
ദോഹ: തര്‍ക്കങ്ങളില്‍ സമാധാന പരിഹാരമുണ്ടാക്കാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് (ഐസിജെ)പിന്തുണയും സഹായവും ആവര്‍ത്തിച്ച് ഖത്തര്‍. ഐക്യരാഷ്ട്ര സഭയുടെ ചട്ടങ്ങളും അന്താരാഷ്ട്ര നിയമങ്ങളും ഉയത്തിപ്പിടിക്കാന്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധമാണെന്നും യുഎന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനി പറഞ്ഞു. അന്താരാഷ്ട്ര നീതിന്യായ കോടതി സംബന്ധിച്ച് യു.എന്‍ ജനറല്‍ അസംബ്ലിയുടെ 74ാമത് സെഷനില്‍ നടത്തിയ പ്രസ്ഥാവനയിലാണ് അവര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഖത്തറിനെതിരെ രണ്ടു വര്‍ഷത്തിലധികമായി നടന്നുവരുന്ന നിയമ വിരുദ്ധ ഉപരോധത്തിനെതിരെ ഏറ്റവും വലിയ നീതി കേന്ദ്രം എന്ന നിലയില്‍ ഐസിജെയെ സമീപിക്കുകയാണ് തങ്ങള്‍ ചെയ്തത്. എല്ലാ നിയമ ലംഘനങ്ങളും സമ്മര്‍ദ്ദങ്ങളും ഉണ്ടായിട്ടു പോലും അന്താരാഷ്ട്ര നിയമങ്ങളെ അനുസരിച്ച് മുന്നോട്ട് പോകുക എന്നതായിരുന്നു തങ്ങളുടെ നയം. അന്താരാഷ്ട്ര നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായാണ് ഉപരോധം ആരംഭിച്ചതെന്നും ശൈഖ ആലിയ പറഞ്ഞു.
പ്രശ്‌നങ്ങളെ എങ്ങിനെയാണ് ഖത്തര്‍ നേരിട്ടതെന്നതിന് ലോകം സാക്ഷിയാണ്. അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസരിച്ചും തര്‍ക്ക പരിഹരങ്ങള്‍ക്കുള്ള ചട്ടക്കൂടിന് വിധേയമായുമാണ് ഓരോ പ്രവര്‍ത്തനങ്ങളും മുന്നോട്ട് നീക്കിയതെന്നും അവര്‍ പറഞ്ഞു.