ശനം നടത്തിയത് 75,000ലധികം പേര്‍. വൈവിധ്യമാര്‍ന്ന ആഘോഷപരിപാടികളുടെ വിസ്മയക്കാഴ്ചകളൊരുക്കിയ വിനോദനഗരത്തിന് ആഗസ്ത് 23ന് കൊടിയിറങ്ങിയിരുന്നു.

ഈദുല്‍ ഫിത്വര്‍ മുതല്‍ ഈദുല്‍അദ്ഹ അവധി ആഘോഷംവരെ രണ്ടു ഘട്ടങ്ങളിലായി 54 ദിവസങ്ങളിലാണ് വിനോദനഗരം പ്രവര്‍ത്തിച്ചത്. മുന്‍വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. വിനോദനഗരത്തിലെ എല്ലാ വിഭാഗങ്ങളും ജനപ്രിയമായി.

കുട്ടികളും കുടുംബങ്ങളും ഉള്‍പ്പടെയുള്ളവരെ വലിയതോതില്‍ ആകര്‍ഷിച്ചു. വാരാന്ത്യങ്ങളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഈദുല്‍ഫിത്വറിന്റെ ഒന്നാം ദിനമായ ജൂണ്‍ നാലിനാണ് വിനോദനഗരത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. വിനോദനഗരത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനം ജൂലൈ 13വരെയായിരുന്നു.

ഈദുല്‍ അദ്ഹ ആഘോഷങ്ങളുടെ ഭാഗമായി ആഗസ്ത് ഒന്‍പതിനാണ് രണ്ടാംഘട്ട പ്രവര്‍ത്തനം തുടങ്ങിയത്. 23വരെ തുടര്‍ന്നു. സന്ദര്‍ശകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ജനങ്ങളെ തൃപ്തിപ്പെടുത്തുന്നതിനായി നൂതനമായ വിനോദ ഉപാധികളാണ് ഇത്തവണ ക്രമീകരിച്ചിരുന്നതെന്നും വിനോദനഗരത്തിനു ചുക്കാന്‍പിടിച്ച ക്യു സ്‌പോര്‍ട്‌സിന്റെ സ്ഥാപകനും ബോര്‍ഡംഗവുമായ ആദില്‍ അഹമ്മദ് പറഞ്ഞു.

ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് സുഗമമായി നീങ്ങാവുന്ന വിധത്തിലായിരുന്നു വിനോദനഗരത്തിലെ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രതിദിനം ശരാശരി 3500പേരാണ് വിനോദ നഗരം സന്ദര്‍ശിച്ചത്. കുട്ടികളെയും കുടുംബങ്ങളെയും ആകര്‍ഷിക്കുന്ന രീതിയിലായിരുന്നു വിനോദനഗരം. 29,000 സ്‌ക്വയര്‍മീറ്ററിലായിട്ടാണിത്. 6000 സ്‌ക്വയര്‍ മീറ്ററിലായി വിര്‍ച്വല്‍ റിയാലിറ്റി-ഗെയിമിങ് സോണും ഒരുക്കിയിരുന്നു.

കഴിഞ്ഞവര്‍ഷം 800 സ്വ്കയര്‍മീറ്ററിലായിരുന്നു വിആര്‍- ഗെയിമിങ് സോണ്‍. മികച്ച പ്രതികരണത്തിന്റെയും ആവശ്യകത വര്‍ധിച്ചതിന്റെയും പശ്ചാത്തലത്തിലാണ് ഇത്തവണ കൂടുതല്‍ വിശാലമാക്കിയത്. ബൗണ്‍സി കാസ്റ്റില്‍സ്, മിനി ഗോള്‍ഫ് കോഴ്‌സ്, റൈഡുകള്‍, സ്‌കില്‍ ഗെയിമുകള്‍, വീഡിയോ ഗെയിമുകള്‍, തല്‍സമയ വിനോദഷോകള്‍, ഭക്ഷ്യ- പാനീയ- ഷോപ്പിങ് സൗകര്യങ്ങള്‍ എന്നിവയും സന്ദര്‍ശകശ്രദ്ധ നേടി.

47ലധികം ഫുഡ് ഔട്ട്‌ലെറ്റുകളാണുണ്ടായിരുന്നത്. ഇതില്‍ 70ശതമാനവും പ്രാദേശിക ഔട്ട്‌ലെറ്റുകളായിരുന്നു. വിനോദ നഗരത്തിലെ റീട്ടെയ്ല്‍ വിഭാഗത്തിലും സന്ദര്‍ശകത്തിരക്കുണ്ടായിരുന്നു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള കലാകാരന്‍മാരുടെ തല്‍സമയ പ്രകടനവും ആസ്വാദ്യകരമായി. ഒരുമാസത്തിലധികം നീണ്ട ഒന്നാംഘട്ടത്തില്‍ മാത്രം വിനോദനഗരത്തില്‍ 60,000ഓളം പേര്‍ സന്ദര്‍ശിച്ചു.

വിനോദനഗരത്തില്‍ ഈദ് ദിനങ്ങളില്‍ കൂടുതല്‍ വര്‍ധിച്ച പരിപാടികള്‍ ക്രമീകരിച്ചത് സന്ദര്‍ശകത്തിരക്ക് വര്‍ധിക്കാനിടയാക്കി. ഉച്ചക്ക് ഒന്നു മുതല്‍ രാത്രി പതിനൊന്നുവരെയായിരുന്നു പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കിയിരുന്നത്. അടുത്തവര്‍ഷം കൂടുതല്‍ മികച്ച രീതിയില്‍ വിനോദനഗരം സംവിധാനിക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തര്‍ ദേശീയ മ്യൂസിയത്തിന് വീണ്ടും രാജ്യാന്തര അംഗീകാരം

അണ്ടര്‍-18 ബാസ്‌ക്കറ്റ്‌ബോള്‍: യുഎഇക്കെതിരെ ഖത്തറിന് വിജയം