പ്രതിമാസം നിരീക്ഷിക്കുന്നത് 25,000 ട്രെയ്നികളുടെ പരിശീലനം

ദോഹ: ഏകീകൃത ഡ്രൈവിങ് പരിശീലന സംവിധാനവും(ഡിടിഎസ്) അതിന്റെ നിരീക്ഷണ സംവിധാനവും മേഖലാതലത്തില്തന്നെ ആദ്യമായി നടപ്പാക്കുന്നത് ഖത്തറില്‍. ഇലക്ട്രോണിക് അടിസ്ഥാനത്തിലായിരിക്കും പരിശീലനം. നിരീക്ഷണവും ഇലക്ട്രോണിക് രീതിയിലായിരിക്കും. കഴിഞ്ഞ ദിവമാണ് ഏകീകൃത ഡ്രൈവിങ് പരിശീലന സംവിധാനത്തിന് തുടക്കംകുറിച്ചത്.
രാജ്യത്തെ എല്ലാ ഡ്രൈവിങ് സ്കൂളുകളുടെയും നിരീക്ഷണം ഇതിലൂടെ സാധ്യമാക്കാനാകും. ബഹുഭൂരിപക്ഷം ഡ്രൈവിങ് സ്കൂള്‍ കാറുകളും ഡിടിഎസ് സംവിധാനത്തിന്റെ ഭാഗമായിട്ടുണ്ട്. വര്‍ഷാവസാനത്തോടെ എല്ലാ ഡ്രൈവിങ് സ്കൂളുകളും നൂറു ശതമാനവും പുതിയ സംവിധാനത്തിലേക്ക് നവീകരിക്കപ്പെടും.
മാനുഷിക ഇടപെടല്‍ ആവശ്യമില്ലാതെ തന്നെ പൂര്‍ണമായും യാഥാര്‍ഥ്യമാകും. പരമ്പരാഗത രീതികൡ നിന്നും മാറി ഇലക്ട്രോണിക് രീതിയില്‍ ഡ്രൈവര്‍മാരുടെ പരിശീലനം നിരീക്ഷിക്കുന്നത് സമാനതകളില്ലാത്ത സംഭവവികാസമാണെന്ന് ദേശീയ ഗതാഗത സുരക്ഷാകമ്മിറ്റി സെക്രട്ടറി ബ്രിഗേഡിയര്‍ എന്‍ജിനിയര്‍ മുഹമ്മദ് അബ്ദുല്ല അല്‍മാലികി പറഞ്ഞു. സുതാര്യമായ പരിശീലനവും മൂല്യനിര്‍ണയ സംവിധാനവും ന്യായമായ ഫലങ്ങളിലേക്കു നയിക്കും.
അതിനര്‍ഥം അവസാനം ഒരു നല്ല ഡ്രൈവര്‍ ലഭിക്കുമെന്നതാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡ്രൈവിങ് ടെസ്റ്റില്‍ കാറില്‍ പോലീസ് ഓഫീസറുടെ സാന്നിധ്യമില്ലാതാവുന്നത് സമ്മര്‍ദ്ദം കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡ്രൈവിങ് ടെസ്റ്റുകളുടെ മൂല്യനിര്‍ണയത്തില്‍ മാനുഷികമായ പിഴവുകള്‍ കുറയ്ക്കാന്‍ ഡിടിഎസ്, നിരീക്ഷണ സംവിധാനത്തിലൂടെ സാധിക്കുമെന്ന് ലെഫ്റ്റനന്റ് കേണല്‍ ജാബര്‍ മുഹമ്മ് ഉദൈബ പറഞ്ഞു.
പരിശീലന പ്രക്രിയ്യ മെച്ചപ്പെടുത്തുന്നതിന് സ്കൂളുകളെ പ്രേരിപ്പിക്കും. റോഡുകളിലെ ഗതാഗത സുരക്ഷ മെച്ചപ്പെടുത്താന്‍ ഇതിലൂടെ സാധിക്കും. പുതിയതായി തുടങ്ങിയ ഡിടിഎസ് ട്രെയിനികള്‍ക്ക് ക്ലാസുകളുടെ കൃത്യത ഉറപ്പാക്കും. പരിശീലന സെഷനുകളിലെ സമയനഷ്ടം സംബന്ധിച്ച പരാതികള്‍ പരിഹരിക്കാനാകും. കാറുകളില്‍ ഘടിപ്പിക്കുന്ന സെന്‍സറുകളിലൂടെയും ക്യാമറകളിലൂടെയുമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നത്. ട്രെയിനിക്ക് പതിനെട്ട് ഭാഷകളിലേതെങ്കിലുമൊന്ന് തെരഞ്ഞെടുത്ത് തിയറി പരീക്ഷയില്‍ പങ്കെടുക്കാം.
രാജ്യത്തെ ഒന്‍പത് ഡ്രൈവിങ് സ്കൂളുകളിലായി പ്രതിമാസം 25,000 ട്രെയിനികളുടെ പരിശീലന പ്രക്രിയ്യയ്ക്ക് ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് മേല്‍നോട്ടം വഹിക്കുന്നുണ്ടെന്ന് ഡ്രൈവിങ് ലൈസന്‍സിങ് വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല്‍ സലേം ഫഹദ് അല്‍മര്‍റി പറഞ്ഞു. പരിശീലന പ്രക്രിയ്യയ്ക്ക് ഉപയോഗിക്കുന്ന 1200ലധികം കാറുകളുടെ സാധുതയും ഉറപ്പാക്കുന്നുണ്ട്. കൂടാതെ ആയിരത്തോളം പരിശീലകരെയും നിരീക്ഷിക്കുന്നു. ഡ്രൈവിങ് സ്കൂളുകളിലെ പഠനത്തിന്റെ കാര്യക്ഷമത ഉയര്‍ത്തുക, മികച്ച ഡ്രൈവര്‍മാരെ വാര്‍ത്തെടുക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.
പുതിയ സംവിധാനത്തിലൂടെ മികച്ച പരിശീലനം ലഭിച്ച ഡ്രൈവര്‍മാരെ കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലൈസന്‍സിങ് വകുപ്പ് ഏകീകൃത ഡ്രൈവിങ് പരിശീലന സംവിധാനം തുടങ്ങിയതില്‍ സന്തോഷമുണ്ടെന്നും ട്രാഫിക് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് സാദ് അല്‍ഖര്‍ജി പറഞ്ഞു. മനുഷ്യ ഇടപെടലില്‍നിന്നും വളരെ അകലെയുള്ള ഇലക്ട്രോണിക സംവിധാനത്തിലൂടെ ഡ്രൈവിങ് ടെസ്റ്റിന്റെ ഫലങ്ങളുടെ നിഷ്പക്ഷതയും സുതാര്യതയും ഉറപ്പാക്കുന്നതായി അദ്ദേഹം പറഞ്ഞു.
സമീപകാലത്ത് റോഡപകടങ്ങളുടെയും മരണങ്ങളുടെയും എണ്ണം കുറഞ്ഞത് യാദൃശ്ചികമല്ല, ഗതാഗത പ്രക്രിയ്യയില്‍ എല്ലാ പങ്കാളികളില്നിന്നുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത് സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു.