in ,

തുറമുഖങ്ങളിലെത്തിയ കപ്പലുകളുടെ എണ്ണത്തില്‍ 18ശതമാനം വര്‍ധന

ദോഹ: തുറമുഖ മാനേജ്‌മെന്റ് കമ്പനിയായ മവാനി ഖത്തര്‍ ഈ ജൂലൈയില്‍ കൈകാര്യം ചെയ്തത് 377 വെസ്സലുകള്‍. ഹമദ് തുറമുഖം, റുവൈസ് തുറമുഖം, ദോഹ തുറമുഖം എന്നിവിടങ്ങളിലായാണ് പോയമാസം ഇത്രയും കപ്പലുകള്‍ക്ക് സൗകര്യമൊരുക്കിയത്. ഈ വര്‍ഷം ജൂണില്‍ 318 കപ്പലുകളാണ് തുറമുഖങ്ങളിലെത്തിയത്.

ജൂണിനെ അപേക്ഷിച്ച് ജൂലൈയില്‍ കപ്പലുകളുടെ വരവില്‍ 18 ശതമാനമാണ് വര്‍ധന. ജൂണുമായി താരതമ്യം ചെയ്യുമ്പോള്‍ പോയ മാസം മൂന്നു തുറമുഖങ്ങളിലും കൈകാര്യം ചെയ്ത കാര്‍ഗോയുടെ കാര്യത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.

സഊദി സഖ്യരാജ്യങ്ങള്‍ 2017 ജൂണ്‍ അഞ്ചു മുതല്‍ ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതുമുതല്‍ അവശ്യസാധനങ്ങളുടേതുള്‍പ്പടെ ഇറക്കുമതിക്കായി ഖത്തര്‍ പ്രധാനമായും ആശ്രയിക്കുന്നത് ഹമദ് തുറമുഖത്തെയാണ്.

ജൂലൈയില്‍ മൂന്നു തുറമുഖങ്ങള്‍ മുഖേന ഖത്തറിലെത്തിയത് 121,404 ടിഇയു(ട്വന്റിഫൂട്ട് ഇക്വലന്റ്) കണ്ടെയ്‌നറുകളാണെന്ന് മവാനി ഖത്തറിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഈ ജൂണില്‍ 105,686 ടിഇയു കണ്ടെയ്‌നറുകളാണ് തുറമുഖങ്ങളിലെത്തിയിരുന്നത്.

ജനറല്‍ കാര്‍ഗോ ഉല്‍പന്നങ്ങളായി 90,752 ടണ്‍ ചരക്കുകളാണ് പോയമാസം ഇറക്കുമതി ചെയ്തത്. ജൂണില്‍ 46,764 ടണ്‍ ജനറല്‍ കാര്‍ഗോയാണ് ഇറക്കുമതി ചെയ്തത്. 7,082 മോട്ടോര്‍ വാഹനങ്ങളാണ് ജൂലൈയില്‍ ഇറക്കുമതി ചെയ്തത്. 58,269 കന്നുകാലികളും ഇറക്കുമതി ചെയ്തു. കെട്ടിട നിര്‍മാണത്തിനുള്ള 29,641 ടണ്‍ സാമഗ്രികളും ഇറക്കുമതി ചെയ്തു.

ഈ ജൂണില്‍ 4,984 വാഹനങ്ങളും 11,230 കന്നുകാലികളും 26,044 ടണ്‍ നിര്‍മാണോത്പന്നങ്ങളുമാണ് ഇറക്കുമതി ചെയ്തത്. ഈ ജൂണുമായി താരതമ്യം ചെയ്യുമ്പോള്‍ ജൂലൈയില്‍ എല്ലാ വിഭാഗം കാര്‍ഗോ നീക്കത്തിലും വലിയ വര്‍ധനനവുണ്ടായിട്ടുണ്ട്.

രാജ്യത്തെത്തിയ ബഹുഭൂരിപക്ഷം കാര്‍ഗോയും കൈകാര്യം ചെയ്തത് ഹമദ് തുറമുഖമാണ്. ഈ ജൂലൈയില്‍ ഹമദ് തുറമുഖത്തിലെത്തിയത് 141 കപ്പലുകളാണ്. ഹമദില്‍ 119,824 ടിഇയു കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്തു. 33,433 ടണ്‍ ബ്രേക്ക് ബള്‍ക്ക് കാര്‍ഗോയും 4918 വാഹനങ്ങളും ഹമദ് തുഖമുഖം മുഖേന ജൂലൈയില്‍ ഇറക്കുമതി ചെയ്തു.

ഈ ജൂണുമായി താരതമ്യം ചെയ്യുമ്പോഴും ജൂലൈയില്‍ ഹമദ് തുറമുഖത്തിലെത്തിയ കപ്പലുകളുടെ എണ്ണത്തിലും കാര്‍ഗോ നീക്കത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. ഈ വര്‍ഷം ആദ്യ പകുതിയില്‍ രാജ്യത്തെ തുറമുഖങ്ങളില്‍ കാര്‍ഗോ കൈകാര്യം ചെയ്തതില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.

ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 218,330 ടണ്‍ നിര്‍മാണവസ്തുക്കളാണ് തുറമുഖങ്ങള്‍ കൈകാര്യം ചെയ്തത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 177,000 ടണ്‍ കാര്‍ഗോയായിരുന്നു എത്തിയത്.

ഇത്തവണ ഏകദേശം 24 ശതമാനം വര്‍ധന. ഈ വര്‍ഷം ആദ്യപകുതിയില്‍ ഹമദ് തുറമുഖം, ദോഹ തുറമുഖം, റുവൈസ് തുറമുഖം എന്നിവിടങ്ങളിലായി ആകെ 1828 കപ്പലുകളാണ് എത്തിയത്.

ഖത്തറിന്റെ സമുദ്രയാനമേഖലയിലെ ഏറ്റവും തിരക്കേറിയ കാലഘട്ടങ്ങളിലൊന്നാണ് പിന്നിട്ടത്. ആദ്യപകുതിയില്‍ 661,331 ടിഇയു കണ്ടെയ്‌നറുകളാണ് തുറമുഖങ്ങളില്‍ കൈകാര്യം ചെയ്തത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 2.5 ശതമാനത്തിന്റെ വര്‍ധന. ആദ്യപകുതിയില്‍ ക്രൂയിസ് സീസണിന്റെ ഭാഗമായി 100,077 യാത്രക്കാരാണ് ഖത്തര്‍ തുറമുഖങ്ങളിലെത്തിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഹീത്രു പണിമുടക്ക്: ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസുകളെയും ബാധിച്ചു

വിദേശത്തെ പഠന, താമസാനുഭവങ്ങള്‍, വെല്ലുവിളികള്‍ ചര്‍ച്ച ചെയ്തു