
ദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ(ഡിഎഫ്‌ഐ) ധനസഹായത്തോടെ നിര്‍മിച്ച പന്ത്രണ്ട് ചിത്രങ്ങള്‍ ഈ വര്‍ഷത്തെ ടൊറൊന്റോ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. ഫെസ്റ്റിവല്‍ സെപ്തംബര്‍ പതിനഞ്ചു വരെ തുടരും. ഡിഎഫ്‌ഐ സഹായത്തോടെ നിര്‍മിച്ച നാലു ചിത്രങ്ങളുടെ വേള്‍ഡ് പ്രീമിയറും എട്ടു ചിത്രങ്ങളുടെ നോര്‍ത്ത് അമേരിക്കന്‍ പ്രീമിയറും ടൊറൊന്റോ ഫെസ്റ്റിവലിലുണ്ടാകും.
അറബ് ലോകത്തെ സിനിമകള്‍ക്കു പുറമെ ആഗോള ചലച്ചിത്രരംഗത്തെ പുതിയ ശബ്ദങ്ങളെയും ഡിഎഫ്‌ഐ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുകയാണെന്നും വളര്‍ന്നുവരുന്ന പുതിയ തലമുറയെ പ്രോത്സാഹിപ്പിക്കുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യുകയെന്ന തങ്ങളുടെ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണിതെന്നും സിഇഒ ഫാത്തിമ അല്‍റുമൈഹി പറഞ്ഞു.
ഡിഎഫ്‌ഐയുടെ നിരവധി സിനിമികള്‍ രാജ്യാന്തര ഫെസ്റ്റിവലുകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നുണ്ട്. വെനീസ്, സരയാവോ, കാന്‍, ലൊക്കാര്‍ണോ ഫെസ്റ്റിവലുകളിലെല്ലാം ഡിഎഫ്‌ഐ സിനിമികള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഡിഎഫ്‌ഐയുടെ ധനസഹായത്തോടെ ഫലസ്തീനിയന്‍ സംവിധായകന്‍ ഏലിയ സുലൈമാന്‍ ഒരുക്കിയ ഇറ്റ് മസ്റ്റ് ബി ഹെവന്‍, കിയോഷി കുറോസാവയുടെ ടു ദി എന്‍ഡ്‌സ് ഓഫ് ദി എര്‍ത്ത് എന്നിവയുടെ നോര്‍ത്ത് അമേരിക്കയിലെ ആദ്യ പ്രദര്‍ശനം ടൊറൊന്റോയിലായിരിക്കും.
കരീം സയാദിന്റെ മൈ ഇംഗ്ലീഷ് കസിന്‍, ഓസ്‌കാര്‍ നാമനിര്‍ദേശം ലഭിച്ച സംവിധായകന്‍ ഫെരാസ് ഫയ്യാദിന്റെ ദി കേവ്, ടുണീഷ്യന്‍ സംവിധായകന്‍ ഹിന്‍ദെ ബൗജെമായുടെ നൗറ ഡ്രീംസ്, ഔവാലിദ് മൗഅനെസിന്റെ വിഖ്യാത ചലച്ചിത്രകാരി നദൈന്‍ ലബകിയുടെ 1982 എന്നീ സിനിമകളുടെ വേള്‍ഡ് പ്രീമിയറും നടക്കും.
ഡിഎഫ്‌ഐ സഹായത്തോടെ നിര്‍മിക്കപ്പെട്ട മറ്റു സിനിമകളായ റബാഹ് അമ്യുര്‍ സെയ്‌മെഷയുടെ സൗത്ത് ടെര്‍മിനല്‍, ഗീതാജ്ഞലി റാവുവിന്റെ ബോംബെ റോസ്, അംജദ് അബു അലാലയുടെ യു വില്‍ ഡൈ അറ്റ് ട്വന്റി, മൊറോക്കോന്‍ സംവിധായകന്‍ മറിയം തൗസാനിയുടെ ആദം, ലിന അലാബെദിന്റെ ഇബ്രാഹിം എ ഫേറ്റ് ടു ഡിഫൈന്‍, ഹസന്‍ ഫെര്‍ഹാനിയുടെ 143 സഹാറ സ്ട്രീറ്റ് എന്നീ സിനിമകളും പ്രദര്‍ശിപ്പിക്കും.