
ദോഹ: തുര്‍ക്കിയില്‍ എല്‍എന്‍ജി വിതരണത്തില്‍ ഖത്തര്‍ഗ്യാസ് ഓപ്പറേറ്റിങ് കമ്പനി ലിമിറ്റഡിന്(ഖത്തര്‍ഗ്യാസ്) അഭിമാനകരമായ നേട്ടം. ഖ്രത്തര്‍ ഗ്യാസ് ദവീകൃത പ്രകൃതിവാതകത്തിന്റെ(എല്‍എന്‍ജി) ഏറ്റവും വലിയ സിംഗിള്‍ കാര്‍ഗോ തുര്‍ക്കിയിലെ മര്‍മറ എല്‍എന്‍ജി ടെര്‍മിനലില്‍ സുരക്ഷിതമായി എത്തിച്ചു.
ക്യു-ഫ്ളെക്സ് കപ്പല്‍ അല്ഷഹാനിയയിലായിരുന്നു സൂപ്പര്ചില്ഡ് എല്‍എന്‍ജിയുടെ വിതരണം. അടുത്തിടെ വികസിപ്പിച്ച മര്‍മറ എല്‍എന്‍ജി ടെര്‍മിനലില്‍ എല്‍എന്‍ജി ഇറക്കുന്ന ആദ്യത്തെ ക്യ-ഫ്ളെക്സ് കപ്പലാണ് ഖത്തര്‍ ഗ്യാസിന്റേതെന്ന നേട്ടവും സ്വന്തമാക്കാനായി. മര്‍മറ എല്‍എന്‍ജി ടെര്‍മിനലിന്റെ നവീകരണമാണ് ഈ നേട്ടം സ്വായത്താമാക്കാന്‍ സഹായിച്ചതെന്ന് ഖത്തര്‍ ഗ്യാസ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ഖാലിദ് ബിന്‍ ഖലീഫ അല്‍താനി പറഞ്ഞു.
പതിനാല് എല്‍എന്‍ജി ട്രെയിനുകളും 77 മില്യണ്‍ ടണ്‍ വാര്ഷികോത്പാദനശേഷിയുമുള്ള ഖത്തര്‍ ഗ്യാസ്, വിശ്വസനീയ എല്‍എന്‍ജിയുടെ വര്‍ധിച്ചുവരുന്ന ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിന് അനുയോജ്യമാണ്. തുര്‍ക്കിഷ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സംയോജിത വാതക കമ്പനിയായ ബൊടാസിന്റെ കീഴിലാണ് മര്‍മറ എല്‍എന്‍ജി ടെര്‍മിനല്‍. പരമ്പരാഗത രീതിയിലുളള കപ്പലുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തിലായിരുന്നു ടെര്‍മിനല്‍ ഡിസൈന്‍ ചെയ്തിരുന്നത്. അടുത്തിടെ നവീകരിച്ചതോടെ ക്യു-ഫ്ളെക്സ്, ക്യു-മാക്സ് കപ്പലുകളെയും ഉള്‍ക്കൊള്ളാനാകും.
ടെര്‍മിനലിലെത്തിയ ആദ്യ ക്യു-ഫ്ളെക്സ് കപ്പലെന്ന നിലയില്‍ റെക്കോര്‍ഡ് ബുക്കില്‍ ഇടംനേടാനും ഖത്തര്‍ ഗ്യാസിനു സാധിച്ചു. 2,10,000 ക്യുബിക് മീറ്ററാണ് അല്‍ഷഹാനിയ ക്യു-ഫ്ളെക്സ് കപ്പലിന്റെ ശേഷി. 2,07,000 ക്യുബിക് മീറ്റര്‍ എല്‍എന്‍ജിയുമായി മെയ് മുപ്പതിനാണ് കപ്പല്‍ റാസ് ലഫാന്‍ ടെര്‍മിനലില്‍ നിന്നും തുര്‍ക്കിയിലേക്ക് തിരിച്ചത്.