
ദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ(ഡിഎഫ്‌ഐ) ധനസഹായത്തോടെ നിര്‍മിച്ച 11 ചിത്രങ്ങള്‍ ഈ വര്‍ഷത്തെ സരയാവോ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. ആഗസറ്റ് 16നാണ് ഫെസ്റ്റിവല്‍ തുടങ്ങുന്നത്. ഷോര്‍ട്ട്കട്ട്‌സ് റ്റു ഖത്തര്‍ വിഭാഗത്തിലും സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
അമീന്‍ സിദി ബൗമിദെയ്‌നയുടെ അബൂ ലൈല, അലാവുദ്ദീന്‍ അല്‍ജെമിന്റെ ദി അണ്‍നോണ്‍ സെയ്ന്റ് എന്നിവയാണ് പ്രധാനമായും പ്രദര്‍ശിപ്പിക്കുക. ഖുംറ പദ്ധതികളായ മഹ്ദി അലി അലിയുടെ ദാവിഹ, മഹ ഹാജിന്റെ മെഡിറ്ററേനിയന്‍ ഫീവര്‍, ലെയ്‌ല അല്‍ബയാതിയുടെ നൗസ്സ് നൗസ്സ് എന്നിവയെ ഫെസ്റ്റിവലിന്റെ പ്രൊജക്റ്റ് ഡെവലപ്‌മെന്റ് പ്രോഗ്രാമിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്.
ഖത്തറില്‍ നിര്‍മിച്ചവയോ ഖത്തര്‍ കേന്ദ്രമായുള്ള ചലച്ചിത്രപ്രതിഭകള്‍ സംവിധാനം ചെയ്തവയോ ആയ ആറു ഹ്രസ്വചിത്രങ്ങളാണ് ഷോര്‍ട്ട്കട്ട്‌സ് ടു ഖത്തര്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. മാജിദ് അല്‍റുമൈഹിയുടെ ഡൊമസ്റ്റിക് അകൗസ്റ്റിക്‌സ്, മുഹമ്മദ് അല്‍മഹ്മീദിന്റെ നാസര്‍ ഗോസ് ടു സ്‌പെയിസ് അയ്മന്‍ മിര്‍ഗാനിയുടെ ദി ബ്ലീച്ചിങ് സിന്‍ഡ്രോം എന്നി സിനിമകള്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
തങ്ങളുടെ സിനിമകള്‍ ഇവര്‍ മൂന്നുപേരും അവതരിപ്പിക്കുകയും സ്‌ക്രീനിങിനു ശേഷം ചോദ്യോത്തര സെഷനില്‍ മൂന്നുപേരും പങ്കെടുക്കുകയും ചെയ്യും. മയസം അല്‍അനിയുടെ വെയര്‍ ആര്‍ യു റൈറ്റ് മ്യാവു, ഖലീഫ അല്‍മര്‍റിയുടെ വൊയേജര്‍, നെയ്ഫ് അല്‍മാലികിയുടെ ഐ ആം നോട്ട് മൈ ഫാദര്‍ എന്നി ഹ്രസ്വചിത്രങ്ങളും പ്രദര്‍ശിക്കും.
ഈ ആറു ഹ്രസ്വചിത്രങ്ങളുടെയും പ്രദര്‍ശനം ആഗസ്ത് 20ന് ഉച്ചക്കാണ്. തങ്ങളുടെ പിന്തുണയോടെ നിര്‍മാണം പൂര്‍ത്തീകരിച്ച സിനിമകള്‍ സരയാവോയില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ അത്യധികമായ സന്തോഷമുണ്ടെന്ന് ഡിഎഫ്‌ഐ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഫാത്തിമ അല്‍റുമൈഹി പറഞ്ഞു.
ഉന്നതനിലവാരവും പ്രതിഭാശേഷിയുമുള്ള ചലച്ചിത്രപ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്നുപ്രവര്‍ത്തിക്കുന്നതിന് ഡിഎഫ്‌ഐ വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് അല്‍റുമൈഹി ചൂണ്ടിക്കാട്ടി. വളര്‍ന്നുവരുന്ന പ്രതിഭാശാലികള്‍ക്കും തങ്ങളുടെ പിന്തുണയുണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സരയാവോയും ഡിഎഫ്‌ഐയുടെ ഖുംറ ഫിലിംഫെസ്റ്റിവലും തമ്മില്‍ മികച്ച പങ്കാളിത്തമാണുള്ളത്. യൂറോപ്പിലെ ഏറ്റവും വലിയ ചലച്ചിത്ര മേഖലകളിലൊന്നാണ് സരയാവോ. കിഴക്കു പടിഞ്ഞാറും തമ്മില്‍ പരസ്പരമുള്ള മനസിലാക്കല്‍ മെച്ചപ്പെടുത്തുന്നതില്‍ സരയാവോ ഫെസ്റ്റിവല്‍ മുഖ്യപങ്കുവഹിക്കുന്നുണ്ട്.
ഈ വര്‍ഷം ഫെസ്റ്റിവലിന്റെ 25-ാം പതിപ്പാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചലച്ചിത്ര പ്രവര്‍ത്തകരാണ് മേളയില്‍ പങ്കെടുക്കുന്നത്.