in ,

ഡൗണ്‍ ടൗണ്‍ കാഴ്ച്ചകള്‍ എളുപ്പത്തിലാക്കി ട്രാം സവാരി

ആര്‍ റിന്‍സ്
ദോഹ

മുഷൈരിബ് ഡൗണ്‍ടൗണ്‍ വികസനപദ്ധതികള്‍ ഉടനീളം സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്നതാണ് പുതിയ ട്രാം സര്‍വീസ്. പാരമ്പര്യവും ആധുനികതയും കൂട്ടിയിണക്കിക്കൊണ്ടുള്ള നിര്‍മാണ ശൈലി അവലംബിച്ചിരിക്കുന്ന മുഷെരിബ് ഡൗണ്‍ടൗണ്‍ ഗള്‍ഫിലെ ഏറ്റവും വലിയ നഗരസമുച്ചയ പദ്ധതിയാണ്.
ദോഹ നഗരത്തിന്റെ വികസനസ്വപ്‌നങ്ങള്‍ക്ക് ആക്കം കൂട്ടുന്ന പദ്ധതിയാണിത്. ഭൂമിക്കടിയില്‍ ഒരു ചെറു ദോഹ നഗരം രൂപപ്പെടുത്തുകയാണ്. മുഷൈരിബ് ഡൗണ്‍ടൗണില്‍ വിപുലമായ സൗകര്യങ്ങള്‍ സുഗമമായി കാണാന്‍ പുതിയ ട്രാം സര്‍വീസ് സഹായകമാണ്. മുഷൈരിബിനെ പരസ്പരം ബന്ധിപ്പിക്കുന്നതിനാല്‍ ഒരിടത്തുനിന്നും മറ്റൊരിടത്തേക്കുള്ള ഗതാഗതം സുഗമമാക്കുന്നു.
സഹാത് അല്‍ നഖീല്‍ സ്റ്റേഷന്‍, വാദി മുഷൈരിബ് സ്റ്റേഷന്‍, ഗലേരിയ സ്റ്റേഷന്‍, മുഷൈരിബ് പ്രയര്‍ സ്റ്റേഷന്‍, ഹെറിറ്റേജ് ക്വാര്‍ട്ടര്‍ സ്റ്റേഷന്‍, അല്‍ ബറാഹ സ്റ്റേഷന്‍, സഹാത് അല്‍ മസ്ജിദ് സ്റ്റേഷന്‍, അല്‍ കഹ്റബ സ്ട്രീറ്റ് സ്റ്റേഷന്‍, അല്‍ മറിയ സ്ട്രീറ്റ് സ്റ്റേഷന്‍ എന്നിവയാണ് ഡൗണ്‍ടൗണിലെ ട്രാമിന്റെ സ്‌റ്റേഷനുകള്‍. എല്ലാവര്‍ക്കും ട്രാംവേയിലേക്ക് പ്രവേശിക്കാന്‍ ഒന്നിലധികം പോയിന്റുകളാണ് ഇതിലൂടെ ലഭിക്കുന്നത്. ട്രാമിലൂടെ 18 മിനുട്ടിനുള്ളില്‍ ഡൗണ്‍ടൗണിലെ എല്ലാ ഭാഗങ്ങളെിലേക്കുമെത്താം. ഡൗണ്‍ടൗണ്‍ ദോഹയെ ഒന്നാകെ ബന്ധിപ്പിക്കുന്നതാണ് ട്രാം സര്‍വീസ്.
ലോകത്തെ ആദ്യ സ്വയംപര്യാപ്ത ഡൗണ്‍ടൗണ്‍ പദ്ധതിയാണ് മുഷൈരിബിലേത്. താമസക്കാര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും നഗരത്തിനകത്ത് തന്നെ ഒരുക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് സുസ്ഥിര ഗതാഗത സൗകര്യമെന്ന നിലയില്‍ ട്രാം നടപ്പാക്കുന്നത്. ദ്രവീകൃത പ്രകൃതിവാതകം ഉപയോഗിച്ചുപ്രവര്‍ത്തിക്കുന്ന ഈ ആഭ്യന്തര ട്രാമുകള്‍ സ്മാര്‍ട്ട് സിറ്റിയ്ക്കായി പ്രത്യേകമായി സംവിധാനിച്ചതാണ്. യൂറോപ്യന്‍ നിലവാരവും മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ട്.
