
ദോഹ: ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ കോര്പ്പറേഷന്(കഹ്റമ) ‘തര്ഷീദിനോടു ചോദിക്കുക’ എന്ന പേരില്‍ പുതിയ സംരംഭത്തിനു തുടക്കംകുറിച്ചു. രാജ്യത്തിന്റെ വൈദ്യുതിയും ജലസ്രോതസ്സുകളും സംരക്ഷിക്കുക, ഊര്‍ജസ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കുക, ദോഷകരമായ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുക എന്നിവയുമായി ബന്ധപ്പെട്ട രണ്ടാം ദേശീയ തന്ത്രം 2018-2022ന്റെ ഭാഗമായാണിത്.
സമൂഹത്തില്‍ വൈദ്യുതിയുടെയും ജലത്തിന്റെയും കാര്യക്ഷമമായ ഉപയോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഖത്തറിലെ വൈദ്യുതിയുടെയും ജലത്തിന്റെയും പ്രതിശീര്‍ഷ ഉപഭോഗം കുറയ്ക്കുന്നതിന് സംഭാവന നല്കുന്നതിനുമായുള്ള ദേശീയ പ്രോഗ്രാം തര്‍ഷീദിന്റെ താല്‍പ്പര്യത്തിലാണ് ഈ സംരംഭം. വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള എല്ലാ അന്വേഷണങ്ങളോടും പ്രതികരിക്കുന്നതിനും ഉയര്‍ന്ന നിലവാരമുള്ള ഉപകരണങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുകൂടിയാണ് നടപ്പാക്കുന്നത്.
ഖത്തരി വിപണിയില്‍ ലഭ്യമാതുന്ന ടൂളുകളില്‍ പ്രത്യേക സമീപനം സ്വീകരിച്ച് നടപ്പിലാക്കുന്നതിലൂടെ എല്ലാ മേഖലകളെയും, പ്രത്യേകിച്ച് പാര്‍പ്പിട മേഖലയെ ഈ സംരംഭം ലക്ഷ്യമിടുന്നു.ഊര്‍ജോപയോഗം കാര്യക്ഷമമാക്കുന്നതിനും സേവ് ചെയ്യുന്നതിനുമുള്ള ഉപകരണങ്ങളും പുനരുപയോഗ ഊര്ജസാങ്കേതികതകളും പ്രയോഗവല്‍ക്കരിക്കാന്‍ പൊതുജനങ്ങളെ ക്ഷണിക്കുന്നുവെന്നതും സംരംഭത്തിന്റെ ലക്ഷ്യമാണ്.
സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകള് മുഖേന മാര്‍ക്കറ്റിങ് കാമ്പയിനും സംഘടിപ്പിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ മാധ്യമങ്ങളുമായും തര്‍ഷീദ് പങ്കാളികളുമായും സഹകരിക്കും. സിനിമാശാലകള്‍, ഷോപ്പിങ് മാളുകള്‍ തുടങ്ങി ജനങ്ങള്‍ ഒത്തുചേരുന്ന വിവിധ സ്ഥലങ്ങളില്‍ ഇവ ലഭ്യമാകും.