
ദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ(ഡിഎഫ്ഐ) ധനസഹായത്തോടെ നിര്‍മിച്ച മൂന്നു ചിത്രങ്ങള്‍ 72-ാമത് ലൊക്കാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. സ്വിറ്റ്സര്‍ലന്റിലെ ലൊക്കാര്‍ണോയില്‍ ആഗസ്ത് ഏഴു മുതല്‍ പതിനേഴുവരെയാണ് വിഖ്യാതമായ രാജ്യാന്തര ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നത്.
ഡിഎഫ്ഐയുടെ ഗ്രാന്റ്സ് പദ്ധതി പ്രകാരം നിര്‍മിച്ച സിനിമകള്‍ ലൊക്കാര്‍ണോയില്‍ വിവിധ വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിക്കും. ഫെസ്റ്റിവലിന്റെ സമാപന ചടങ്ങിനോടനുബന്ധിച്ചുള്ള ഗലാ നിശയില്‍ കിയോഷി കുറോസവയുടെ ടു ദി എന്‍ഡ്സ് ഓഫ് ദി എര്‍ത്ത് പ്രദര്‍ശിപ്പിക്കും. ഈ ചിത്രത്തിന്റെ സഹനിര്‍മാതാവാണ് ഡിഎഫ്ഐ. വിഖ്യാത ജാപ്പനീസ് സംവിധായകനും തിരക്കഥാകൃത്തും രചയിതാവുമാണ് കിയോഷി.
ഇദ്ദേഹത്തിന്റെ സയന്‍സ് ഫിക്ഷന്‍ ഡ്രാമയായ റിയലിന് 2013ല്‍ ലൊക്കാര്‍ണോയില്‍ ഗോള്‍ഡന്‍ ലിയോപാര്‍ഡ് അവാര്‍ഡില്‍ നാമനിര്‍ദേശം ലഭിച്ചിരുന്നു. ഡിഎഫ്ഐ ഗ്രാന്റോടെ നിര്‍മിച്ച റബാഹ് അമ്യൂര്‍ സെയ്മിഷെയുടെ സൗത്ത് ടെര്‍മിനല്‍, ഹസന് ഫെര്ഹാനിയുടെ 143 സഹാറ സ്ട്രീറ്റ് എന്നീ സിനിമകളും ഇത്തവണ ലൊക്കാര്‍ണോ ഫെസ്റ്റിവലില്‍ ശക്തമായ അറബ് സാന്നിധ്യമാകും.
ലൊക്കാര്‍ണോയില്‍ സിനിമകളെ പ്രതിനിധീകരിക്കാന്‍ ഖത്തറിനും ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനും കഴിയുന്നു എന്നത് അനിതരസാധാരണമായ ബഹുമതിയും അംഗീകാരവുമാണെന്നും അത്യധികമായ സന്തോഷമുണ്ടെന്നും ഡിഎഫ്ഐ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ഫാത്തിമ അല്‍ റുമൈഹി പറഞ്ഞു. ചലച്ചിത്രനിര്മാണത്തില് ഉന്നതനിലവാരം പുലര്‍ത്തുന്നവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്നും അവര്‍ പറഞ്ഞു.
ഡിഎഫ്ഐയെ സംബന്ധിച്ചിടത്തോളം മറ്റൊരു ശക്തമായ നേട്ടമാണ്. മേഖലയില്‍നിന്നും ലോകത്തില്‍ നിന്നുമുള്ള ഉയര്‍ന്ന നിലവാരമുള്ള സിനിമകളെ പിന്തുണക്കുന്നതിനുള്ള ഡിഎഫ്ഐയുടെ നിര്‍ബന്ധത്തിന് അടിവരയിടുന്നതാണ് ഈ നേട്ടം.
പ്രഗത്ഭരായ ചലച്ചിത്രപ്രവര്‍ത്തകരുടെ സിനിമാറ്റിക് അഭിലാഷങ്ങള്‍ പ്രതിഫലിപ്പിക്കുന്ന പദ്ധതികളെ പിന്തുണക്കുന്നതിനും അവരുടെ ആകര്‍ഷകമായ കഥകളിലൂടെയും പാരമ്പര്യേതര വിവരണശൈലിയിലൂടെ ലോകസിനിമക്ക് സംഭാവന നല്‍കുന്നതിലും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അവര്‍ ഊന്നിപ്പറഞ്ഞു.
കിയോഷി കുറോസവയുടെ സിനിമയുടെ ലോക പ്രീമിയര്‍ ലൊക്കാര്‍ണോ ഫെസ്റ്റിവലില്‍ നടക്കുമെന്നതില്‍ അഭിമാനമുണ്ട്. മനുഷ്യന്റെ പ്രതീക്ഷകള്‍, അഭിലാഷങ്ങള്‍, വെല്ലുവിളികള്‍ എന്നിവ പ്രതിഫലിപ്പിക്കുന്ന, ജീവിതത്തെക്കുറിച്ചുള്ള കൗതുകകരമായ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്ന സിനിമയാണ് ടു ദി എന്‍ഡ്സ് ഓഫ് ദി എര്ത്തെന്നും അല്‍റുമൈഹി പറഞ്ഞു. ജപ്പാന് ഖത്തര്‍ ഉസ്ബക്കിസ്താന് സംയുക്ത സംരംഭമാണിത്.
ടിവി അവതാരക യോക്കോയുടെ പ്രബുദ്ധമായ യാത്രയാണ് സിനിമയുടെ പ്രമേയം. ഉസ്ബക്കിസ്താനിലെ പുരാതന സില്‍ക്ക് റോഡിലൂടെയുള്ള യാത്ര. ജാപ്പനീസ്, ഉസ്ബക്ക് താരങ്ങളാണ് അഭിനയിച്ചിരിക്കുന്നത്. ആഭ്യന്തര യുദ്ധത്തിന്റെ കുഴപ്പത്തില്‍പ്പെട്ട ഡോക്ടറുടെ കഥയാണ് സൗത്ത് ടെര്‍മിനല്‍. ഫ്രാന്‍സ് ഖത്തര്‍ സംയുക്തസംരംഭമാണിത്.
അല്‍ജീരിയയില്‍ ജനിച്ച് ഫ്രാന്‍സില്‍ താമസിക്കുന്ന റബാഹ് അമ്യൂര്‍ സെയ്മിഷെയുടെ ആറാമത് സിനിമയാണിത്. 2011ല്‍ ഇദ്ദേഹത്തിന്റെ സമ്ഗ്ലേഴ്സ് സോങ്സിന് ലൊക്കാര്‍ണോയില്‍ ഗോള്‍ഡന്‍ ലിയോപാര്‍ഡ് അവാര്‍ഡിന് നാമനിര്‍ദേശം ലഭിച്ചിരുന്നു.
അള്‍ജീരിയന്‍ മരുഭൂമിക്കു മധ്യത്തില്‍ ചെറിയ റസ്റ്റോറന്റ് നടത്തുന്ന മാലിക എന്ന സ്ത്രീയുടെ ശാന്തമായ കഥപറയുന്ന സിനിമയാണ് 143 സഹാറ സ്ട്രീറ്റ്. അള്‍ജീരിയ ഫ്രാന്‍സ് ഖത്തര്‍ സംയുക്തസംരംഭമാണിത്.