
ദോഹ: ഖത്തര്‍ തീരസേനക്കു വേണ്ടി പുതുതായി ഉള്‍പ്പെടുത്തിയ യാനങ്ങള്‍ നീറ്റിലിറക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തു. ലോകത്തിലെ ഏറ്റവും മികച്ച മറൈന്‍ ബോട്ടെന്ന വിശേഷണമുള്ള 48 മീറ്റര്‍ നീളമുള്ള ബോട്ടുള്‍പ്പടെയാണ് നീറ്റിലിറക്കിയത്. നിരീക്ഷണത്തിനും രഹസ്യാന്വേഷണത്തിനുമായാണ് ഈ ബോട്ടുകള്‍ ഉപയോഗിക്കുന്നത്.
ഹെര്‍ക്കുലീസ് 150 ടൈപ്പ് ബോട്ടിനു പുറമെ ഏറ്റവും നീളം കൂടിയതും അത്യാധുനികസൗകര്യങ്ങളോടയുള്ളതുമായ ബോട്ടുകളും നീറ്റിലിറക്കി. 48 മീറ്റര്‍ നീളവും ഒന്‍പത് മീറ്റര്‍ വീതിയുമുള്ള ബോട്ടിന്റെ വേഗത മണിക്കൂറില്‍ 35 നോട്ടിക്കല്‍ മൈലാണ്. ഇന്ധനം വീണ്ടും നിറയ്ക്കാതെ തുടര്‍ച്ചയായ ആറു ദിവസം കടലില്‍ തുടരുന്നതിനും വേഗത്തില്‍ പ്രതികരിക്കുന്നതിനും സാധിക്കുന്ന ബോട്ടുകളാണിത്. നീക്കങ്ങളിലും നാവികയുദ്ധതന്ത്രങ്ങളിലും വഴക്കമുള്ളവയാണ് ഇവ. ഹെര്‍ക്കുലീസ് 75 ടൈപ്പ് ബോട്ടുകളും നീറ്റിലിറക്കി.
24 മീറ്റര്‍ നീളവും അഞ്ചു മീറ്റര്‍ വീതിയുമുള്ള ഈ ബോട്ടുകള്‍ക്ക് സമുദ്രസുരക്ഷാ ചുമതലകള്‍ സ്തുത്യര്‍ഹമായി നിര്‍വഹിക്കുന്നതിനുള്ള ശേഷിയുണ്ട്. ഖത്തര്‍ വിഷന്‍ 2030ന് അനുബന്ധമായി ആഭ്യന്തരമന്ത്രാലയത്തിന്റെ കര്‍മ്മപദ്ധതിയുടെ മൂലക്കല്ലായാണ് ഈ നാവികതാവളം സജ്ജമാക്കിയത്.
മീഡിയം, ലോങ് റേഞ്ച് ബോട്ടുകളും സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേക ദൗത്യങ്ങള്‍ക്കുമായി പ്രത്യേക ബോട്ടുകളും വകുപ്പിന് ലഭ്യമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ കിഴക്കന്‍ തീരത്തിന്റെ മധ്യഭാഗത്തായി സിമൈസിമ പ്രദേശത്തെ തീരത്താണ് അല്‍ദായേന്‍ നേവല്‍ ബേസ് കെട്ടിടങ്ങളുടെ നിര്‍മാണം.
രാജ്യത്തിന്റെയും അതിര്‍ത്തി പോസ്റ്റുകളുടെയും കടല്‍ മേഖല സുരക്ഷിതാമാക്കാന്‍ ഇതിലൂടെ സാധിക്കും. സിമൈസിമയില്‍ നിന്നും വടക്കന്‍ അതിര്‍ത്തിയിലേക്ക് 60 നോട്ടിക്കല്‍ മൈലും തെക്കന്‍ അതിര്‍ത്തിയിലേക്ക് 80 നോട്ടിക്കല്‍ മൈലുമാണ് ദൂരം.
തീര അതിര്‍ത്തിസുരക്ഷാ ജനറല്‍ ഡയറക്ടറേറ്റിന്റെ പ്രവര്‍ത്തനങ്ങളും മത്സരക്ഷമതയും കണക്കിലെടുത്തുകൊണ്ട് അതിനനുസൃതമായ മാതൃക കണക്കിലെടുത്താണ് നേവല്‍ ബേസ് നിര്‍മിച്ചിരിക്കുന്നത്. ആഭ്യന്തരമന്ത്രാലയത്തിന്റെ കെട്ടിടപദ്ധതികളുടെ 95ശതമാനത്തിലധികവും പൂര്‍ത്തിയായതായി പബ്ലിക് സെക്യൂരിറ്റി ഡയറക്ടര്‍ മേജര്‍ ജനറല്‍ സാദ് ബിന്‍ ജാസിം അല്‍ഖുലൈഫി പറഞ്ഞു.
മന്ത്രാലയത്തിന്റെ സൗകര്യങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിന് സമഗ്രമായ പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസ് കോളേജ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് എന്നിവയുടെ കെട്ടിടങ്ങളുടെയും മറ്റു കെട്ടിടങ്ങളുടെയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നതായും അദ്ദേഹം പറഞ്ഞു.