
ദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ(ഡിഎഫ്ഐ) സ്പ്രിങ് ഗ്രാന്റ്സ് 2019ന് അര്‍ഹമായ 37 ചലച്ചിത്ര പദ്ധതികള്‍ പ്രഖ്യാപിച്ചു. ആദ്യമായോ രണ്ടാമതായോ സംവിധാനം ചെയ്യുന്നവരുടെയും മെനയിലെ ഉള്‍പ്പടെ അറബ് മേഖലയിലെ പ്രതിഭാധനരായ സംവിധായകരുടെയും സിനിമകള്‍ക്കാണ് ഈ ഗ്രാന്റ് ലഭിക്കുന്നത്. ഖത്തരി സംവിധായകരുടെ ചലച്ചിത്രപദ്ധതികളും ഗ്രാന്റിന് അര്‍ഹമായിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള സിനിമകള്‍ക്ക് ഗ്രാന്റ് ലഭിക്കും.
37 പദ്ധതികളില്‍ പതിനെട്ടണ്ണം അറബ് മേഖലയിലെ വനിതാ സംവിധായകരുടേതാണെന്നതും സവിശേഷതയാണ്. ഇത്തവണ വനിതാ ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് വര്‍ധിച്ച പ്രാധാന്യം നല്‍കിയിട്ടുണ്ട്. കാന്‍ ഫിലിം ഫെസ്റ്റിവല്‍ 2019നോടനുബന്ധിച്ച് ഡിഎഫ്ഐ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഫാത്തിമ അല്റുമൈഹിയാണ് ഗ്രാന്റിന് അര്‍ഹമായ പദ്ധതികള്‍ പ്രഖ്യാപിച്ചത്.
വളര്‍ന്നു വരുന്ന പ്രതിഭകളെ സഹായിക്കുകയും സിനിമാ നിര്‍മാതാക്കള്‍ക്കിടയില്‍ സൃഷ്ടിപരമായ കൊടുക്കല്‍ വാങ്ങല്‍ സാധ്യമാക്കുകയും ചെയ്യുന്നതിനൊപ്പം സിനിമാലോകവുമായി ബന്ധപ്പെട്ട ഒരു ഡിഎഫ്ഐ അലുംനി ഉണ്ടാക്കിയെടുക്കുകയും ചെയ്യുകയാണ് സാമ്പത്തിക സഹായ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഹ്രസ്വചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍, മുഴുനീള ചിത്രങ്ങള്‍, വെബ് സീരിസ് പദ്ധതികള്‍ തുടങ്ങിയവ സഹായത്തിന് അര്ഹമായവയില്പ്പെടും.
ഡിഎഫ്ഐയുടെ സ്പ്രിങ് ഗ്രാന്റ്സ് 2019ന് അര്‍ഹമായ ചലച്ചിത്രപദ്ധതികളില് 31 എണ്ണവും മെന മേഖലയിലെ അറബ് സംവിധായകരുടേതാണ്. ഖത്തരി സംവിധായകരുടെ മൂന്നു പദ്ധതികളാണ് ഗ്രാന്റിന് അര്‍ഹമായത്. ഇതാദ്യമായി യമനില്‍നിന്നുള്ള ഒരു ചലച്ചിത്ര പദ്ധതിയെയും തെരഞ്ഞെടുത്തു. മെന മേഖലയ്ക്ക് പുറത്തുനിന്നാണ് ആറു പദ്ധതികളെ തെരഞ്ഞെടുത്തത്.
ചൈന, അഫ്ഗാനിസ്താന്, ഇറ്റലി, കാനഡ, സെര്‍ബിയ, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളില്‍നിന്നാണ് ഈ പദ്ധതികള്‍. ഈ വര്‍ഷത്തെ പോസ്റ്റ് പ്രൊഡക്ഷന്‍ ഗ്രാന്റി്ന് അര്‍ഹമായ രണ്ടു പദ്ധതികളായ ജോണി മായുടെ ചൈന- ഫ്രാന്‍സ്- ഖത്തര്‍ സംരംഭമായ ടു ലൈവ് ടു സിങ്, ഷര്‍ബാനു സാദത്തിന്റെ അഫ്ഗാനിസ്താന്- ഡെന്മാര്ക്ക്-ലക്സംബര്‍ഗ്- ഫ്രാന്‍സ്- ജര്‍മ്മനി- ഖത്തര്‍ സംരംഭമായ ദി ഓര്‍ഫനേജ് എന്നിവ ഇത്തവണ കാന്‍ ഫെസ്റ്റിവലിലുണ്ട്.
വെബ് സീരിസില്‍ ഹുസൈന് ഹൈദര്‍- അമാല്‍ അല്ശമാരി എന്നിവരുടെ കൗകബാനി, ഹ്രസ്വചിത്രവിഭാഗത്തില്‍ അബ്ദുല്ല അല്ജനാനിയുടെ ഹോപ്, നാദിയ അല്‍ഖാതിറിന്റെ ദിസ് ഈസ് നോട്ട് എ ഡ്രി്ല് എന്നിവയാണ് ഗ്രാന്റിന് അര്‍ഹമായ മൂന്നു ഖത്തരി പദ്ധതികള്‍. ഡവലപ്മെന്റ് മുതല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വരെയുള്ള സഹായമാണ് ഡിഎഫഐ ലഭ്യമാക്കുന്നത്.
പുതിയ പ്രതിഭകള്‍ക്കു പുറമെ മെന മേഖലയിലെ കഴിവു തെളിയിച്ച പ്രതിഭാധനരായ സംവിധായകരുടെ പദ്ധതികളും ഗ്രാന്റിന് അര്‍ഹമായിട്ടുണ്ട്. വര്‍ഷത്തില്‍ രണ്ട് തവണയാണ് ഡിഎഫ്ഐ ഗ്രാന്‍ഡ് പ്രഖ്യാപിക്കുന്നത്.