
ദോഹ: പ്രാദേശികവും അന്തര്‍ദേശീയവുമായ നിരവധി തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും പരിഹരിക്കുന്നതില്‍ ഖത്തറിന്റെ പ്രവര്‍ത്തനങ്ങളെയും ശ്രമങ്ങളെയും ഓര്‍ഗനൈസേഷന്‍ ഫോര്‍ സെക്യൂരിറ്റി ആന്റ് കോര്‍പ്പറേഷന്‍ ഇന്‍ യൂറോപ്പ്(ഒഎസ്‌സിഇ) പ്രശംസിച്ചു.
ഖത്തര്‍ വിദേശകാര്യമന്ത്രിയുടെ ഭീകരവിരുദ്ധ, സംഘര്‍ഷ പരിഹാര മധ്യസ്ഥതക്കുള്ള പ്രത്യേക പ്രതിനിധി ഡോ.മുത്‌ലാഖ് ബിന്‍ മാജിദ് അല്‍ഖഹ്താനിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഒഎസ്‌സിഇ സെക്രട്ടറി ജനറല്‍ തോമസ് ഗ്രെമിന്‍ഗറാണ് ഖത്തറിനെ പ്രശംസിച്ചത്. വിദേശ തീവ്രവാദ പോരാളികള്‍- നിലവിലെ വെല്ലുവിളികളെ അഭിസംബോധന ചെയ്യല്‍ എന്ന പ്രമേയത്തില്‍ യുഎന്‍ തീവ്രവാദ വിരുദ്ധ ഓഫീസിന്റെ(യുഎന്‍ഒസിടി) സഹകരണത്തോടെ വിയന്നയില്‍ സംഘടിപ്പിച്ച ഉന്നതതല സമ്മേളനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. സംഘര്‍ഷ മേഖലകളിലുള്‍പ്പടെ തീവ്രവാദ, ഭീകരവാദ പ്രവര്‍ത്തനങ്ങളെ നേരിടുന്നതിനും പ്രതിരോധിക്കുന്നതിനും സഖ്യകക്ഷികളുമായും രാജ്യാന്തര പങ്കാളികളുമായും സഹകരിച്ച് ഖത്തര്‍ നടത്തുന്ന ശ്രമങ്ങളെയും ഖത്തറിന്റെ പങ്കിനെയും തോമസ് ഗ്രെമിന്‍ഗര്‍ പ്രശംസിച്ചു. ഇക്കാര്യത്തില്‍ പ്രാദേശികവും അന്തര്‍ദേശീയവുമായ ശ്രമങ്ങളെ ഏകോപിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. യോഗങ്ങളിലൂടെയും സമ്മേളനങ്ങളിലൂടെയും കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ഒത്തുചേരുന്നതിലൂടെ വിവിധ പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കപ്പെടുമെന്ന് ഡോ.മുത്‌ലാഖ് ബിന്‍ മാജിദ് അല്‍ഖഹ്താനി ചൂണ്ടിക്കാട്ടി. ഒഎസ്‌സിഇയുടെ പ്രാധാന്യവും ഉഭയകക്ഷിബന്ധവും സഹകരണവും വര്‍ധിപ്പിക്കുന്നതില്‍ ഖത്തറിന്റെ താല്‍പര്യവും അദ്ദേഹം എടുത്തുപറഞ്ഞു.