in ,

ഡിസംബറില്‍ ഖത്തറിന്റെ വിദേശ വ്യാപാരമിച്ചം 14.3 ബില്യണ്‍ റിയാല്‍

ദോഹ: കഴിഞ്ഞ ഡിസംബറില്‍ രാജ്യത്തിന്റെ വിദേശവ്യാപാരമിച്ചത്തില്‍ 10 ശതമാനം കുറവ്. 14.3 ബില്യണ്‍ റിയാലാണ് ഡിസംബറിലെ വിദേശവ്യാപാരമിച്ചം. 2018 ഡിസംബറിനെ അപേക്ഷിച്ച് 1.6ബില്യണ്‍ റിയാലിന്റെ(10ശതമാനം) കുറവും കഴിഞ്ഞ വര്‍ഷം നവംബറിനെ അപേക്ഷിച്ച് 1.8 ബില്യണ്‍ റിയാലിന്റെ(14.4ശതമാനം) വര്‍ധനവുമുണ്ടായിട്ടുണ്ട്. രാജ്യത്തിന്റെ ആകെ കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള വ്യത്യാസമാണ് വ്യാപാരമിച്ചമായി കണക്കാക്കുന്നത്. പ്ലാനിങ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. ആഭ്യന്തര ഉത്പന്നങ്ങളുടെ കയറ്റുമതിയും പുന:കയറ്റുമതിയും ഉള്‍പ്പെടെ 23.6 ബില്യണ്‍ റിയാലിന്റെ കയറ്റുമതി ഡിസംബറില്‍ നടന്നു.
2018 ഡിസംബറിനെ അപേക്ഷിച്ച് 7.2 ശതമാനത്തിന്റെ കുറവ്. കഴിഞ്ഞവര്‍ഷം നവംബറിനെ അപേക്ഷിച്ച് 6.4 ശതമാനത്തിന്റെ വര്‍ധനവ്. കഴിഞ്ഞ ഡിസംബറില്‍ 9.3 ബില്യണ്‍ റിയാലിന്റെ ഉത്പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. 2018 ഡിസംബറിനെ അപേക്ഷിച്ച് ഇറക്കുമതിയില്‍ 2.7 ശതമാനം കുറവ്. പ്രതിമാസാടിസ്ഥാനത്തില്‍ ഇറക്കുമതിയില്‍ 4.0 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. പെട്രോളിയം ഗ്യാസ്, മറ്റു ഗ്യാസസ് ഹൈഡ്രോകാര്‍ബണ്‍(ദ്രവീകൃത പ്രകൃതിവാതകം, കണ്‍ഡന്‍സേറ്റ്‌സ്, പ്രൊപ്പെയ്ന്‍, ബ്യൂട്ടെയ്ന്‍) ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലെ കുറവാണ് ആകെ കയറ്റുമതിയുടെ തോത് കുറയാനിടയാക്കിയത്.
ഇവയുടെ കയറ്റുമതി കഴിഞ്ഞ ഡിസംബറില്‍ 15 ബില്യണ്‍ റിയാലാണ്, 10.1 ശതമാനത്തിന്റെ കുറവ്. അതേസമയം പെട്രോളിയം എണ്ണ, ബിറ്റുമിനസ് മിനറല്‍സ്(ക്രൂഡ്) എണ്ണ കയറ്റുമതിയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഇവയുടെ കയറ്റുമതി 4.1 ബില്യണ്‍ റിയാല്‍, 20.9 ശതമാനത്തിന്റെ വര്‍ധനവ്്.
പെട്രോളിയം എണ്ണ, ക്രൂഡ് അല്ലാത്ത ബിറ്റുമിനസ് മിനറല്‍സ് കയറ്റുമതി 1.4 ബില്യണ്‍ ഖത്തര്‍ റിയാലാണ്, ഇവയുടെ കയറ്റുമതിയില്‍ 17.6 ശതമാനത്തിന്റെ കുറവുണ്ടായി. ഇറക്കുമതി ഉത്പന്നങ്ങളില്‍ ടെലിഫോണ്‍, ടെലിഗ്രാഫി, ടെലിഫോണ്‍ സെറ്റുകള്‍ എന്നിവക്കായുള്ള ഇലക്ട്രിക്കല്‍ അപ്പാരറ്റസ് ഇറക്കുമതിയാണ് മുന്നില്‍, 0.34 ബില്യണ്‍ റിയാല്‍.
2018 ഡിസംബറിനെ അപേക്ഷിച്ച് 56.2 ശതമാനത്തിന്റെ വര്‍ധനവ്. മോട്ടോര്‍ കാറുകളുടെയും മറ്റു വാഹനങ്ങളുടെയും ഇറക്കുമതിയാണ് രണ്ടാംസ്ഥാനത്ത്, 0.32 ബില്യണ്‍ റിയാല്‍. 13.5 ശതമാനത്തിന്റെ കുറവ്.
എയര്‍ക്രാഫ്റ്റുകള്‍, സ്‌പെയ്‌സ്‌ക്രാഫ്്റ്റുകള്‍, ബലൂണുകള്‍ എന്നിവയാണ് മൂന്നാമത്, 0.31 ബില്യണ്‍ റിയാലിന്റെ ഉത്പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്, 10.5 ശതമാനം കുറവ്. ഡിസംബറില്‍ ഖത്തറിന്റെ കയറ്റുമതിയില്‍ മുന്നില്‍ ജപ്പാനാണ്, ഏകദേശം അഞ്ചു ബില്യണ്‍ റിയാലിന്റെ കയറ്റുമതി ജപ്പാനിലേക്ക് നടത്തി, ആകെ കയറ്റുമതിയുടെ 21.1 ശതമാനം വരുമിത്.
രണ്ടാം സ്ഥാനം ചൈന, ഏകദേശം 3.5 ബില്യണിന്റെ കയറ്റുമതി, 14.7 ശതമാനം. മൂന്നാംസ്ഥാനത്ത് ദക്ഷിണകൊറിയ, 3.4 ബില്യണ്‍ റിയാല്‍, 14.2 ശതമാനം. ഡിസംബറില്‍ അമേരിക്കയില്‍നിന്നാണ് ഖത്തര്‍ ഏറ്റവുമധികം ഇറക്കുമതി നടത്തിയത്. രണ്ടു ബില്യണ്‍ റിയാല്‍, ആകെ ഇറക്കുമതിയുടെ 22 ശതമാനം. രണ്ടാമത് ചൈന, 1.2 ബില്യണ്‍ റിയാല്‍. ആകെ ഇറക്കുമതിയുടെ 12.5 ശതമാനം വരുമിത്. മൂന്നാമത് ജര്‍മ്മനി, 0.5 ബില്യണ്‍ റിയാല്‍, ആകെ ഇറക്കുമതിയുടെ 5.6 ശതമാനം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

യാത്രയയപ്പ് നല്കി

കാര്‍ഷികേതര പ്രവര്‍ത്തനങ്ങള്‍: 82 ഫാമുകളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി