
ദോഹ: 2022 ഫിഫ ലോകകപ്പിനായി സജ്ജമാകുന്ന തുമാമ സ്റ്റേഡിയത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. മേല്‍ക്കൂര സ്ഥാപിക്കല്‍, കോണ്‍ക്രീറ്റ് ജോലികള്‍ എന്നിവയെല്ലാം സമയബന്ധിതമായി പൂര്‍ത്തിയായിരുന്നു.
ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും 12 കിലോമീറ്റര്‍ അകലെ ദോഹയുടെ തെക്കന്‍ നഗരപരിധിയിലാണ് അല്‍ തുമാമ. ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍വരെയുള്ള മത്സരങ്ങളായിരിക്കും ഇവിടെ നടക്കുക. മേഖലയില്‍ പ്രചാരത്തിലുള്ള തലപ്പാവ് ‘ഗഹ്ഫിയ’യുടെ രൂപത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സ്റ്റേഡിയം രൂപകല്‍പന നടത്തിയത്. ഈ വര്‍ഷംതന്നെ സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തിയാകും. സ്റ്റേഡിയത്തിന്റെ നിര്‍മാണപുരോഗതിയുടെ ഏറ്റവും പുതിയ ദൃശ്യങ്ങള്‍ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി പുറത്തുവിട്ടു.

മേല്‍ക്കൂരഘടനയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സ്റ്റീല്‍, കേബിളുകള്‍ ഉള്‍പ്പടെയുള്ളവ സ്ഥാപിച്ചശേഷമാണ് മേല്‍ക്കൂര സ്ഥാപിക്കലിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയത്. സ്റ്റേഡിയം നിര്‍മാണസ്ഥലത്ത് 50,000 ക്യുബിക് മീറ്ററിലധികം കോണ്‍ക്രീറ്റാണ് ഉപയോഗിച്ചത്. 2285 ടണ്‍ സ്റ്റീലും സ്ഥാപിച്ചു. 38,400 സ്‌ക്വയര്‍മീറ്റര്‍ കല്‍പ്രവര്‍ത്തികളും വിജയകരമായി പൂര്‍ത്തീകരിച്ചു. അമേരിക്ക, ജപ്പാന്‍, ദക്ഷിണകൊറിയ, ലക്‌സംബര്‍ഗ്, തുര്‍ക്കി, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലന്റ് ഉള്‍പ്പടെ വിവിധ രാജ്യങ്ങളില്‍നിന്നാണ് സ്റ്റേഡിയം നിര്‍മാണത്തിനാവശ്യമായ അവശ്യവസ്തുക്കള്‍ എത്തിച്ചത്. നാല്‍പ്പതിനായിരം കാണികള്‍ക്ക് മത്സരങ്ങള്‍ കാണാന്‍ സൗകര്യമുണ്ടാകും. മത്സരശേഷം ഇരുപതിനായിരമായി സ്റ്റേഡിയത്തിലെ സീറ്റിങ് ശേഷി കുറക്കും.
ബാക്കി ഇരുപതിനായിരം കായിക അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമുള്ള രാജ്യത്തിന് സംഭാവന നല്‍കും.
അറബ് എന്‍ജിനീയറിംഗ് ബ്യൂറോ ചീഫ് ആര്‍ക്കിടെക്ട്ും ഖത്തരിയുമായ ഇബ്രാഹിം എം ജൈദയാണ് അല്‍ തുമാമ സ്റ്റേഡിയം ഡിസൈന്‍ ചെയ്തത്.ഖത്തരി കമ്പനിയായ അല്‍ ജബര്‍ എന്‍ജിയറിംഗും തുര്‍ക്കിയുടെ തെക്ഫാന്‍ കണ്‍സ്ട്രക്ഷന്‍സും സംയുക്തമായാണ് പ്രധാന കോണ്‍ട്രാക്ടര്‍ ജോലികള്‍ ഏറ്റെടുത്തിട്ടുള്ളത്. സൗരോര്‍ജ്ജം ഉപയോഗപ്പെടുത്തി ഉള്‍ഭാഗം ശീതികരിക്കുന്നതിനുള്ള സാങ്കേതിക വിദ്യയാണ് ഇവിടെ നടപ്പാക്കുക.