
ദോഹ: നിയമ, സിവില്‍ സര്‍വീസ് പഠന രംഗത്തേക്ക് വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകണമെന്ന് കേരള മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ വി കെ ബീരാന്‍ ആവശ്യപ്പെട്ടു. കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മിറ്റിയുടെ നിയമ സഹായ സബ് കമ്മിറ്റിയായ നീതിഭദ്രയുടെയും വിദ്യാഭ്യാസ പ്രമോഷന്‍ വിഭാഗമായ ഗ്രീന്‍ ടീന്‍സിന്റെയും സഹകരണത്തോടെ നടത്തിയ ‘എന്ത് കൊണ്ട് നിയമ പഠനം എന്ത് കൊണ്ട് സിവില്‍ സര്‍വീസ്’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചില മിഥ്യാ ധാരണകളാണ് മുസ്ലിം സമുദായത്തിലെ സമര്‍ത്ഥരായ വിദ്യാര്‍ഥികളെ നിയമ പഠന രംഗത്തു നിന്നും പിന്നോട്ടടിപ്പിക്കുന്നത്. അതിന്റെ ദുരവസ്ഥ ഇന്നത്തെ നീതിന്യായ രംഗത്തു സമുദായം അനുഭവിച്ചുകൊണ്ടിരിക്കുന്നു. നീതിന്യായ രംഗത്തു സി എച്ച് മുഹമ്മദ് കോയ നടത്തിയ ദീര്‍ഘ വീക്ഷണമുള്ള ഇടപെടലുകള്‍ സമൂഹത്തിന് ഗുണം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം സ്മരിച്ചു. ജനസംഖ്യാനുപാതമായി മുസ്ലിം സമുദായം നിയമ പഠന രംഗത്ത് വളരെ പിന്നോക്കമാണെന്നു കണക്കുകള്‍ നിരത്തി അദ്ദേഹം പറഞ്ഞു.
നീതിഭദ്ര ചെയര്‍മാന്‍ അഡ്വ. ജാഫര്‍ ഖാന്‍ എം അധ്യക്ഷത വഹിച്ചു. കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ് എ എം ബഷീര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയര്‍ വൈസ് പ്രസിഡന്റ് ഒ എ കരീം ഉപഹാര സമര്‍പ്പണം നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് നരിക്കുനി, സംസ്ഥാന ട്രഷറര്‍ മുഹമ്മദലി പ്രസംഗിച്ചു. ഗ്രീന്‍ ടീന്‍സ് ജനറല്‍ കണ്‍വീനര്‍ അഫ്സല്‍ വടകര സ്വാഗതവും നീതിഭദ്ര ജനറല്‍ കണ്‍വീനര്‍ അഡ്വ. മുഹമ്മദ് എടക്കുടി നന്ദിയും പറഞ്ഞു.