
ദോഹ: ജി സി സി രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന തര്‍ക്കവും പ്രതിസന്ധിയും പരിഹരിക്കാനുള്ള ശ്രമം തങ്ങള്‍ തുടരുന്നതായി കുവൈത്ത് വിദേശകാര്യ സഹമന്ത്രി പറഞ്ഞു. സൗദ് അല്‍നാസര്‍ അല്‍സബാഹ് ഡിപ്ലോമാറ്റിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കുവൈത്തി സൈനിക അറ്റാഷെമാര്‍ക്കുള്ള പരിശീലന പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് വിദേശകാര്യ സഹമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് തര്‍ക്ക പരിഹാര ശ്രമങ്ങള്‍ തുടരുകയാണെന്ന് അറിയിച്ചത്.
തര്‍ക്കം പരിഹരിക്കാനുള്ള മധ്യസ്ഥശ്രമങ്ങള്‍ തുടരുന്നതോടൊപ്പം കൗണ്‍സില്‍ അംഗരാജ്യങ്ങള്‍ക്കിടയിലുള്ള പരസ്പര ബന്ധം നിലനിര്‍ത്താനുള്ള ശ്രമങ്ങളും തുടരും. ചില അംഗരാജ്യങ്ങള്‍ തമ്മിലുന്ന ശത്രുത അവസാനിപ്പിക്കാന്‍ സഹായിക്കുന്ന മികച്ച നീക്കം ഉടന്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമാധാനശ്രമങ്ങള്‍ തുടരാനുള്ള കുവൈത്തിന്റെ തീരുമാനവുമായി മുന്നോട്ടുപോകും. രാജ്യാന്തര കണ്‍വന്‍ഷനുകള്‍ക്കും യു.എന്‍ പ്രമേയങ്ങള്‍ക്കും അനുസൃതമായാകും ഇത്തരം നടപടികളെന്നും അദ്ദേഹം വ്യക്തമാക്കി.