in ,

ഡെപ്യൂട്ടി അമീര്‍ കൊറിയന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി

ഖത്തറും ദക്ഷിണ കൊറിയയും ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു

ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി ലീ നാക് ഇയോനുമായി ചര്‍ച്ച നടത്തുന്നു

ദോഹ: ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി ലീ നാക് ഇയോനുമായി ചര്‍ച്ച നടത്തി. അമീരി ദിവാന്‍ ഓഫീസില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി ബന്ധങ്ങളും അവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും പൊതുവായ ആശങ്കകളുള്ള കാര്യങ്ങളും ഇരുവരും അവലോകനം ചെയ്തു.

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയും കൊറിയന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി. രണ്ടു രാജ്യങ്ങള്‍ക്കുമിടയിലെ തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താന്‍ കൊറിയന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സഹായകമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മികച്ച സഹകരണമാണുള്ളതെന്നും കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഉറ്റുനോക്കുകയാണെന്നും കൊറിയന്‍ പ്രധാനമന്ത്രി പറഞ്ഞു. വിവിധ മേഖലകളില്‍ പ്രത്യേകിച്ചും ഊര്‍ജം, വ്യാപാരം, നിക്ഷേപം, സുരക്ഷ, ആരോഗ്യം, ടൂറിസം, ഗതാഗതം തുടങ്ങിയവയില്‍ ബന്ധം വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മാര്‍ഗങ്ങളും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി ബന്ധങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.

പൊതുവായ താല്‍പര്യമുള്ള പ്രാദേശികവും രാജ്യാന്തരവുമായ സംഭവവികാസങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. ഇരുവരുടെയും സാന്നിധ്യത്തില്‍ രണ്ടു രാജ്യങ്ങളും ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു.

ഖത്തറിലെയും കൊറിയയിലെയും നീതിന്യായ മന്ത്രാലയങ്ങള്‍ക്കിടയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ധാരണാപത്രം, ഖത്തര്‍ മ്യൂസിയംസിനും നാഷണല്‍ മ്യൂസിയം ഇന്‍ ദി റിപ്പബ്ലിക് ഓഫ് കൊറിയക്കുമിടയില്‍ അക്കാഡമിക് കൈമാറ്റത്തിനായി ധാരണാപത്രം, ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിനും കൊറിയന്‍ ദേശീയ പോലീസ് ഏജന്‍സിക്കുമിടയില്‍ പരിശീലനവും വൈദഗ്ദ്ധ്യ കൈമാറ്റവും സംബന്ധിച്ച സുരക്ഷാസഹകരണത്തിനായുള്ള കര്‍മ്മപദ്ധതി എന്നിവയില്‍ ഒപ്പുവച്ചു. കൊറിയന്‍ പ്രധാനമന്ത്രിക്ക് അമീരി ദിവാനില്‍ ഔദ്യോഗിക വരവേല്‍പ്പ് ഒരുക്കിയിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കാല്‍നടയാത്രക്കാര്‍ ഗതാഗത നിയമങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി

ഹജ്ജ് നിയന്ത്രണങ്ങള്‍: സഊദിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആഹ്വാനം