in ,

ഡോ.മഹാതിര്‍ മുഹമ്മദ് ഹോണററി ഡോക്ടറേറ്റ് സ്വീകരിച്ചു

ഡോ.മഹാതീര്‍ മുഹമ്മദിന് ഖത്തര്‍ യൂണിവേഴ്‌സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ് യൂണിവേഴ്‌സിറ്റി
പ്രസിഡന്റ് ഡോ.ഹസന്‍ ബിന്‍ റാഷിദ് അല്‍ദി ര്‍ഹം സമ്മാനിക്കുന്നു

ദോഹ: ലേഷ്യന്‍ പ്രധാനമന്ത്രി ഡോ.മഹാതിര്‍ മുഹമ്മദ് ഖത്തര്‍ യൂണിവേഴ്‌സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ് സ്വീകരിച്ചു. യൂണിവേഴ്‌സിറ്റിയിലെ ഇബ്‌നു ഖല്‍ദൂന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ.ഹസന്‍ ബിന്‍ റാഷിദ് അല്‍ദി ര്‍ഹമാണ് ഡോക്ടറേറ്റ് സമ്മാനിച്ചത്്. ചടങ്ങില്‍ വാണിജ്യ വ്യവസായ മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍കുവാരി, നീതിന്യായ മന്ത്രിയും കാബിനറ്റ് കാര്യ ആക്ടിങ് മന്ത്രിയുമായ ഡോ. ഇസ്സ ബിന്‍ സാദ് അല്‍ ജഫാലി അല്‍നുഐമി, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് അംഗങ്ങള്‍, വൈസ് പ്രസിഡന്റുമാര്‍, ഫാക്കല്‍റ്റികളുടെ ഡീനുമാര്‍, ഖത്തര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍, ഫാക്കല്‍റ്റി അംഗങ്ങള്‍, പൊതു സമൂഹത്തിലെ വ്യക്തിത്വങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഓണററി ഡോക്ടറേറ്റ് തനിക്ക് അനുവദിച്ചതിന് ഖത്തര്‍ യൂണിവേഴ്‌സിറ്റിയോടു അഗാധമായ നന്ദിയുണ്ടെന്നും ഇത് തനിക്ക് മാത്രമല്ല തന്റെ പത്‌നിക്കും സര്‍ക്കാരിനും മലേഷ്യയിലെ ജനങ്ങള്‍ക്കും ലഭിച്ച വലിയ പദവിയാണെന്നും ഡോക്ടറേറ്റ് സ്വീകരിച്ചുകൊണ്ട് ഡോ.മഹാതിര്‍ മുഹമ്മദ് പറഞ്ഞു. ഈ അംഗീകാരം ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ പ്രതീകമായി ഓര്‍മ്മിക്കപ്പെടും. രാജ്യത്തെ മികച്ച സര്‍വ്വകലാശാലയെന്ന നിലയില്‍ ഖത്തര്‍ യൂണിവേഴ്‌സിറ്റി കല, ശാസ്ത്രം, വ്യവസായം, സാമ്പത്തിക ശാസ്ത്രം, വിദ്യാഭ്യാസം, എന്‍ജിനീയറിംഗ്, നിയമം, ശരീഅത്ത്, ഇസ്ലാമിക് സ്റ്റഡീസ് തുടങ്ങി നിരവധി മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
974 ല്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചതിനുശേഷം മലേഷ്യയും ഖത്തറും തമ്മിലുള്ള ബന്ധം ഊഷ്മളവും സൗഹാര്‍ദ്ദപരവുമായി തുടരുന്നു. നിലവിലുള്ള സഹകരണം വിപുലീകരിക്കുന്നതിനും ആഴമേറിയതാക്കുന്നതിനും ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ആ ബന്ധം എക്കാലത്തെയും ഉയര്‍ന്നതാണെന്ന് ഉറപ്പിച്ചുപറയാനാകുമെന്നും മലേഷ്യന്‍ പ്രധാനമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് മലേഷ്യയും ഖത്തറും ഒരേ വിശ്വാസവും പ്രതിബദ്ധതയും പങ്കുവെക്കുന്നുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു. വിദ്യാഭ്യാസം പിന്തുടരുന്നത് ആജീവനാന്ത പ്രക്രിയയാണെന്നും വിദ്യാഭ്യാസത്തിനുള്ള പ്രവേശനം ഓരോ വ്യക്തിയുടെയും അവകാശമാണെന്നും മലേഷ്യ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ഈ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യാന്‍ അവസരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ചരിത്ര സന്ദര്‍ശനത്തില്‍ ഡോ. മഹാതിര്‍ മുഹമ്മദിനെ സ്വാഗതം ചെയ്യുന്നത് വലിയ അംഗീകാരമാണെന്നും ഖത്തറും മലേഷ്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുതകുമെന്നും ഡോ. അല്‍ദെര്‍ഹം പറഞ്ഞു.
മലേഷ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ഖത്തര്‍ യൂണിവേഴ്‌സിറ്റിക്ക് വലിയ ബന്ധമുണ്ട്. മലയ സര്‍വകലാശാല, യൂണിവേഴ്‌സിറ്റി ടെക്‌നോളജി മലേഷ്യ(യുടിഎം), ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി മലേഷ്യ എന്നിവയുള്‍പ്പെടെ അഞ്ച് മലേഷ്യന്‍ സര്‍വകലാശാലകളുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.
ഇതു രണ്ടാംതവണയാണ് ഖത്തര്‍ യൂണിവേഴ്‌സിറ്റി ഹോണററി ഡോക്ടറേറ്റ് അനുവദിക്കുന്നത്. നേരത്തെ 2015ല്‍ തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന് ഹോണററി ഡോക്ടറേറ്റ് നല്‍കിയിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കെഎംസിസി സൗജന്യ മെഡിക്കല്‍ ക്യാമ്പ് 20ന്‌

ശ്രദ്ധേയ വളര്‍ച്ച കൈവരിച്ച് ടൂറിസം മേഖല: ആദ്യ ഏഴുമാസത്തില്‍ സന്ദര്‍ശിച്ചത് 11.90 ലക്ഷം പേര്‍