in ,

ഡിഎഫ്‌ഐയുടെ സഹായത്തോടെ നിര്‍മിച്ച ഏഴു ചിത്രങ്ങള്‍ കാനില്‍

ഹ്രസ്വചിത്ര വിഭാഗത്തില്‍ ഖത്തറിലെ ആറു സിനിമകളും പ്രദര്‍ശിപ്പിക്കും

ദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ(ഡിഎഫ്‌ഐ) ധനസഹായത്തോടെ നിര്‍മിച്ച ഏഴു ചിത്രങ്ങള്‍ 72-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും.ഇതിലൊരു സിനിമ മത്സരവിഭാഗത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മേയ് 14 മുതല്‍ 25 വരെയാണ് വിഖ്യാതമായ കാന്‍ രാജ്യാന്തര ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നത്. ഡിഎഫ്‌ഐയുടെ ഗ്രാന്റ്‌സ് പദ്ധതി പ്രകാരം നിര്‍മിച്ച സിനിമകള്‍ കാനില്‍ വിവിധ വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിക്കും. ഡിഎഫ്‌ഐ ധനസഹായത്തോടെ നിര്‍മിച്ച നാലു സിനിമകളാണ് ഇതുവരെയായി കാന്‍ ഫെസ്റ്റിവലിന്റെ മത്സരവിഭാഗത്തില്‍ ഇടംനേടിയിട്ടുള്ളത്.

മെന മേഖലയില്‍ ഈ നേട്ടം കൈവരിക്കുന്ന ഏക സാംസ്‌കാരിക സംഘടനയാണ് ഡിഎഫ്‌ഐ. 2016ല്‍ അസ്ഗര്‍ ഫര്‍ഹാദിയുടെ ദി സെയില്‍സ്മാന്‍, 2018ല്‍ നദൈന്‍ ലബകിയുടെ കാപ്‌ഹെര്‍നോം, നൂറി ബില്‍ഗെ സെയ്‌ലാന്റെ ദി വൈല്‍ഡ് പിയര്‍ ട്രീ എന്നിവയാണ് ഇതിനു മുമ്പ് മത്സരവിഭാഗത്തില്‍ ഇടംനേടിയത്.

ഡിഎഫ്‌ഐയുടെ ധനസഹായത്തോടെ ഫലസ്തീനിയന്‍ സംവിധായകന്‍ ഏലിയ സുലൈമാന്‍ ഒരുക്കിയ ഇറ്റ് മസ്റ്റ് ബി ഹെവനാണ് ഇത്തവണ മത്സരവിഭാഗത്തില്‍ ഇടം നേടിയത്. 2002ല്‍ കാന്‍ ഫെസ്റ്റിവല്‍ ജൂറി പ്രൈസ് ഏലിയ സുലൈമാന്റെ ഡിവൈന്‍ ഇന്റര്‍വെന്‍ഷനാണ് ലഭിച്ചത്. 2006ല്‍ കാനിലെ ജൂറി അംഗമായിരുന്നു.

അദ്ദേഹത്തിന്റെ ദി ടൈം ദാറ്റ് റിമെന്‍സിന്റെ ആദ്യ പ്രദര്‍ശനം കാനിലായിരുന്നു. മറിയം തൗസാനിയുടെ ആദം, 2019 ഖുംറ പദ്ധതിയായ മുനിയ മെദ്ദൂറിന്റെ പാപിച്ച എന്നിവ അണ്‍സെര്‍ട്ടെയ്ന്‍ റിഗാര്‍ഡ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

അമീന്‍ സിദി ബൗമിദൈന്റെ അബൂലൈല, അലാവുദ്ദീന്‍ അല്‍ജെമിന്റെ ദി അണ്‍നോണ്‍ സെയ്ന്റ്, ജോണി മായുടെ ടു ലൈവ് ടു സിങ്, ഷര്‍ബാനു സാദത്തിന്റെ ദി ഓര്‍ഫനേജ് എന്നിവയാണ് പ്രദര്‍ശിപ്പിക്കുന്നത്. കാനില്‍ ഖത്തറിന്റെ സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇത്തവണയും ഷോര്‍ട്ട് ഫിലം കോര്‍ണര്‍ വിഭാഗത്തില്‍ പ്രത്യേക മെയ്ഡ് ഇന്‍ ഖത്തര്‍ ഹ്രസ്വചിത്രങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.

കാനില്‍ സിനിമകളെ പ്രതിനിധീകരിക്കാന്‍ ഖത്തറിനും ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനും കഴിയുന്നു എന്നത് അനിതരസാധാരണമായ ബഹുമതിയും അംഗീകാരവുമാണെന്നും അത്യധികമായ സന്തോഷമുണ്ടെന്നും ഡിഎഫ്‌ഐ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഫാത്തിമ അല്‍ റുമൈഹി പറഞ്ഞു. ചലച്ചിത്രനിര്‍മാണത്തില്‍ ഉന്നതനിലവാരം പുലര്‍ത്തുന്നവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്നും അവര്‍ പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ദോഹ മാള്‍ അടുത്തവര്‍ഷം ഫെബ്രുവരിയില്‍ തുറക്കും

ആനാണ്ടി അനുസ്മരണം ഇന്ന്; വിവി മുഹമ്മദലി പങ്കെടുക്കും