മുഷൈരിബ് ഡൗണ്‍ടൗണിന്റെ ട്രാം ഡിപ്പോയ്ക്ക് പ്ലാറ്റിനം ലീഡ്(ലീഡര്‍ഷിപ്പ്് ഇന്‍ എനര്‍ജി ആന്റ് എന്‍വയോണ്‍മെന്റല്‍ ഡിസൈന്‍) അക്രഡിറ്റേഷനും ലഭിച്ചിട്ടുണ്ട്. മുഷൈരിബ് പ്രോപ്പര്‍ട്ടീസിന്റെ മൂന്നു ട്രാമുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും സൂക്ഷിപ്പിനുമുള്ള ആലയായാണ് ട്രാം ഡിപ്പോയെ വിഭാവനം ചെയ്തിരിക്കുന്നത്. ലീഡ് നിഷ്‌കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചതിനെത്തുടര്‍ന്നാണ് ഈ ആഗോള അംഗീകാരം ലഭിച്ചത്്. ഡിസൈന്‍, ഫിറ്റ്ഔട്ട്, സുസ്ഥിരത, പ്രതീക്ഷിത ഊര്‍ജ കാര്യക്ഷമതാ പ്രകടനം എന്നിവയെല്ലാം വിദഗ്ദ്ധസമിതി വിശദമായി വിലയിരുത്തിയാണ് അംഗീകാരം നല്‍കുന്നത്. ലോകത്തെ ആദ്യ സുസ്ഥിര ഡൗണ്‍ടൗണ്‍ റീജനറേഷന്‍ പദ്ധതിയായി വിഭാവനം ചെയ്യുന്നതിനാല്‍ ഗതാഗതസൗകര്യവും അത്തരം കാഴ്ചപ്പാടോടെയാണ് വികസിപ്പിക്കുന്നത്. ഡൗണ്‍ടൗണിലെ ഒട്ടുമിക്ക പദ്ധതി കെട്ടിടങ്ങള്‍ക്കും ലീഡ് ഗോള്‍ഡ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുണ്ട്. ഊര്‍ജോപഭോഗത്തില്‍ കാര്യമായ കുറവുവരുത്തുകയാണ് ലക്ഷ്യം. ചില കെട്ടിടങ്ങളെങ്കിലും ലീഡ് പ്ലാറ്റിനം പദവിയും നേടി.
ഡൗണ്‍ടൗണിന്റെ ഏറ്റവും സുപ്രധാന ഘടകങ്ങളിലൊന്നാണ് ട്രാംവേ നെറ്റ്‌വര്‍ക്ക്. പരിസ്ഥിതി സൗഹൃദ രീതിയില്‍ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഗതാഗതസൗകര്യം ഒരുക്കുകയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. പ്രവര്‍ത്തനത്തിലോ സൗന്ദര്യബോധത്തിലോ യാതൊരു ഒത്തുതീര്‍പ്പുകളുമില്ലാതൊണ് പദ്ധതി നടപ്പാക്കുന്നത്. സൈക്കിള്‍ യാത്രികര്‍ക്ക് പ്രത്യേക പാതയും പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഇന്റലിജന്റ് ബില്‍ഡിങ് മാനേജ്‌മെന്റ്, ലൈറ്റിങ് കണ്‍ട്രോള്‍ സംവിധാനങ്ങളും ഡൗണ്‍ടൗണില്‍ വികസിപ്പിച്ചിട്ടുണ്ട്. വയര്‍ലെസ് കവറേജ്, സ്മാര്‍ട്ട് ഹോം, പൂര്‍ണമായും ഓട്ടോമാറ്റിക് രീതിയില്‍ മാലിന്യശേഖരണ സംവിധാനം തുടങ്ങിയവും പ്രത്യേകതകളാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മുഷൈരിബ് ഡൗണ്‍ടൗണില്‍ ട്രാം സര്‍വീസ് തുടങ്ങി

മൈക്രോ ഹെല്‍ത്തില്‍ രോഗ പരിശോധനാ കാമ്പയിന് തുടക്കം