in ,

ഡിഎഫ്‌ഐ സഹായത്തോടെ നിര്‍മിച്ച സിനിമകള്‍ക്ക് വെനീസില്‍ അംഗീകാരം

ആര്‍.റിന്‍സ്

ദോഹ

വെനീസില്‍ മൂന്നു പുരസ്‌കാരങ്ങള്‍ നേടിയ ഓള്‍ ദിസ് വിക്ടറിയുടെ പോസ്റ്റര്‍

76-ാമത് വെനീസ് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഗ്രാന്റ് പ്രോഗ്രാമിന്റെ പിന്തുണയോടെ നിര്‍മിച്ച നാലു സിനിമകള്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. ലബനാന്‍, ഫ്രാന്‍സ്, ഖത്തര്‍ സംരംഭമായ ലബനീസ് സംവിധായകന്‍ അഹമ്മദ് ഗുസ്സൈന്റെ ഓള്‍ ദിസ് വിക്ടറി, സഊദി, യുഎഇ, ഇറാഖ് ഖത്തര്‍ സംരംഭമായ ഷഹദ് അമീന്‍സിന്റെ സ്‌കെയില്‍സ്, മെഹ്ദി ബരസോയിയുടെ ടുണീഷ്യന്‍ സിനിമ എ സണ്‍, സുഡാന്‍, ഫ്രാന്‍സ്, ജര്‍മനി, നോര്‍വെ, ഈജിപ്ത്, ഖത്തര്‍ സംരംഭമായ അംജദ് അബു അലാലയുടെ യു വില്‍ ഡൈ അറ്റ് ട്വന്റി എന്നീ സിനിമകള്‍ വെനീസില്‍ സുപ്രധാന പുരസ്‌കാരങ്ങളാണ് നേടിയത്.

സ്‌കെയില്‍സ് സിനിമയില്‍ നിന്നുള്ള ദൃശ്യം

ടുണീഷ്യ, ഫ്രാന്‍സ്, ലബനാന്‍, ഖത്തര്‍ സംയുക്ത സംരംഭത്തോടെ നിര്‍മിക്കപ്പെട്ട മെഹ്ദി ബര്‍സോയയുടെ എ സണ്‍ എന്ന ചിത്രം മേളയില്‍ ഔദ്യോഗിക ഒരിസോണ്ടി വിഭാഗത്തിലാണ് പ്രദര്‍ശിപ്പിച്ചത്. ലോകസിനിമയിലെ പുതിയ ട്രെന്‍ഡുകളെ പരിചയപ്പെടുത്തുന്ന മത്സരവിഭാഗമായിരുന്നു ഒറിസോണ്ടി. ഈ സിനിമ മികച്ച നടനുള്ള പുരസ്‌കാരമാണ് വെനീസില്‍ സ്വന്തമാക്കിയത്. വെനീസില്‍ മികച്ച നവാഗതസിനിമക്കുള്ള ലയണ്‍ ഓഫ് ദി ഫ്യൂച്ചര്‍ പുരസ്‌കാരമാണ് യു വില്‍ ഡൈ അറ്റ് ട്വന്റി നേടിയത്.

സഊദി സംവിധായിക ഷഹദ് അമീന്‍ ഡിഎഫ്‌ഐ ഖുംറ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്തപ്പോള്‍

ഇതാദ്യമായാണ് ഒരു സുഡാനീസ് സിനിമക്ക് ഇത്തരമൊരു അംഗീകാരം ലഭിക്കുന്നത്. 2006ല്‍ ഹിസ്ബുല്ലയും ഇസ്രാഈലും തമ്മിലുണ്ടായ സംഘര്‍ത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിക്കപ്പെട്ട പിരിമുറുക്കവും സംഘര്‍ഷവുമുള്ള യുദ്ധ കേന്ദ്രീകൃത ചലച്ചിത്രമാണ് ഓള്‍ ദിസ് വിക്ടറി. വെനീസില്‍ ക്രിട്ടിക്‌സ് വീക്ക് വിഭാഗത്തില്‍ മികച്ച ചിത്രം, പ്രേക്ഷക പുരസ്‌കാരം, മികച്ച സാങ്കേതിക മികവും നേട്ടവും എന്നീ മൂന്നു പുരസ്‌കാരങ്ങളാണ് ഈ സിനിമ നേടിയത്.

തെക്കന്‍ ഗ്രാമം വിടാന്‍ വിസമ്മതിച്ച പിതാവിനെ വെടിനിര്‍ത്തല്‍ സമയത്ത് തേടുന്ന മര്‍വാന്‍ എന്ന യുവാവിനെയും കാനഡയിലേക്ക് കുടിയേറ്റത്തിന് പേപ്പറുകള്‍ തയാറാക്കുന്ന ഭാര്യ റാനയെയും കേന്ദ്രീകരിച്ചാണ് സിനിമ. ഏറ്റവും നൂതനമായ ചിത്രത്തിനുള്ള വെറോണ പുരസ്‌കാരം ഷഹദ് അമീന്റെ സ്‌കെയ്ല്‍സ് നേടി. സിനിമനിര്‍മാണത്തിനായി 2014ലാണ് ഷഹദ് അമീന് ഡിഎഫ്‌ഐ ഗ്രാന്റ് അനുവദിച്ചത്.

ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുമായി വളരെ അടുത്ത് സഹകരിച്ചുപ്രവര്‍ത്തിക്കുന്നുണ്ട് ഷഹദ്. 2015ല്‍ പ്രഥമ ഖുംറ ഫിലിം ഫെസ്റ്റിവലില്‍ ഷഹദ് മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. മെര്‍മെയ്ഡ് മാംസം മാത്രം ഭക്ഷണവസ്തുവായ ദ്വീപിലെ പതിമൂന്നുകാരിയായ പെണ്‍കുട്ടിയുടെ ജീവിതമാണ് സ്‌കെയ്ല്‍സ് ചിത്രീകരിക്കുന്നത്. പെണ്‍കുട്ടികളെ കടലിലേക്ക് ബലിയര്‍പ്പിക്കുക എന്നതാണ് ഭക്ഷണവിതരണം തുടരാനുള്ള ഏകമാര്‍ഗം.

അതിനായി തെരഞ്ഞെടുക്കപ്പെടുന്ന ഹയാത്ത് എന്ന പെണ്‍കുട്ടിയുടെ പോരാട്ടമാണ് സിനിമ. ജിദ്ദയില്‍ ജനിച്ചുവളര്‍ന്ന ഷഹദ് അമീന്‍ യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ് ലണ്ടനില്‍ നിന്നും വീഡിയോ പ്രൊഡക്ഷനിലും ഫിലിംസ്റ്റഡീസിലും ബാച്ച്‌ലര്‍ ബിരുദം നേടിയിട്ടുണ്ട്. ഷഹദ് അമീന്റെ ഔവര്‍ ഓണ്‍ മസ്‌കത്ത്, ലെയ്‌ലാസ് വിന്‍ഡോ എന്നീ സിനിമകള്‍ ഗള്‍ഫ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

2013ല്‍ പുറത്തിറങ്ങിയ ഐ ആന്റ് മെര്‍മെയ്ഡ് എന്ന സിനിമ ദുബൈ രാജ്യാന്തര ചലച്ചിത്രോത്സവത്തിലാണ് ആദ്യം പ്രദര്‍ശിപ്പിച്ചത്. ടൊറൊന്റോ, സ്‌റ്റോക്ക്‌ഹോം ഫെസ്റ്റിവലുകളിലും പ്രദര്‍ശിപ്പിക്കുകയും അംഗീകാരം നേടുകയും ചെയ്തിട്ടുണ്ട്. ഇരുചിത്രങ്ങളുടെയും അണിയറപ്രവര്‍ത്തകരെ ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അഭിനന്ദിച്ചു.

ഡിഎഫ്‌ഐ ഗ്രാന്റില്‍ നിര്‍മിക്കപ്പെട്ട ഏഴു സിനിമകളാണ് വിവിധ വിഭാഗങ്ങളിലായി വെനീസില്‍ പ്രദര്‍ശിപ്പിച്ചത്. അറബ് ലോകത്തുനിന്നുള്ള അഞ്ച് സംവിധായകരുടെയും ഇന്ത്യ, മെക്‌സിക്കോ രാജ്യങ്ങളില്‍നിന്നുള്ള ഓരോരുത്തരുടെയും സിനിമയാണ് വെനീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ഇതിലൊരു സിനിമ ആനിമേഷന്‍ വിഭാഗത്തില്‍പെട്ടതായിരുന്നു. ഇന്ത്യ, ഫ്രാന്‍സ്, യുകെ, ഖത്തര്‍ സംരംഭമായ ഗീതാജ്ഞലി റാവുവിന്റെ ബോംബെ റോസ്, ഫെസ്റ്റിവലിന്റെ ക്രിട്ടിക്‌സ് വീക്ക് പ്രോഗ്രാമിലെ ഉദ്ഘാടന സിനിമയായിരുന്നു. ബോംബെ നഗരത്തിന്റെ തെരുവുകളെ കേന്ദ്രീകരിച്ച് ഒരു പ്രണയകഥ ആനിമേഷനിലൂടെ പറയുന്ന സിനിമയാണിത്.

മെക്‌സിക്കോ, ഡൊമിനിക്കന്‍ റിപ്പബ്ലിക്ക്, ഖത്തര്‍ സംരംഭമായ ജോഷ്വ ഗൈല്‍സിന്റെ സാന്‍ക്ട്രവും ക്രിട്ടിക്‌സ് വീക്ക് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. വെനീസ് പ്രൊഡക്ഷന്‍ ബ്രിഡ്ജ് വിഭാഗത്തില്‍ ഫലസ്തീന്‍, ഫ്രാന്‍സ്, ഖത്തര്‍ സംരംഭമായ ഫിറാസ് ഖൗരിയുടെ അലാം സിനിമയും പ്രദര്‍ശിപ്പിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വളര്‍ച്ചയുടെ താക്കോല്‍ വൈവിധ്യവല്‍ക്കരണവും സ്വയംപര്യാപ്തതയും: അല്‍കുവാരി

അംഗോള പ്രസിഡന്റ് എജ്യൂക്കേഷന്‍ സിറ്റി സന്ദര്‍ശിച്ചു