in ,

തുമാമ സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര സ്ഥാപിക്കലിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി

തുമാമ സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര സ്ഥാപിക്കലിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയായപ്പോള്‍

ദോഹ: 2022 ഫിഫ ലോകകപ്പിനായി സജ്ജമാകുന്ന തുമാമ സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര സ്ഥാപിക്കലിന്റെ ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തീകരിച്ചു. സ്റ്റേഡിയത്തിന്റെ കോണ്‍ക്രീറ്റ് ജോലികള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും 12 കിലോമീറ്റര്‍ അകലെ ദോഹയുടെ തെക്കന്‍ നഗരപരിധിയിലാണ് അല്‍ തുമാമ.

ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍വരെയുള്ള മത്സരങ്ങളായിരിക്കും ഇവിടെ നടക്കുക. മേല്‍ക്കൂരഘടനയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സ്റ്റീല്‍, കേബിളുകള്‍ ഉള്‍പ്പടെയുള്ളവ സ്ഥാപിച്ചശേഷമാണ് മേല്‍ക്കൂര സ്ഥാപിക്കലിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയത്. സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര ഘടനയുടെ അവിഭാജ്യഘടകമാണ് റൂഫ് സ്തംഭങ്ങളും കംപ്രഷന്‍ റിങുകളും.

ഇവ വിജയകരമായി സ്ഥാപിച്ചതോടെ മേല്‍ക്കൂരഘടനയുടെ ഏറ്റവും സുപ്രധാനഭാഗമായ ബിഗ് ലിഫ്റ്റിലേക്കെത്തുകയായിരുന്നു. ബിഗ് ലിഫ്റ്റിനായി കംപ്രഷന്‍ റിങിനു ചുറ്റും 80 ഹൈഡ്രോളിക് ജാക്കുകളും പത്ത് ഹൈഡ്രോളിക് പമ്പുകളും സ്ഥാപിച്ചു. ഇവ ഉപയോഗിച്ച് സങ്കീര്‍ണമായ 727 ടണ്‍ കേബിള്‍ നെറ്റ് സംവിധാനം ഉയര്‍ത്തി കൃത്യമായ സ്ഥലത്ത് സ്ഥാപിക്കുകയായിരുന്നു. സ്റ്റേഡിയം നിര്‍മാണസ്ഥലത്ത് 50,000 ക്യുബിക് മീറ്ററിലധികം കോണ്‍ക്രീറ്റാണ് ഉപയോഗിച്ചത്.

2285 ടണ്‍ സ്റ്റീലും സ്ഥാപിച്ചു. 38,400 സ്‌ക്വയര്‍മീറ്റര്‍ കല്‍പ്രവര്‍ത്തികളും വിജയകരമായി പൂര്‍ത്തീകരിച്ചു. അമേരിക്ക, ജപ്പാന്‍, ദക്ഷിണകൊറിയ, ലക്‌സംബര്‍ഗ്, തുര്‍ക്കി, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലന്റ് ഉള്‍പ്പടെ വിവിധ രാജ്യങ്ങളില്‍നിന്നാണ് സ്റ്റേഡിയം നിര്‍മാണത്തിനാവശ്യമായ അവശ്യവസ്തുക്കള്‍ എത്തിച്ചത്. നാല്‍പ്പതിനായിരം കാണികള്‍ക്ക് മത്സരങ്ങള്‍ കാണാന്‍ സൗകര്യമുണ്ടാകും. മത്സരശേഷം ഇരുപതിനായിരമായി സ്റ്റേഡിയത്തിലെ സീറ്റിങ് ശേഷി കുറക്കും.

ബാക്കി ഇരുപതിനായിരം കായിക അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമുള്ള രാജ്യത്തിന് സംഭാവന നല്‍കും. അറബ് എന്‍ജിനീയറിംഗ് ബ്യൂറോ ചീഫ് ആര്‍ക്കിടെക്ട്ും ഖത്തരിയുമായ ഇബ്രാഹിം എം ജൈദയാണ് അല്‍ തുമാമ സ്റ്റേഡിയം ഡിസൈന്‍ ചെയ്തത്. മേഖലയില്‍ പ്രചാരത്തിലുള്ള തലപ്പാവ് ‘ഗഹ്ഫിയ’യുടെ രൂപത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സ്റ്റേഡിയം രൂപകല്‍പന നടത്തിയത്.

2020ലാണ് സ്‌റ്റേഡിയം ജോലികള്‍ പൂര്‍ത്തിയാവുക. ഖത്തരി കമ്പനിയായ അല്‍ ജബര്‍ എന്‍ജിയറിംഗും തുര്‍ക്കിയുടെ തെക്ഫാന്‍ കണ്‍സ്ട്രക്ഷന്‍സും സംയുക്തമായാണ് പ്രധാന കോണ്‍ട്രാക്ടര്‍ ജോലികള്‍ ഏറ്റെടുത്തിട്ടുള്ളത്. സൗരോര്‍ജ്ജം ഉപയോഗപ്പെടുത്തി ഉള്‍ഭാഗം ശീതികരിക്കുന്നതിനുള്ള സാങ്കേതിക വിദ്യയാണ് ഇവിടെ നടപ്പാക്കുക.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സമ്മര്‍ ഇന്‍ ഖത്തര്‍: മാളുകളിലെ പരിപാടികള്‍ ആകര്‍ഷകമാകുന്നു

പക്ഷികള്‍ക്ക് ദാഹമകറ്റാന്‍ പ്രത്യേക സംവിധാനവുമായി മന്ത്രാലയം