in , ,

തൊഴിലാളികളുടെ ക്ഷേമത്തില്‍ ഗണ്യമായ പുരോഗതിയെന്ന് സുപ്രീംകമ്മിറ്റി

ദോഹ: 2022 ഫിഫ ലോകകപ്പ് പദ്ധതികളിലെ തൊഴിലാളികളുടെ ക്ഷേമത്തില്‍ ഗണ്യമായ പുരോഗതി. ലോകകപ്പ് സംഘാടനചുമതലയുള്ള സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.
തൊഴിലാളികളുടെ താമസസൗകര്യങ്ങളില്‍ പുരോഗതിയുണ്ടായിട്ടുണ്ട്. റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങളിലും ഗുണപരമായ മാറ്റങ്ങള്‍ പ്രകടമാകുന്നു. തൊഴില്‍ സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടു. തൊഴിലാളികള്‍ക്ക് വേതനം യഥാസമയം ലഭിക്കുന്നതായും സുപ്രീംകമ്മിറ്റിയുടെ അഞ്ചാമത് വാര്‍ഷിക തൊഴിലാളി ക്ഷേമപുരോഗതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞവര്‍ഷം ഫെബ്രുവരി മുതല്‍ ഡിസംബര്‍വരെയുള്ള പ്രവര്‍ത്തനങ്ങളും സാഹചര്യങ്ങളും പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. തൊഴിലാളികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. ഖത്തര്‍ 2022 ലോകകപ്പിനായുള്ള അടിസ്ഥാന സൗകര്യങ്ങളും പദ്ധതികളും വികസിപ്പിക്കുന്നതിനായി നിരവധി തൊഴിലാളികളാണ് പ്രവര്‍ത്തിക്കുന്നത്.
തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി നിരവധി നടപടികളാണ് ഇക്കാലയളവില്‍ സുപ്രീംകമ്മിറ്റി കൈക്കൊണ്ടിട്ടുള്ളത്. ഇക്കാര്യങ്ങളും സുുപ്രീംകമ്മിറ്റി നേരിട്ട വെല്ലുവിളികളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. തൊഴിലാളി ക്ഷേമ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഗുണപരമായ പ്രവണതയാണ് ഈ കാലയളവിലുണ്ടായത്. കഴിഞ്ഞവര്‍ഷം തൊഴിലാളി ക്ഷേമ മാനദണ്ഡങ്ങളുടെ പ്രയോജനം 23,164 സുപ്രീംകമ്മിറ്റി തൊഴിലാളികള്‍ക്കും 10,140 സുപ്രീംകമ്മിറ്റി ഇതര തൊഴിലാളികള്‍ക്കും ലഭിച്ചു. ഭരണ വികസന, തൊഴില്‍, സാമൂഹിക കാര്യ മന്ത്രാലയവും അന്താരാഷ്ട്ര തൊഴില്‍ സംഘടനയും നാല് തൊഴിലാളി ക്ഷേമ ഫോറങ്ങളുടെ(ഡബ്ല്യുഡബ്ല്യുഎഫ്) തെരഞ്ഞെടുപ്പുകളിലും യോഗങ്ങളിലും പങ്കെടുത്തു. ഖത്തറിലുടനീളം തൊഴിലാളി ക്ഷേമഫോറങ്ങള്‍ വ്യാപിപ്പിക്കുന്നത് പരിഗണനയിലുണ്ട്.
സുപ്രീംകമ്മിറ്റിയുടെ യൂണിവേഴ്‌സല്‍ റീഇംബേഴ്‌സ്‌മെന്റ് സ്‌കീം പ്രകാരം 220 കരാറുകാരും ഒസിപികളും റിക്രൂട്ട് ചെയ്യുമ്പോഴും ഖത്തറിലേക്ക് കൊണ്ടുവരുമ്പോഴും തൊഴിലാളികള്‍ വഹിച്ച ചെലവുകള്‍ തിരിച്ചടക്കാന്‍ സമ്മതിച്ചിട്ടുണ്ട്. നിലവില്‍ 16,500 സുപ്രീംകമ്മിറ്റി തൊഴിലാളികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. ഗുണഭോക്താക്കളുടെ എണ്ണം 26,800ലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സുപ്രീംകമ്മിറ്റിയുടെ തൊഴിലിടങ്ങളിലെ തൊഴില്‍ശക്തിയുടെ 84ശതമാനം വരുമിത്. 11 കരാറുകാരുടെ കീഴിലുള്ള 18,000 സുപ്രീംകമ്മിറ്റി ഇതര തൊഴിലാളികള്‍ക്കും പ്രയോജനമാകുന്നുണ്ട്. 12 മുതല്‍ 36 മാസ കാലയളവിനുള്ളില്‍ ആകെ 44,900 തൊഴിലാളികള്‍ക്ക് 110 മില്യണിലധികം ഖത്തര്‍ റിയാലിന്റെ പ്രയോജനം ലഭിക്കും. അതേസമയം ലോകകപ്പ് പദ്ധതികളിലുടനീളം ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവയുടെ കര്‍ശനവും സുസ്ഥിരവുമായ സംസ്‌കാരം ഉറപ്പാക്കാനുള്ള ശ്രമങ്ങളും സുപ്രീംകമ്മിറ്റി തുടരുന്നുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

നാലു പതിറ്റാണ്ടു പ്രവാസത്തിന് വിരാമമിട്ട് അബ്ദുല്ല സ്വദേശത്തേക്ക്

തിരിച്ചറിയല്‍ കാര്‍ഡിന്റെ കാലാവധി കഴിഞ്ഞാലും ഖത്തറിലേക്ക് മടങ്ങിയെത്താം