
ദോഹ: ഖത്തറിലെ തിമിംഗല സ്രാവുകളുടെ സംരക്ഷണത്തെക്കുറിച്ചുള്ള പഠനത്തിനായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയവും നോര്‍ത്ത് ഓയില്‍ കമ്പനിയും ധാരണാപത്രം ഒപ്പുവച്ചു. തിമിംഗല സ്രാവുകളുടെ സംരക്ഷണവും സുസ്ഥിര ഉപയോഗവും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പഠനം.
രാജ്യത്ത് ഈ ജീവജാലത്തിന്റെ സംരക്ഷണത്തിനായി സഹകരണവും അറിവും അനുഭവവും വൈദഗ്ദ്ധ്യ കൈമാറ്റവും വര്‍ധിപ്പിക്കുകയെന്നതും ലക്ഷ്യം. മന്ത്രാലയത്തിലെ വന്യജീവി സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഉമര്‍ സലേം അല്‍നുഐമിയും നോര്‍ത്ത് ഓയില്‍ കമ്പനിയുടെ ആരോഗ്യ സുരക്ഷാ പരിസ്ഥിതിയുടെ ചുമതലയുള്ള വൈസ് എക്സിക്യുട്ടീവ് പ്രസിഡന്റ് പാസ്കല്‍ മേയറുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.
തിമിംഗല സ്രാവ് സംരക്ഷണപദ്ധതിയെക്കുറിച്ച് പഠിക്കുന്നതിനായി വൈദഗ്ദ്ധ്യം കൈമാറുകയെന്നതാണ് ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അല്‍നുഐമി പറഞ്ഞു. ഖത്തറിന്റെ സമുദ്രജലത്തിന്റെ വൈവിധ്യവും സമ്പന്നമായ തീരദേശവും സംരക്ഷിക്കുന്നതില്‍ ഇരുകൂട്ടരും സഹകരണം ശക്തിപ്പെടുത്തും. സമുദ്രജീവികളുടെ സംരക്ഷണത്തില്‍ ശാസ്ത്രീയവും സാങ്കേതികവുമായ സഹകരണം വര്‍ധിപ്പിക്കും.
നോര്‍ത്ത് ഓയില്‍ കമ്പനിയുമായി കരാര്‍ ഒപ്പുവച്ചതിന്റ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ പൊതു സ്വകാര്യ മേഖലകള്‍ക്കിടയിലും സ്ഥാപനങ്ങളുമായും മറ്റു ഏജന്‍സികളുമായും സഹകരിച്ചുപ്രവര്ത്തിക്കുന്നതില് മന്ത്രാലയത്തിന്റെ താല്പര്യവും അദ്ദേഹം പങ്കുവച്ചു. ധാരണാപത്രത്തെ പാസ്കല്‍ മേയറും സ്വാഗതം ചെയ്തു. ഖത്തറിലെ വിവിധതരം തിമിംഗല സ്രാവുകളെയും പവിഴപ്പുറ്റുകളെയും സംബന്ധിച്ചുള്ള സംയുക്ത ഗവേഷണ പദ്ധതികള്‍ നടപ്പാക്കുന്നതിന് ഇരുകൂട്ടരും യോജിച്ചുപ്രവര്‍ത്തിക്കും.
തിമിംഗല സ്രാവുകളുടെ സംരക്ഷണത്തിനും പരിപാലനത്തിനും വലിയ പ്രാധാന്യവും പരിഗണനയുമാണ് മന്ത്രാലയം നല്‍കുന്നത്. ഖത്തറില്‍ 400 തിമിംഗല സ്രാവുകളുണ്ടെന്നാണ് കരുതപ്പെടുന്നത്. 2010ലാണ് ഖത്തറില്‍ തിമിംഗല സ്രാവ് ഗവേഷണപദ്ധതിക്ക് തുടക്കം കുറിച്ചത്. എല്ലാവര്‍ഷവും എണ്ണപ്പാടങ്ങളില്‍ ഏകദേശം 400ഓളം തിമിംഗലസ്രാവുകള്‍ ഒത്തുകൂടുന്നുണ്ടെന്നാണ് ഗവേഷണത്തില്‍ നിന്നും വ്യക്തമാകുന്നത്.
