in

തീവ്രവാദ പ്രതിരോധം: ഖത്തറും യുഎന്നും ധാരണാപത്രം ഒപ്പുവെച്ചു

ദോഹ: ഭീകരതയെ നേരിടുന്നതില്‍ പാര്‍ലമെന്റുകളുടെ പങ്ക് വര്‍ധിപ്പിക്കുന്നതിനും പരസ്പര താല്‍പര്യമുള്ള മേഖലകളില്‍ സഹകരണം സുഗമമാക്കുന്നതിനും ലക്ഷ്യമിട്ട് ഖത്തറും യുഎന്നും ധാരണാപത്രം ഒപ്പുവെച്ചു.
ഖത്തറിനെ പ്രതിനിധീകരിച്ച് ശൂറാ കൗണ്‍സിലും യുഎന്നിന്റെ തീവ്രവാദ വിരുദ്ധ ഓഫീസുമാണ് ധാരണാപത്രത്തിലേര്‍പ്പെട്ടത്. ന്യുയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ അഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സെയ്ദ് അല്‍മഹ്മൂദും യുഎന്‍ തീവ്രവാദ വിരുദ്ധ ഓഫീസ് അണ്ടര്‍ സെക്രട്ടറി ജനറല്‍ വ്‌ളാഡിമിര്‍ വൊറന്‍കോവുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
രാജ്യാന്തര പാര്‍ലമെന്ററി യൂണിയന്‍ പ്രസിഡന്റ് ഗബ്രിയേല ബാരോണ്‍, ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍, യുഎന്നിലെ ഖത്തറിന്റെ സ്ഥിരംപ്രതിനിധി അംബാസഡര്‍ ശൈഖ ആലിയ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനി, നിരവധി യുഎന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കരാര്‍ പ്രകാരം യുഎന്‍ തീവ്രവാദ വിരുദ്ധ പദ്ധതിയുടെ ഓഫീസ് സ്ഥാപിക്കുന്നതിന് ശൂറാ കൗണ്‍സിലും യുഎനും നേരിട്ടുള്ള ക്രമീകരണങ്ങളില്‍ ഏര്‍പ്പെടും.
ഓഫീസിന്റെ ആസ്ഥാനം ഖത്തറിലായിരിക്കും. ലോകരാജ്യങ്ങളുടെ പാര്‍ലമെന്റുകളെ ഉള്‍ക്കൊള്ളുന്നതായിരിക്കും ഈ ഓഫീസിന്റെ പ്രവര്‍ത്തനം. തീവ്രവാദത്തെ ചെറുക്കുന്നതിനും അതിന്റെ വേരുകളെയും കാരണങ്ങളെയും അഭിസംബോധന ചെയ്യുന്നതിനായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ നേതൃത്വത്തില്‍ ഖത്തര്‍ നടത്തുന്ന ശ്രമങ്ങളില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ആത്മവിശ്വാസം സ്ഥിരീകരിക്കുന്നതാണ് ദോഹയിലെ യുഎന്‍ ഓഫീസിന്റെ സ്ഥാപനമെന്ന് ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ അഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സെയ്ദ് അല്‍മഹ്മൂദ് പറഞ്ഞു.
ഭീകരതയെ തടയുന്നിലും നേരിടുന്നതിലും പാര്‍ലമെന്റുകളുടെ സുപ്രധാന പങ്കും അദ്ദേഹം എടുത്തുപറഞ്ഞു.
ഭീകരതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നന്നായി മനസിലാക്കുന്നതിനും പ്രതികരിക്കുന്നതിനും പാര്‍ലമെന്റംഗങ്ങളുടെ ശേഷി വര്‍ധിപ്പിക്കുന്നതിനും വിവിധ പാര്‍ലമെന്റുകള്‍ക്ക് സാങ്കേതിക സഹായവും പരിശീലനവും ദോഹ ആസ്ഥാനമായുള്ള യുഎന്‍ തീവ്രവാദ പദ്ധതിയുടെ ഓഫീസ് നല്‍കും. ദോഹയില്‍ എത്രയും വേഗം ഓഫീസ് സ്ഥാപിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ ഇരുകൂട്ടരും സമ്മതിച്ചതായും ശൂറാ സ്പീക്കര്‍ പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഊര്‍ജസംരക്ഷണ മികവ്: തര്‍ഷീദ് മത്സരങ്ങള്‍ക്ക് തുടക്കമായി

അശ്ഗാല്‍ പദ്ധതികളിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ നടപടികള്‍