in ,

ഡിഎഫ്‌ഐയുടെ സഹായത്തോടെ നിര്‍മിച്ച സിനിമക്ക് കാനില്‍ അംഗീകാരം

കാന്‍ ഫെസ്റ്റിവലില്‍ പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം ഫോട്ടോക്ക് പോസ് ചെയ്യുന്ന ഏലിയ സുലൈമാന്‍

ആര്‍.റിന്‍സ്

ദോഹ

ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ(ഡിഎഫ്‌ഐ) ധനസഹായത്തോടെ നിര്‍മിച്ച സിനിമക്ക് 72-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം. വിഖ്യാത ഫലസ്തീനിയന്‍ സംവിധായകന്‍ ഏലിയ സുലൈമാന്റെ ഇറ്റ് മസ്റ്റ് ബി ഹെവന്‍ പ്രത്യേക ജൂറി പരാമര്‍ശം സ്വന്തമാക്കി.

നേരത്തെ കാനില്‍ മത്സരവിഭാഗത്തിലെ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ഫിപ്രസി പുരസ്‌കാരവും ഈ ചിത്രം നേടിയിരുന്നു. സിനിമയെ സ്വീകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ഏലിയ സുലൈമാന്‍ പറഞ്ഞു. സിനിമയുടെ പ്രക്രിയ്യയിലൂടനീളം പിന്തുണ നല്‍കിയ പത്‌നിക്കും എല്ലാ സഹായവും പിന്തുണയും ലഭ്യമാക്കിയ ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനു പ്രത്യേകമായ നന്ദി പ്രകാശിപ്പിക്കുന്നതായും ഏലിയ സുലൈമാന്‍ പറഞ്ഞു.

ഏലിയ സുലൈമാന്റെ ഇറ്റ് മസ്റ്റ് ബി ഹെവന്‍ സിനിമയുടെ ഔദ്യോഗിക പോസ്റ്റര്‍

ഡിഎഫ്‌ഐയുമായി മികച്ച ബന്ധം പുലര്‍ത്തുന്ന സംവിധായകനാണ് ഏലിയ സുലൈമാന്‍. ഡിഎഫ്‌ഐയുടെ പ്രമുഖമായ ഖുംറ ഫിലിം ഫെസ്റ്റിവലിന്റെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ കൂടിയാണ് അദ്ദേഹം. ഡിഎഫ്‌ഐ ധനസഹായത്തോടെ നിര്‍മിച്ച നാലു സിനിമകളാണ് ഇതുവരെയായി കാന്‍ ഫെസ്റ്റിവലിന്റെ മത്സരവിഭാഗത്തില്‍ ഇടംനേടിയിട്ടുള്ളത്. മെന മേഖലയില്‍ ഈ നേട്ടം കൈവരിക്കുന്ന ഏക സാംസ്‌കാരിക സംഘടനയാണ് ഡിഎഫ്‌ഐ.

2016ല്‍ അസ്ഗര്‍ ഫര്‍ഹാദിയുടെ ദി സെയില്‍സ്മാന്‍, 2018ല്‍ നദൈന്‍ ലബകിയുടെ കാപ്‌ഹെര്‍നോം, നൂറി ബില്‍ഗെ സെയ്‌ലാന്റെ ദി വൈല്‍ഡ് പിയര്‍ ട്രീ എന്നിവയാണ് ഇതിനു മുമ്പ് മത്സരവിഭാഗത്തില്‍ ഇടംനേടിയത്. ഡിഎഫ്‌ഐയുടെ ധനസഹായത്തോടെ ഏലിയ സുലൈമാന്‍ ഒരുക്കിയ ഇറ്റ് മസ്റ്റ് ബി ഹെവന്‍ കാനില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ വലിയതോതില്‍ നിരൂപക പ്രശംസ നേടിയെടുത്തിരുന്നു. 2002ല്‍ കാന്‍ ഫെസ്റ്റിവല്‍ ജൂറി പ്രൈസ് ഏലിയ സുലൈമാന്റെ ഡിവൈന്‍ ഇന്റര്‍വെന്‍ഷനാണ് ലഭിച്ചത്.

