
ദോഹ: ഖത്തറില്‍ വേനലിന് കാഠിന്യം ശക്തമാകുന്ന സാഹചര്യത്തില്‍ തുറസായ തൊഴിലിടങ്ങളിലെ പ്രവര്‍ത്തന സമയം മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുറംജോലിയിലേര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് ആശ്വാസം പകര്‍ന്ന് മധ്യാഹ്ന വിശ്രമ നിയമം ജൂണ്‍ പതിനഞ്ചു മുതല്‍ പ്രാബല്യത്തിലായ സാഹചര്യത്തിലാണ് പ്രവര്‍ത്തന സമയം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം.
ആഗസ്റ്റ് 31വരെ തൊഴിലാളികള്‍ക്ക് മധ്യാഹ്ന ഇടവേള അനുവദിക്കണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഈ രണ്ടര മാസക്കാലം ഉച്ചയ്ക്ക് 11.30 മുതല്‍ മൂന്നു മണിവരെ പുറം ജോലികളിലേര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് വിശ്രമ സമയമായിരിക്കും. തൊഴിലാളികള്‍ക്ക് മധ്യാഹ്ന വിശ്രമം നല്‍കാത്ത തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് തൊഴില്‍മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സൂര്യപ്രകാശം നേരിട്ട് ഏല്ക്കുന്നതില് നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി അവരുടെ ജോലിസമയം ക്രമീകരിച്ചിട്ടുണ്ട്.
രാവിലെയുള്ള ജോലിസമയം 11.30 നുള്ളില്‍ അവസാനിപ്പിക്കണം. പരമാവധി അഞ്ച് മണിക്കൂര്‍ മാത്രമേ രാവിലെ ജോലി നല്‍കാവൂ. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശേഷമേ വീണ്ടും ജോലി തുടങ്ങാവൂ. ഇതിലൂടെ തൊഴിലാളികള്‍ക്ക് കുറഞ്ഞത് ഉച്ചക്ക് മൂന്നര മണിക്കൂര്‍ വിശ്രമസമയം ലഭിക്കും. നിയമം ലംഘിക്കുന്ന കമ്പനികളില്‍നിന്നും വന്‍തുക പിഴ ഈടാക്കും.
കൂടാതെ കമ്പനി ഒരു മാസം വരെ പൂട്ടിയിടാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഈ രണ്ടര മാസം തൊഴിലാളികളുടെ ജോലി സമയക്രമം തൊഴില്‍സ്ഥലത്ത് കൃത്യമായി പ്രദര്‍ശിപ്പിച്ചിരിക്കണം. തൊഴിലാളികള്‍ക്കും തൊഴില്‍ പരിശോധകര്‍ക്കും പെട്ടെന്ന് കാണാവുന്ന വിധത്തിലായിരിക്കണം ഡ്യൂട്ടി ഷെഡ്യൂള്‍ പ്രദര്‍ശിപ്പിക്കേണ്ടത്.
നിയമലംഘനങ്ങള്‍ ബോധ്യപ്പെട്ടാല്‍ തൊഴില്‍മന്ത്രാലയത്തെ നേരിട്ട് വിളിച്ചറിയിക്കാം. ഇതിനായി ഹെല്‍പ്പ് ലൈനും സജ്ജമാക്കും. മധ്യാഹ്ന വിശ്രമ നിയമം ഖത്തറിലെ ലക്ഷക്കണക്കിന് പ്രവാസിതൊഴിലാളികള്‍ക്ക് ആശ്വാസമാകും.