ഖത്തറില്‍ ട്യൂണയാണ് ഇവയുടെ പ്രധാന ഭക്ഷണമെന്ന് ഗവേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ട്യൂണ മത്സ്യം ഭക്ഷിക്കുന്നതിനായാണ് ഇവ കൂടുതലായെത്തുന്നത്. മാത്രമല്ല. ഇന്‍ഡസ്ട്രിയല്‍ കോറല്‍ റീഫുകളു(വ്യാവസായിക പവിഴപ്പുറ്റുകള്‍)ടെ സാന്നിധ്യവും തിമിംഗല സ്രാവുകളെ ആകര്‍ഷിക്കുന്നു.
തിമിംഗലസ്രാവുകള്‍ക്ക് ഏറ്റവും അനുയോജ്യമായ പരിതസ്ഥിതിയാണ് ഇവിടെയുള്ളത്. മേയ്, സെപ്തംബര്‍ മാസങ്ങളില്‍ ഇവിടത്തെ കാലാവസ്ഥ തിമിംഗലസ്രാവുകള്‍ക്ക് തികച്ചും യോജിക്കും. 30ടണ്ണാണ് ശരാശരി ഭാരം. ലോകത്തിലെ ഏറ്റവും വലിയ മത്സ്യമാണ് തിമിംഗിലസ്രാവ്. പതിനഞ്ചു മീറ്റര്‍ വരെ ഈ ഭീമന് സ്രാവിനു നീളമുണ്ടാവും.
വായിലൂടെ ജലം വലിച്ചെടുത്ത് അതിലുള്ള ക്രസ്റ്റേഷ്യനുകളേയും മത്സ്യങ്ങളേയുമൊക്കെ ഗില്‍ റാക്കറുകള്‍ ഉപയോഗിച്ച് അരിച്ചെടുത്താണ് ഇവ ആഹാരം സമ്പാദിക്കുന്നത്. ചെറുമത്സ്യങ്ങള്‍, മത്സ്യക്കുഞ്ഞുങ്ങള്‍, പ്ലാങ്കണുകള്‍ ഇവയുടെ പ്രധാന ആഹാരം. ഇര തേടുന്ന സ്ഥലങ്ങള്‍ ഇവ സ്ഥിരമായി സന്ദര്‍ശിക്കുന്ന സ്വഭാവക്കാരാണ്.
മെഡിറ്ററേനിയന്‍ ഒഴികെ മിക്ക കടലിലും ഇവയുടെ സാന്നിധ്യം ഉണ്ട്. ചാരക്കളറോ നീലയോ പച്ച കലര്‍ന്ന തവിട്ടുനിറത്തില്‍ നേര്‍ത്ത മഞ്ഞയോ വെള്ളയോ ആയ നിരവധി പുള്ളികള്‍ ഇവയുടെ ശരീരത്തിലുണ്ടാകും. ചെറിയ വായും വലിപ്പമേറിയ മേല്‍ചുണ്ടുമാണ് ഇവയുടെ പ്രത്യേകത.
തടിച്ചു പരന്ന രൂപത്തിലാണ് സ്രാവിന്റെ തല. ആഴക്കടലിലും പവിഴപ്പുറ്റുകള്‍ക്കിടയിലും ഇവയെ കാണുന്നു. വളരെയധികം ദൂരം സഞ്ചരിക്കുന്ന ഇനമാണ് തിമിംഗിലസ്രാവുകള്‍. ആണ്‍സ്രാവിനു 800 സെന്റീമീറ്ററും പെണ്‍സ്രാവിനു 1700 മുതല്‍ 2100 സെന്റീമീറ്ററും നീളമുണ്ടാകും. ഒറ്റപ്രസവത്തില്‍ 300 കുഞ്ഞുങ്ങള്‍ വരെ ജനിക്കും.