
ദോഹ: ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി (ക്യുആര്‍സിഎസ്) തുര്‍ക്കിയിലെ റെയ്ഹാന്‍ലിയില്‍ പുതിയ മെഡിക്കല്‍ കോണ്‍വോയിയെ വിന്യസിച്ചു.
ഗുരുതരാവസ്ഥയിലുള്ള സിറിയന്‍ രോഗികള്‍ക്ക് ശസ്ത്രക്രിയ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനുമായി(എച്ച്എംസി) സഹകരിച്ച് നടപ്പിലാക്കുന്ന വാര്‍ഷിക മെഡിക്കല്‍ കോണ്‍വോയ് പ്രോഗ്രാമിന്റെ ഭാഗമാണിത്.
തുര്‍ക്കിയിലെ പാവപ്പെട്ട സിറിയന്‍ അഭയാര്‍ഥികള്‍ക്ക് വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കല്‍, ശസ്ത്രക്രിയകള്‍, മരുന്നുകള്‍ എന്നിവയുള്‍പ്പെടെ വിവിധ തരത്തിലുള്ള ആരോഗ്യസഹായം നല്‍കുക എന്നതാണ് ലക്ഷ്യം. തുര്‍ക്കി അധികൃതരുമായി ഏകോപിപ്പിച്ച് വടക്കന്‍ സിറിയയിലെ ആന്തരികമായി കുടിയൊഴിപ്പിക്കപ്പെട്ട(ഐഡിപിഎസ്) ചിലരെ സൈനികരെ ചികിത്സയ്ക്കായി തുര്‍ക്കി പ്രദേശങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
മേഖലയിലെ രണ്ടാമത്തെ മെഡിക്കല്‍ കോണ്‍വോയാണിത്. രണ്ടുമാസം മുന്‍പ് സിറിയയിലെ വിവിധ ദുര്‍ബല മേഖലകളില്‍ ആരോഗ്യാസേവനങ്ങള്‍ ലഭ്യമാക്കുന്നതിനയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. നിരവധി ഡോക്ടര്‍മാര്‍ സിറിയ വിട്ടിരുന്നു. ആയിരക്കണക്കിന് സിറിയന്‍ അഭയാര്‍ഥികള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാതെ തുര്‍ക്കിയില്‍ താമസിക്കുന്നു.
ഇത്തരമൊരു സാഹചര്യത്തില്‍കൂടിയാണ് ക്യുആര്‍സിഎസ് കോണ്‍വോയ് സേവനം ലഭ്യമാക്കുന്നത്. വിവിധ മേഖലകളിലെ ആറു ശസ്ത്രക്രിയാവിദഗ്ദ്ധരടങ്ങുന്നതായിരുന്നു സംഘം. എച്ച്എംസിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റും ഫെര്‍ട്ടിലിറ്റി സ്പെഷ്യലിസ്റ്റുമായ ഡോ. അഹമ്മദ് അല്‍മാലിക്കി നേതൃത്വം നല്‍കി. ഖത്തറിലെ കാരുണ്യമനസ്‌കരുടെ സംഭാവനയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. ഈ വര്‍ഷം ക്യുആര്‍സിഎസിന്റെ മെഡിക്കല്‍ കോണ്‍വോയ് പ്രോഗ്രാം മുന്‍വര്‍ഷങ്ങളേക്കാള്‍ വിപുലീകരിച്ചിരുന്നു. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ജോര്‍ദാന്‍, ഗാസ, തുര്‍ക്കി, മറ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഈ പദ്ധതിയുടെ സേവനം ലഭ്യമാക്കി.