2006ല്‍ കാനിലെ ജൂറി അംഗമായിരുന്നു. അദ്ദേഹത്തിന്റെ ദി ടൈം ദാറ്റ് റിമെന്‍സിന്റെ ആദ്യ പ്രദര്‍ശനം കാനിലായിരുന്നു. 72-ാമത് കാന്‍ ഫെസ്റ്റിവലില്‍ ഡിഎഫ്‌ഐ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഫാത്തിമ അല്‍ റുമൈഹി പങ്കെടുത്തു. പുരസ്‌കാരനേട്ടത്തില്‍ ഏലിയ സുലൈമാനെ അവര്‍ അഭിനന്ദിച്ചു. ഡിഎഫ്‌ഐയുടെ വിവിധ പരിപാടികളില്‍ സജീവ പങ്കാളിത്തം വഹിക്കുന്ന ഏലിയ സുലൈമൈന്‍ ദോഹയില്‍ വിവിധ ക്ലാസുകള്‍ക്കും ശില്‍പ്പശാലകള്‍ക്കും നേതൃത്വം നല്‍കിയിട്ടുണ്ട്.

വെനീസ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച പ്രഥമ ചലച്ചിത്രത്തിനുള്ള പുരസ്‌ക്കാരം നേടിയ സുലൈമാന്റെ ആദ്യ ചലച്ചിത്രമായ ക്രോണിക്കിള്‍ ഓഫ് എ ഡിസപ്പീയറന്‍സ്, കാനില്‍ മികച്ച ജൂറി പുരസ്‌ക്കാരത്തിനും ഇന്റര്‍നാഷണല്‍ ഫിലിം ക്രിട്ടിക്‌സ് പുരസ്‌ക്കാരത്തിനും റോമില്‍ മികച്ച യൂറോപ്യന്‍ ചലച്ചിത്രത്തിനുള്ള പുരസ്‌ക്കാരത്തിനും അര്‍ഹമായ ഡിവൈന്‍ ഇന്റര്‍വെന്‍ഷന്‍, കാന്‍ ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും അബൂദാബി ഫിലിം ഫെസ്റ്റിവലില്‍ മികച്ച മിഡില്‍ ഈസ്റ്റേണ്‍ നറേറ്റീവ് ഫിലിം ബ്ലാക്ക് പേള്‍ അവാര്‍ഡ് നേടുകയും ചെയ്ത ദി ടൈം ദാറ്റ് റിമൈന്‍സ് തുടങ്ങിയ സിനിമകള്‍ പ്രത്യേക പാക്കേജായി ദോഹയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഡിഎഫ്‌ഐയുടെ ഗ്രാന്റ്‌സ് പദ്ധതി പ്രകാരം നിര്‍മിച്ച ഏഴു സിനിമകളാണ് ഇത്തവണ കാനില്‍ വിവിധ വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിച്ചത്.

മറിയം തൗസാനിയുടെ ആദം, 2019 ഖുംറ പദ്ധതിയായ മുനിയ മെദ്ദൂറിന്റെ പാപിച്ച എന്നിവ അണ്‍സെര്‍ട്ടെയ്ന്‍ റിഗാര്‍ഡ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. അമീന്‍ സിദി ബൗമിദൈന്റെ അബൂലൈല, അലാവുദ്ദീന്‍ അല്‍ജെമിന്റെ ദി അണ്‍നോണ്‍ സെയ്ന്റ്, ജോണി മായുടെ ടു ലൈവ് ടു സിങ്, ഷര്‍ബാനു സാദത്തിന്റെ ദി ഓര്‍ഫനേജ് എന്നിവയുടെ പ്രദര്‍ശനവുമുണ്ടായിരുന്നു. കാനില്‍ ഖത്തറിന്റെ സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇത്തവണയും ഷോര്‍ട്ട് ഫിലം കോര്‍ണര്‍ വിഭാഗത്തില്‍ പ്രത്യേക മെയ്ഡ് ഇന്‍ ഖത്തര്‍ ഹ്രസ്വചിത്രങ്ങളും അവതരിപ്പിച്ചു.

കാനില്‍ സിനിമകളെ പ്രതിനിധീകരിക്കാന്‍ ഖത്തറിനും ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനും കഴിയുന്നു എന്നത് അനിതരസാധാരണമായ ബഹുമതിയും അംഗീകാരവുമാണെന്നും അത്യധികമായ സന്തോഷമുണ്ടെന്നും ഫാത്തിമ അല്‍റുമൈഹി പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ബലദ്‌നയുടെ പാല്‍ക്കട്ടി വര്‍ഷാവസാനത്തോടെ ഖത്തര്‍ വിപണിയില്‍

ജപ്പാന്‍ വ്യോമതാവളം പ്രതിരോധമന്ത്രി സന്ദര്‍ശിച്ചു