
ദോഹ: തീവ്രവാദത്തിന്റെ കാരണങ്ങള്‍ പഠനവിധേയമാക്കുന്നതിനുള്ള രാജ്യാന്തര സമ്മേളനം ദോഹയില്‍ നടന്നു. ഖത്തര്‍ യൂണിവേഴ്സിറ്റിയിലെ സോഷ്യല്‍ ആന്റ് ഇക്കണോമിക് സര്‍വേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ദ്വിദിന സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളില്‍ നിന്നുള്ള രാജ്യാന്തര വിദഗ്ദ്ധരും ശാസ്ത്രജ്ഞരും നയരൂപീകരണ വിദഗ്ദ്ധരും പങ്കെടുത്തു. മിഡില്‍ഈസ്റ്റില്‍ ഇതാദ്യമായാണ് ഇത്തരമൊരു സമ്മേളനം. ഉഭയകക്ഷി, ബഹുമുഖ വേദികളില്‍ തീവ്രവാദത്തിനെതിരായി പോരാട്ടം ശക്തിപ്പെടുത്തുന്നതിന് ഖത്തര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ സമ്മേളനം.
അഞ്ചു സെഷനുകളാണ് സമ്മേളനത്തിലുണ്ടായിരുന്നത്. തീവ്രവാദത്തെ ചെറുക്കുന്നതില്‍ തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള നയത്തിന്റെ പങ്ക്, തീവ്രവാദ പ്രതിഭാസത്തിന്റെ അപകടസാധ്യത ഘടകങ്ങള്‍ വിലയിരുത്തല്‍, നിയന്ത്രിക്കാനും പ്രതിരോധിക്കാനുമുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവയെല്ലാം ചര്‍ച്ചയായി.
തീവ്രവാദത്തിന്റെ ഘടകങ്ങള്‍, അപകടങ്ങള്‍, ഈ പ്രതിഭാസത്തെ അഭിസംബോധ ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ തുടങ്ങിയവയാണ് സമ്മേളനം പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. തീവ്രവാദത്തെയും ഭീകരവാദത്തെയും ചെറുക്കുന്നതിനായി വിവിധ രാജ്യാന്തര വേദികളില്‍ ഖത്തര്‍ നടത്തുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഈ സമ്മേളനമെന്ന് ഖത്തര്‍ യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ.റാഷിദ് അല്ദെര്ഹം പറഞ്ഞു.
അക്രമത്തിലേക്ക് നയിക്കുന്ന തീവ്രവാദത്തിന്റെ തോത് അളക്കുന്നതിനും അതിന്റെ നിര്ണയകാരണങ്ങള് പഠിക്കുന്നതിനും അവ ട്രാക്ക് ചെയ്യുന്നതിനും രാജ്യാന്തര സൂചിക വികസിപ്പിക്കുന്നതിനുള്ള ഉചിതമായ പ്ലാറ്റ്ഫോമാണ് സമ്മേളനം. ഗവേഷകര്‍ക്കും നയരൂപീകരണവിദഗ്ദ്ധര്ക്കും ഇതുവലിയതോതില് പ്രയോജനം ചെയ്യും.
ഇത്തരത്തില്‍ അന്താരാഷ്ട്ര സൂചിക വികസിപ്പിക്കുന്നതിനായി ലോകമെമ്പാടുമുള്ള നിരവധി ഗവേഷണ കേന്ദ്രങ്ങള്‍ പ്രത്യേകിച്ചും നയരൂപീകരണ വികസന സ്ഥാപനങ്ങളുമായി സഹകരിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ ആന്റ് ഇക്കണോമിക് സര്‍വേ റിസര്‍ച്ച് ഒരു സുപ്രധാന പുതിയ ഗവേഷണ പദ്ധതി ആരംഭിക്കുകയാണ്.
അതിനുള്ള വേദി കൂടിയാണ് സമ്മേളനം. തീവ്രവാദ പ്രതിഭാസം അളക്കുന്നതിന് ഈ രാജ്യാന്തര സൂചകം അവശ്യ റഫറന്സായിരിക്കുമെന്ന് എന്‍സിടിസി ചെയര്മാന് ചൂണ്ടിക്കാട്ടി.യാഥാര്‍ഥ്യത്തെ വിശകലനം ചെയ്യുന്നതിലും അത് പഠിക്കുന്നതിലും കൃത്യമായ ശാസ്ത്രീയ ഡാറ്റയെ അടിസ്ഥാനമാക്കി ഭാവിമുന്കൂട്ടി കാണുന്നതിലും ഗവേഷണകേന്ദ്രങ്ങള്‍ക്ക് സുപ്രധാന പങ്കുണ്ടെന്നും ചെയര്മാന് പറഞ്ഞു.
തീവ്രവാദത്തിന്റെ കാരണങ്ങള്‍ പരിശോധിക്കുകയും ഇതിനെ നേരിടുന്നതിന് പ്രായോഗികവും ചിന്താപരവുമായ സമീപനത്തിന്റെ ആവശ്യകതക്ക് ഊന്നല്‍ നല്‍കുകയും ചെയ്യുന്നതാണ് സമ്മേളനമെന്ന് യുഎന്‍ സുരക്ഷാസമിതിയിലെ തീവ്രവാദപ്രതിരോധത്തിനായുള്ള എക്സിക്യുട്ടീവ് ഡയറക്ടര്‍ മിഷേല്‍ കോനിന്ക്സ് പറഞ്ഞു.
തീവ്രവാദത്തെ ചെറുക്കുന്നതിന് മികച്ച രീതികള്‍ വികസിപ്പിക്കുന്നതിനും ഫലപ്രദമായ സംവിധാനങ്ങളും തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള നയങ്ങള്‍ നടപ്പാക്കുന്നതിനുമായി സര്‍ക്കാരുകളും ഗവേഷണ കേന്ദ്രങ്ങളും വിവിധ സിവില്‍സൊസൈറ്റി സ്ഥാപനങ്ങളും തമ്മില്‍ യഥാര്‍ഥ പങ്കാളിത്തം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിലെ സ്വകാര്യമേഖലക്കായുള്ള മുന്‍ അസിസ്റ്റന്റ് സെക്രട്ടറി ഡഗ്ലസ് ആന്‍ഡ്രൂ സ്മിത്ത്, റോയല്‍ യുണൈറ്റഡ് സര്‍വീസസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ദേശീയ സുരക്ഷാ പഠന ഗവേഷണ ഗ്രൂപ്പ് സീനിയര്‍ ഡയറക്ടര്‍ ആന്‍ഡ്രൂ ഗ്ലസാര്ഡ് എന്നിവര്‍ സംസാരിച്ചു.